യുക്രെയ്ൻ നഗരമായ ഒഡേസയിൽ റഷ്യയുടെ​ മിസൈൽ ആക്രമണം

കിയവ്: കരിങ്കടലിൽ യുക്രെയ്ന്റെ ഏറ്റവും വലിയ തുറമുഖം സ്ഥിതി ചെയ്യുന്ന ഒഡേസ പട്ടണത്തിൽ അഗ്നി വർഷിച്ച് റഷ്യ. കിയവ് വിട്ട് തെക്കൻ മേഖലയിൽ റഷ്യൻ സേന നിയന്ത്രണം കടുപ്പിക്കുന്നതായി യുക്രെയ്ൻ ആരോപിച്ചതിനു പിന്നാലെയാണ് ഞായറാഴ്ച കനത്ത വ്യോമാക്രമണം.

ഒഡേസ തുറമുഖത്തോടു ചേർന്ന വ്യവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. ചില മിസൈലുകൾ നിർവീര്യമാക്കിയെങ്കിലും മറ്റുള്ളവ തന്ത്ര​പ്രധാന കേന്ദ്രങ്ങളിൽ പതിച്ചു. യുക്രെയ്ൻ സേന ഉപയോഗിച്ച എണ്ണ സംസ്കരണശാല തകർത്തതായാണ് റഷ്യൻ അവകാശവാദം. മൂന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളും ചാരമായി. ആളപായം അറിവായിട്ടില്ല. യുക്രെയ്ൻ നാവിക സേനയുടെ പ്രധാന കേന്ദ്രമാണ് ഒഡേസ.

തലസ്ഥാന നഗരമായ കിയവ് ഉൾപ്പെട്ട വടക്കൻ മേഖലയിൽനിന്ന് റഷ്യ സൈന്യത്തെ പിൻവലിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തെക്കൻ മേഖലയിൽ നിയന്ത്രണം പൂർണമാക്കാൻ ലക്ഷ്യമിട്ടാണ് പിന്മാറ്റമെന്നും സൂചനയുണ്ട്. കിയവിന്റെ പരിസരങ്ങളിൽനിന്ന് റഷ്യ പിൻമാറ്റം പൂർത്തിയാക്കിയതോടെ തലസ്ഥാന നഗരത്തിൽ പൂർണ നിയന്ത്രണം പിടിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.

ഇർപിൻ, ബുച്ച, ഹോസ്റ്റോമെൽ പട്ടണങ്ങളും കിയവ് മേഖലയും റഷ്യൻ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രമാക്കിയതായി ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ബുച്ചയിൽ 280 പേരുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ സംസ്കരിച്ചതായും പട്ടണത്തിന്‍റെ തെരുവുകളിൽ മൃതദേഹങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും മേയർ അറിയിച്ചു.

Tags:    
News Summary - Russia launches missile strike on Ukrainian city of Odessa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.