ലാഹോർ: പാകിസ്താനിൽ വ്യാജ സർട്ടിഫിക്കറ്റുമായി പൈലറ്റുമാർ ജോലി ചെയ്തത് വർഷങ്ങളോളം. ദേശീയ വിമാന കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലാണ് വ്യാജ സർട്ടിഫിക്കറ്റുമായി രണ്ടുപേർ ജോലി ചെയ്തതെന്ന് പാകിസ്താൻ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു. ഖാസാൻ അജിയാസ് ദൂദെ, മുഹ്സിൻ അലി എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റുമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈനിലേക്ക് ജോലിക്കെത്തിയത്.
1995, 2006 വർഷങ്ങളിലായിരുന്നു ഇരുവരും ജോലിക്കെത്തിയത്. പരിശോധനയിൽ ഇരുവരുടേയും സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പോലെ നിരവധി പേർ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയതായി കണ്ടെത്തിയിട്ടുണ്ട്.
രണ്ട് പൈലറ്റുമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതി മുമ്പാകെ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവർക്കുമെതിരെ ജഡ്ജി തൻവീർ അഹമ്മദ് ഷെയ്ഖ് ജയിൽ ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
നേരത്തെ വ്യോമയാന മന്ത്രിയായിരുന്നു ഗുലാം സർവാർ ഖാൻ പാകിസ്താനിലെ പൈലറ്റുമാരുടെ ലൈസൻസിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ്, പാകിസ്താൻ പീപ്പിൾസ് പാർട്ട് എന്നിവർ പൈലറ്റ് ഉൾപ്പടെയുള്ള 658 ജീവനക്കാരെ വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്ക് നിയമിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതേതുടർന്ന് നിരവധി വിമാനകമ്പനികൾ പാകിസ്താനിൽ നിന്നുള്ള പൈലറ്റുമാരെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. യുറോപ്യൻ യൂണിയൻ സേഫ്റ്റി ഏജൻസി, യു.കെ തുടങ്ങിയ രാജ്യങ്ങൾ പാകിസ്താനിൽ നിന്നുള്ള വിമാന കമ്പനിയുടെ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.