നായ്പിഡോ: മ്യാൻമറിലെ സൈനിക ഭരണകൂടം ജയിലിൽ കിടക്കുന്ന ഓങ് സാൻ സൂചിക്ക് വൈദ്യസഹായവും ഭക്ഷണവും നിഷേധിക്കുകയാണെന്ന് അവരുടെ രാഷ്ട്രീയ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി ആരോപിച്ചു. 2021 ഫെബ്രുവരിയിൽ സൈനിക ജനറൽമാർ അധികാരം പിടിച്ചെടുത്തതു മുതൽ സൂചി തടങ്കലിലാണ്.
78 കാരിയായ സൂചിക്ക് തലകറക്കവും ഛർദ്ദിയും ഉണ്ടെന്നും പല്ലിലെ അണുബാധ കാരണം ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവർക്ക് മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല എന്നതിൽ തങ്ങൾക്ക് പ്രത്യേക ആശങ്കയുണ്ട്, അവരുടെ ജീവൻ അപകടത്തിലാക്കാനുള്ള ഉദ്ദേശ്യത്തോടെ ആരോഗ്യകരമായ ഭക്ഷണമോ താമസസൗകര്യമോ നൽകുന്നില്ല, നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താക്കൾ പറഞ്ഞു.
സൂചിയെ മൊത്തം 33 വർഷം തടവിനായിരുന്നു ശിക്ഷിച്ചത്. പിന്നീട് ശിക്ഷ ഭാഗികമായി കുറച്ചിരുന്നു. ഭരണകൂടം ചികിത്സ നിഷേധിക്കുകയാണെന്ന് സൂചിയുടെ യു.കെ യിലുള്ള മകൻ കഴിഞ്ഞ ആഴ്ച ബി.ബി.സിയോട് പറഞ്ഞിരുന്നു. അതിനിടെ, സൂചിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ സൈനിക ഭരണകൂടം നിഷേധിച്ചു.
അതിനിടെ സൂചിയെ രഹസ്യ സ്ഥലങ്ങളിൽ ബന്ദിയാക്കുകയാണെന്ന് നാഷനൽ ലീഗ് ഫോർ ഡെമോക്രസി പറഞ്ഞു. സൂകിയെയും മ്യാൻമറിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പാർട്ടി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.