അലപ്പോ: കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തി യു.എസ്. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പെന്റഗൺ അറിയിച്ചു. ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകിയതാണെന്നും പെന്റഗൺ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ നാലരയോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയൻ നഗരമായ അബുകമലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ ആയുധപ്പുരകളാണ് യു.എസ് ലക്ഷ്യമിട്ടത്. എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
കൃത്യതയോടെയുളള പ്രതിരോധമാണ് നടത്തിയതെന്നും ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അറിയിച്ചു. ഒക്ടോബർ 17 മുതൽ ഇറാൻ തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെന്നാണ് യു.എസിന്റെ ആരോപണം.
ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്.
അതിനിടെ ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.