വാഴ്സോ (പോളണ്ട്): റഷ്യയില്‍നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന പ്രകൃതിവാതക പൈപ്പ് ലൈനുകളിൽ ചോര്‍ച്ച. റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍നിന്ന് ബാള്‍ട്ടിക് കടലിലൂടെ ജർമനിയിലെ ഗ്രിഫ്സ്വാള്‍ഡ് നഗരത്തിലേക്ക് എത്തുന്ന നോര്‍ഡ് സ്ട്രീമിന്റെ ഒന്ന്, രണ്ട് പൈപ്പ് ലൈനുകളിലാണ് ചോർച്ച റിപ്പോർട്ട് ചെയ്തത്.
ചോര്‍ച്ച റഷ്യൻ നിർമിതിയാണെന്നും ഭീകരാക്രമണമാണെന്നും യുക്രെയ്ന് പ്രസിഡൻറിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. ചോർച്ച അട്ടിമറിയാണെന്ന് പോളണ്ടിലെയും ഡെൻമാർക്കിലെയും നേതാക്കളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അട്ടിമറിയാണെന്ന് സംശയിക്കുന്നതായി യൂറോപ്യൻ യൂനിയൻ വിദേശകാര്യ നയ മേധാവി ജോസപ് ബൊറെൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് എന്നിവർ പറഞ്ഞു.
ചോര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയില്‍ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി സ്വീഡിഷ് ദേശീയ ഭൂകമ്പ ശൃംഖല അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമനിവരെ ബാൾട്ടിക് കടലിനടിയിൽ 1,200 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈന്‍ ശൃംഖല. ഒന്ന് കഴിഞ്ഞ ആഗസ്റ്റില്‍ റഷ്യ അറ്റകുറ്റപ്പണികൾക്കായി അടച്ചു. പിന്നീട് ഇതുവരെയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല.
രണ്ടാം പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം, യുക്രെയ്ന് അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യ നിർത്തിവെച്ചിരുന്നു. നിലവില്‍ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവർത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.