യുക്രെയ്ൻ ആക്രമണത്തിൽനിന്ന്റഷ്യ പിന്തിരിയണം -ബ്രിട്ടൻ

മോസ്കോ: മുൻ സോവിയറ്റ് യൂനിയൻ രാജ്യമായ യുക്രെയ്ൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം നടത്തിയതോടെ മേഖലയിൽ ഉടലെടുത്ത സംഘർഷത്തിന് റഷ്യ അയവുവരുത്തണമെന്ന് ബ്രിട്ടീഷ് നയതന്ത്രപ്രതിനിധികൾ. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ആവർത്തിച്ച് മുന്നറിയിപ്പു നൽകി. യുക്രെയ്നി​ന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കാനും മേഖലയിലെ സംഘർഷത്തിന് പരിഹാരം കാണാനും റഷ്യ തയാറാകണമെന്നും ട്രൂസ് ആവശ്യപ്പെട്ടു. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ ക്ലാസ് ആവശ്യമില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് താക്കീതി​ന്‍റെ സ്വരത്തിൽ മറുപടി നൽകി. അതിർത്തിയിൽ ലക്ഷത്തിലേറെ സൈനികരടക്കം വൻ സന്നാഹമാണ് റഷ്യ സജ്ജമാക്കിയിട്ടുള്ളത്. യുക്രെയ്ൻ ഉൾപ്പെടെയുള്ള മുൻ സോവിയറ്റ് രാഷ്ട്രങ്ങ​ൾക്ക് നാറ്റോ അംഗത്വം നൽകരുതെന്നും ആയുധം നൽകരുതെന്നും കിഴക്കൻ യൂറോപ്പിലെ സൈനികരെ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ പ്രധാന ആവശ്യങ്ങൾ. ഇത് യു.എസും നാറ്റോയും തള്ളിയിരുന്നു.

അതിനിടെ, ബെലറൂസുമായുള്ള റഷ്യയുടെ സൈനികാഭ്യാസം തുടരുകയാണ്. ബെലറൂസ് അതിർത്തിയിൽ നിന്ന് 75 മൈൽ ദൂരത്താണ് യു​ക്രെയ്ൻ തലസ്ഥാനമായ കിയവ്. അതിനാൽ, യുക്രെയ്ൻ ആ​ക്രമിക്കാനുള്ള തയാറെടുപ്പി​ന്‍റെ ഭാഗമായാണ് സൈനികാഭ്യാസമെന്നാണ് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിലയിരുത്തൽ. യുദ്ധസമാന സാഹചര്യത്തിന് അയവുവരുത്താൻ ​ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ റഷ്യയിലും യുക്രെയ്നിലുമെത്തി ചർച്ച നടത്തിയിരുന്നു. ഫെബ്രുവരി 14-15 തീയതികളിൽ ജർമൻ ചാൻസലർ ഒലഫ് ഷോൾസും യുക്രെയ്ൻ സന്ദർശിക്കും.

യുദ്ധസമാന സാഹചര്യം മുൻനിർത്തി ആയുധങ്ങളടക്കമുള്ള വൻ സൈനിക സന്നാഹം വർധിപ്പിക്കുകയാണ് യുക്രെയ്നും. ദിവസങ്ങൾക്കകം ലിത്വേനിയയിൽനിന്ന് സ്ട്രിങ്ങർ മിസൈലുകൾ യുക്രെയ്നിലെത്തും.

Tags:    
News Summary - Russia should withdraw from Ukraine attack - Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.