പ്രാഗ്: ചെക് റിപ്പബ്ലിക്കുകാർ എന്നേ മറന്നതാണ് പഴയ സോവ്യറ്റ് ആധിപത്യവും അക്കാലത്തെ കൊടിയ പീഡനങ്ങളുടെ തുല്യതയില്ലാ കഥകളും. ശീതയുദ്ധം മൂർധന്യത്തിൽ നിന്ന ഘട്ടത്തിൽ പ്രാഗിലുയർന്ന കൂറ്റൻ ജോസഫ് സ്റ്റലിൻ പ്രതിമ ഏറെ കാലം രാജ്യത്തെ വേട്ടായാടാൻ ഉണ്ടായിരുന്നില്ലെങ്കിലും ലെറ്റ്ന പാർക്കിലെ ആ ഭാഗം ഇപ്പോഴും പഴയ ഭീതി പങ്കുവെച്ച് ഭാഗികമായെങ്കിലും ബാക്കികിടപ്പുണ്ട്. പ്രതിമ തകർത്ത്, 60 വർഷം കഴിഞ്ഞ് നടത്തിയ ഗവേഷണങ്ങളാണ് അതിനോടു ചേർന്ന് നിലനിന്ന വിശാലമായ ക്യാമ്പുകളെ കുറിച്ച് സൂചന നൽകുന്നത്. അവയിൽ തടവിലെന്ന പോലെ കഴിഞ്ഞവരെ കുറിച്ച് സൂചനകളും പുതുതായി പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്.
1948ലാണ് ചെക്കോസ്ലാവാക്യ സോവ്യറ്റ് റഷ്യക്കു കീഴിലായിരുന്നത്. അന്ന് റഷ്യ ഭരിച്ച സ്റ്റാലിൻ പിന്നീട് ഈ രാജ്യത്ത് ചെയ്തുകൂട്ടിയ ഭീകരതകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവയിലൊന്നും ജനപ്രിയമായ ലെറ്റ്ന പാർക്കിനോടു ചേർന്ന് അന്നുണ്ടായിരുന്ന ക്യാമ്പുകളെ കുറിച്ച് സൂചനകളില്ല. ചരിത്രകാരന്മാർ എവിടെയും ക്യാമ്പുകളെ കുറിച്ച് സൂചിപ്പിക്കാതെ പോയതെന്തുകൊണ്ടാകും എന്നതാണ് പ്രധാന ചോദ്യം.
എന്നാൽ, സ്റ്റാലിൻ മരിച്ച് രണ്ടു വർഷം കഴിഞ്ഞ് പ്രതിമ 1955ൽ അനാഛാദനം ചെയ്യും മുെമ്പ ഈ ക്യാമ്പുകളും പൂർണമായി തുടച്ചുനീക്കിയിരുന്നുവെന്നാണ് കരുതുന്നത്. ബാക്കിവെച്ച അടിത്തറ മാത്രമാണ് ചിലതെങ്കിലും അവശേഷിപ്പിച്ചത്. 1989 ലെ വെൽവെറ്റ് വിപ്ലവത്തോടെ കമ്യൂണിസ്റ്റ് ഭരണം പടിയിറങ്ങിയതിൽപിന്നെയാണ് ഇവ തേടിയുള്ള അന്വേഷണങ്ങൾ വൈകിയാണെങ്കിലും തുടങ്ങിയത്. അടുത്തിടെ ബൊഹീമിയയിൽ സമാനമായ ഒരു ക്യാമ്പ് കണ്ടെടുത്തിരുന്നു.
നാസികൾ ജർമനിയിൽ സ്ഥാപിച്ചതിനു സമാനമായ ക്യാമ്പുകളായിരുന്നു ഇവയെന്നാണ് കരുതുന്നത്. മരത്തിൽനിർമിച്ച മൂന്നു ബാരക്കുകളിലായി നിരവധി പേരെ പാർച്ചിട്ടുണ്ടാകണം. കമ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയെ എതിർത്തവരെ കൂട്ടമായി എത്തിച്ച് കോൺസൻട്രേഷൻ ക്യാമ്പുകളിലെന്ന പോലെ പാർപ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പട്ടാളക്കാർ മാത്രമല്ല, വിമത ശബ്ദമുയർത്തിയ സാധാരണക്കാരും ഇവിടെ അടക്കപ്പെട്ടതായാണ് നിഗമനം.
ചരിത്രം രേഖപ്പെടുത്തിയ പ്രേഗിലെ സ്റ്റാലിൻ പ്രതിമ തന്നെ രാജ്യത്തെ മുൾമുനയിൽ നിർത്തിയതായിരുന്നു. ഇതിന്‍റെ ശിൽപിയായിരുന്ന ഒറ്റാകർ സ്വെക് പ്രതിമ അനാഛാദനം ചെയ്യുന്നതിന് നാളുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തു. പിൻഗാമിയായി എത്തിയ നികിത ക്രൂഷ്ചേവ് സ്റ്റാലിന്റെ ചെയ്തികളെ തള്ളിപ്പറഞ്ഞതോടെ ഈ പ്രതിമക്കും ആയുസ്സേറെയുണ്ടായില്ല. മോസ്കോയിൽനിന്നുള്ള സമ്മർദങ്ങൾക്കൊടുവിൽ 1962ൽ തകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.