ഷെല്ലാക്രമണത്തിൽ സൈനിക പോസ്റ്റ് തകർന്നതായി റഷ്യ; നിഷേധിച്ച് യുക്രെയ്ൻ

യുക്രെയ്ന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യയുടെ ആരോപണം. റഷ്യ- യുക്രെയ്ൻ അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ അകലെ റോസ്‌തോവ് മേഖലയിലാണ് സംഭവം. സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നതായും ആളപായമൊന്നുമുണ്ടായില്ലെന്നും റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവിസിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ, സംഭവം നിഷേധിച്ച് യുക്രെയ്ൻ അധികൃതർ രംഗത്തെത്തി. അതിർത്തിയിലെ സംഘർഷത്തിന് കോപ്പുകൂട്ടാനായി റഷ്യ വ്യാജ വാർത്തകൾ നിർമിക്കുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. 'അവർ വ്യത്യസ്ത പ്രകോപനങ്ങൾ നടത്തുകയും എല്ലാ ദിവസവും വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ വ്യാജ വാർത്തകൾ നിർമിക്കുന്നത് തടയാൻ ഞങ്ങൾക്ക് കഴിയില്ല. പക്ഷേ, സാധാരണക്കാർക്കുനേരെ വെടിയുതിർക്കില്ലെന്ന് ഉറപ്പുനൽകുകയാണ്' -യുക്രെയ്ൻ അധികൃതർ അറിയിച്ചു.

ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ എഫ്.എസ്.ബി പുറത്തുവിട്ടിരുന്നു. ഒരു ഒറ്റമുറി കെട്ടിടവും ചിതറിക്കിടക്കുന്ന റഷ്യന്‍ പതാകയുടെ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.

യുക്രെയ്ന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രെയ്ന്‍ സൈന്യം ഇടയ്ക്കിടെ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു.

നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രെയ്നിൽനിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ തിരിച്ചുപോകണമെന്നാണ് ഇന്ത്യൻ എംബസി നല്‍കുന്ന നിര്‍ദേശം. 

Tags:    
News Summary - Russia says military post destroyed in shelling; Ukraine denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.