കിയവ്: അടുത്ത ആറു മാസത്തേക്ക് യൂറോപ്യൻ യൂനിയന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ന് യൂറോപ്യൻ യൂനിയന്റെ പിന്തുണ അറിയിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
അതിനിടെ, രാജ്യത്തിന്റെ കിഴക്ക്, തെക്കൻ മേഖലകളിലുണ്ടായ റഷ്യൻ ഷെൽ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച പോളണ്ടിൽനിന്നാണ് സാഞ്ചസ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ എത്തിയത്. യുക്രെയ്ൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തി. ‘‘എത്രകാലം വേണമെങ്കിലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും’’ -യുക്രെയ്ൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സാഞ്ചസ് പറഞ്ഞു. നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ റഷ്യൻ അധിനിവേശത്തിനെതിരെ യൂറോപ്യൻ യൂനിയന്റെയും യൂറോപ്പിന്റെയും പിന്തുണ അറിയിക്കുന്നതിനാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊനെറ്റ്സ്ക് മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് മൂന്നു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേഖലയിലെ മൂന്നു പ്രദേശങ്ങളിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. ഖേഴ്സണിലുണ്ടായ ആക്രമണത്തിലാണ് കുട്ടി ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.