യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈനികരെ റഷ്യ പിൻവലിച്ചു

കിയവ്: യുക്രെയ്ൻ സംഘർഷം അയയുന്നതിന്റെ സൂചന നൽകി, അതിർത്തിയിൽനിന്ന് റഷ്യ ഒരു വിഭാഗം സൈനികരെ പിൻവലിച്ചു. സൈനികാഭ്യാസത്തിൽ പ​​ങ്കെടുക്കുന്ന യൂനിറ്റുകളിൽ ചിലത് ബാരക്കുകളിലേക്ക് മടങ്ങുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, എത്ര സൈനികരെയാണ് മുന്നണിയിൽനിന്ന് പിൻവലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ 1.30 ലക്ഷം സൈനികരെയാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്.

സൈനിക വാഹനങ്ങളും ടാങ്കുകളും തിരിച്ചു​പോകുന്നതിന്റെ ദൃശ്യങ്ങളും ചില ചാനലുകൾ പുറത്തുവിട്ടു. ​സൈനിക പിന്മാറ്റത്തിന്റെ വാർത്തകൾക്കു പിന്നാലെ ഓഹരി വിപണികൾ തിരിച്ചുകയറിയെങ്കിലും സംശയത്തോടെയായിരുന്നു യുക്രെയ്നിന്റെ പ്രതികരണം. റഷ്യ പതിവായി വ്യത്യസ്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണെന്നും അതുകൊണ്ടുതന്നെ കേൾക്കുന്നതൊന്നും വിശ്വസിക്കേ​ണ്ടെന്നതാണ് തങ്ങളുടെ പൊതുനയമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ വ്യക്തമാക്കി.

കാണുന്നതു മാത്രമേ ഞങ്ങൾ വിശ്വസിക്കൂ. ​സൈനികർ പിന്മാറുന്നതു കണ്ടാൽ മാത്രം യുദ്ധഭീതി ഒഴിയുന്നുവെന്ന് കണക്കുകൂട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി മോസ്കോയിലെത്തിയ ജർമൻ ചാൻസലർ ഒലഫ് ഷോൾസ് റഷ്യൻ പ്രസിഡന്റ് വ്​ളാദിമിർ പുടിനു​മായി കൂടിക്കാഴ്ച നടത്തി. കടുംകൈയിൽനിന്ന് പുടിനെ അനുനയിപ്പിച്ച് പിന്മാറ്റുകയെന്നതാണ് ഷോൾസിന്റെ ദൗത്യം. പാശ്ചാത്യ ശക്തികൾ ചർച്ചയുടെ വാതിലുകൾ റഷ്യക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പക്ഷേ, യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ആക്രമണത്തിന് തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയും ആവർത്തിച്ചു.

Tags:    
News Summary - Russia says some troops pull back from near Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.