കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭം ചെറുക്കാനുള്ള ശ്രീലങ്കൻ സർക്കാറിന്റെ ശ്രമം ഫലംകണ്ടില്ല. നിർദിഷ്ട ഐക്യസർക്കാറിൽ ചേരാനുള്ള പ്രസിഡന്റ് ഗോടബയ രാജപക്സയുടെ ക്ഷണം പ്രതിപക്ഷ പാർട്ടികൾ തള്ളി. ഈ നീക്കം തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റിന്റെ നിർദേശം വന്ന ഉടൻ, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ യുനൈറ്റഡ് പീപ്ൾസ് ഫോഴ്സ് തള്ളുകയായിരുന്നു. കേവലം നേതൃത്വമാറ്റമല്ല വേണ്ടതെന്നും പുതിയ രാഷ്ട്രീയ മാതൃകയാണ് ആവശ്യമെന്നും പാർട്ടി നേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു. തമിൾ പീപ്ൾസ് അലയൻസും ശ്രീലങ്ക മുസ്‍ലിം കോൺഗ്രസും സർക്കാറിൽ ചേരില്ലെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം സർക്കാറിനെതിരെ പ്രതിഷേധമുയർത്തിയതോടെ മന്ത്രിമാർ ഒന്നടങ്കം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ നാലു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രാജപക്സ കുടുംബത്തിൽനിന്ന് ആരുമില്ല. പ്രസിഡന്റിന്റെ സഹോദരനായ ധനമന്ത്രി ബേസിൽ രാജപക്സയെ ഒഴിവാക്കി. നിയമ-പാർലമെന്ററി മുൻ മന്ത്രി അലി സബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ. പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകുമെന്നാണ് സർക്കാർ അറിയിപ്പ്. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് നടപടി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യമായ രക്ഷാപാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി (ഐ.എം.എഫ്) കൂടിക്കാഴ്ച നടത്താൻ ബേസിൽ രാജപക്സ യു.എസിലേക്ക് പോകാനിരിക്കുമ്പോഴാണ് രാജി. ഞായറാഴ്ച രാത്രി മഹിന്ദ രാജപക്സ ഒഴികെ 26 മന്ത്രിമാരും രാജിവെച്ചിരുന്നു. മഹിന്ദ രാജപക്സ രാജിവെച്ചതായി അഭ്യൂഹം ഉയർന്നിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.
അതിനിടെ, സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാലും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും രാജിവെച്ച പശ്ചാത്തലത്തിൽ ഗവർണർ സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഒരാഴ്ചക്കകം ദേശീയ സർക്കാർ രൂപവത്കരിച്ചില്ലെങ്കിൽ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രസിഡന്റിന് നേരത്തേ കത്തുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.