16കാരനും അമ്മയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തം കാര്യങ്ങൾ എപ്പോഴും മറ്റുള്ളവർക്കായി മാറ്റിവെക്കുന്ന അമ്മയെ തിരുത്താൻ ശ്രമിക്കുകയാണ് മകൻ. ഇടക്കെങ്കിലും സ്വയം സ്നേഹിക്കണമെന്നാണ്(സെൽഫ് ലൗവ്) ടീനേജുകാരനായ മകൻ അമ്മയെ ഉപദേശിക്കുന്നത്. മകന്റെ പേര് വാങ് നാൻഹോ എന്നാണ്. ചൈനയിലാണ് സംഭവം നടന്നത്.
കുട്ടിയുടെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മക്കൾക്കു വേണ്ടി എല്ലാം ത്യജിക്കേണ്ടവരാണ് രക്ഷിതാക്കളെന്ന പരമ്പരാഗത കാഴ്ചപ്പാടുകളെ കൂടിയാണ് വാങ് നാൻഹോ ചോദ്യം ചെയ്യുന്നത്. വീട്ടിൽ അമ്മയും കുട്ടിയും നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.
തനിക്കായി ചിലപ്പോൾ വില കൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ അസ്വസ്ഥയാകാറുണ്ടെന്ന കാര്യം അമ്മ സമ്മതിക്കുന്നു. പകരം മകനായി ആ പണം മാറ്റിവെക്കാനാണ് അമ്മക്ക് ഏറെയിഷ്ടം. അപ്പോൾ 'അമ്മേ നിങ്ങളുടെ ഈ ചിന്താഗതി അത്യന്തം അപകടകരമാണെന്നാണ്' മകന്റെ മുന്നറിയിപ്പ്. ആയിരം യുവാൻ വിലയുള്ള കോട്ടും 3000 യുവാൻ വിലയുള്ള ഫേസ് ക്രീമും നിങ്ങൾ അർഹിക്കുന്നുണ്ട്. ഇവ വാങ്ങുമ്പോൾ നിങ്ങൾക്ക് മാനസിക സമ്മർദം തോന്നുന്നുണ്ടെങ്കിൽ അത് അച്ഛന്റെയും എന്റെയും പ്രശ്നമാണ്. -എന്നാണ് കുട്ടി പറയുന്നത്.
ഷിൻജിയാങ് പ്രവിശ്യയിലെ നിങ്ബോയിലാണ് ഈ കുടുംബം താമസിക്കുന്നത്. പരമ്പരാഗത കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചാണ് ഇവിടെ കുടുംബങ്ങഹ താമസിക്കുന്നത്.
സ്വന്തം സന്തോഷം ബലികഴിച്ച് മറ്റുള്ളവർക്കായി ജീവിതം പാഴാക്കരുതെന്നാണ് അമ്മയെ മകൻ പഠിപ്പിക്കുന്ന പാഠം. അമ്മയെ പോലുള്ളവരാണ് ഈ ലോകത്ത് കൂടുതലുള്ളതെന്നും തനിക്ക് അറിയാമെന്നും മകൻ പറയുന്നു. എന്നാൽ അമ്മയിൽ നിന്ന് താൻ പഠിച്ച ഏറ്റവും വലിയ പാഠം അതൊന്നുമല്ലെന്നും നാൻഹോ ചൂണ്ടിക്കാട്ടി. മറിച്ച് ഏത് സാഹചര്യത്തിലും സന്തോഷം കണ്ടെത്താനുള്ള ശ്രമങ്ങളും ഏറ്റവും മികച്ച് ചെയ്യാനുള്ള പ്രതിബദ്ധതയാണെന്നും മകൻ പറഞ്ഞുവെക്കുന്നു. കുട്ടിക്കാലത്തെ ഒരു സംഭവം വിവരിച്ചുകൊണ്ടാണ് മകൻ സംഭാഷണം അവസാനിപ്പിക്കുന്നത്.
''അക്കാലത്ത് പിയാനോ വായിക്കാൻ അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. എല്ലാ വീക്കെൻഡുകളിലും അത് പഠിച്ചെടുക്കാൻ അമ്മ കഠിന പ്രയത്നം നടത്തും. അമ്മയുടെ പാത പിന്തുടർന്ന് ഞാനും പിയാനോ പഠിച്ചു. നമ്മളിലാരും അതിൽ അഗ്രഗണ്യരായില്ലെങ്കിൽ നമ്മുടെ വിരൽത്തുമ്പുകളിൽ നിന്ന് പിറന്നുവീണ കുഞ്ഞു മെലഡികളാണ് ഇപ്പോഴും എന്റെ ഓർമകളിലെ ഏറ്റവും വലിയ സംഗീതം.
അതുപോലെ സ്വന്തം കാര്യങ്ങൾക്ക് ചെലവഴിക്കേണ്ട പണം പോലും മക്കൾക്കായി മാറ്റിവെക്കുന്നതിനെയും കുട്ടി ചോദ്യം ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് സ്വന്തം ജീവിതത്തേക്കാൾ രക്ഷിതാക്കൾ മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതെന്നും അവൻ ചോദിക്കുന്നു.
അമ്മ തന്നേക്കാൾ വലിയ വിപ്ലവകാരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ ചെറിയ സംഭാഷണം കൊണ്ടെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിച്ചാൽ വലിയ കാര്യമാണെന്നും മകൻ പറഞ്ഞുവെക്കുന്നു. എല്ലാ പ്രതിസന്ധികളിലും താൻ ഒപ്പമുണ്ടാകുമെന്ന് വാക്കു കൊടുക്കുന്ന മകൻ, എന്നാൽ ജീവിതത്തിന്റെ പ്രകാശം കണ്ടെത്തേണ്ടത് സ്വന്തം നിലക്കാകണമെന്നും സ്വയം സ്നേഹിക്കാൻ ശ്രമിക്കണമെന്നും പറഞ്ഞാണ് മകൻ സംഭാഷണം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.