വാഷിങ്ടൺ: സ്വകാര്യതയിൽ വിട്ടുവീഴ്ചയെന്ന വാട്സാപ്പ് നയത്തിൽ പ്രതിഷേധിച്ച് കൂടുവിട്ട ഉപയോക്താക്കൾ കൂട്ടമായി എത്തിയതോടെ സമൂഹ മാധ്യമമായ 'സിഗ്നൽ' പ്രവർത്തനം താളംതെറ്റി. മൊബൈൽ, ഡെസ്ക്ടോപ് എന്നിവ ഉപയോഗിച്ചെല്ലാം ആപ് ഉപയോഗിക്കുന്നവർക്ക് സന്ദേശം അയക്കൽ ഉൾപെടെ വൈകുകയാണ്. മണിക്കൂറുകളോളമാണ് തടസ്സം നേരിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുതിയ സ്വകാര്യത നയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതോടെയാണ് ദിവസങ്ങൾക്കിടെ ഫേസ്ബുക്കിനു കീഴിലെ വാട്സാപ്പിന് ദശലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായത്. ഇവരിലേറെയും കൂടുതൽ സുരക്ഷിതമെന്ന് പേരുള്ള 'സിഗ്നലി'ലെത്തിയതോടെ പ്രവർത്തനം മന്ദതയിലാകുകയായിരുന്നു. റെക്കോഡ് വേഗത്തിൽ പുതിയ സെർവറുകൾ സ്ഥാപിച്ച് കാര്യങ്ങൾ പഴയ നിലയാക്കുന്നത് തുടരുകയാണെന്ന് 'സിഗ്നൽ' ട്വിറ്ററിൽ കുറിച്ചു.
സിഗ്നലിനു പുറമെ ടെലഗ്രാം ആപ്പിലും ദശലക്ഷങ്ങളാണ് പുതിയതായി ചേർന്നത്. സ്വകാര്യ വിവരം ചോർത്താൻ വാട്സാപ്പ് ശ്രമം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു കൂട്ടമായ കൊഴിഞ്ഞുപോക്കും ചേക്കേറലും. സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വാട്സാപ്പിനെതിരെ പ്രചാരണം തകൃതിയാണ്. യു.കെ, യൂറോപ് എന്നിവിടങ്ങളിൽ മാത്രമേ വിവരം സുരക്ഷിതമായി നിലനിർത്താനാകൂ എന്നാണ് വാട്സാപ്പ് നിലപാട്. ഫേസ്ബുക്കുമായി വിവരം പങ്കുവെക്കുന്നത് പുതിയതല്ലെന്നും പുതിയ സന്ദേശം ആശയക്കൂഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.
200 കോടി ഉപയോക്താക്കളാണ് നേരത്തെ വാട്സാപ്പിനുണ്ടായിരുന്നത്. പ്രതിഷേധം കനത്തതോടെ ഫെബ്രുവരി രണ്ടാം വാരം പുതിയ നയം നടപ്പാക്കുന്നത് മേയ് 15 വരെ നീട്ടിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം വാട്സാപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള ആഴ്ചയിൽ 246,000 പേർ 'സിഗ്നൽ' ഡൗൺലോഡ് ചെയ്തിടത്ത് പ്രഖ്യാപനം വന്നതോടെ 88 ലക്ഷമായി ഉയർന്നു. ഇന്ത്യയിൽ മാത്രം 12,000 ആയിരുന്നത് 27 ലക്ഷമായി.
ഉപയോക്താക്കൾ 50 കോടിയായി ഉയർന്നതായി കഴിഞ്ഞ ബുധനാഴ്ച ടെലഗ്രാം വ്യക്തമാക്കിയിരുന്നു. മറുവശത്ത്, വാട്സാപ്പ് ഡൗൺലോഡ് ചെയ്യുന്നത് കുത്തനെ ഇടിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.