കിയവ്: യുക്രെയ്നിൽ റഷ്യ പിടിച്ചടക്കിയ തെക്കുകിഴക്കൻ മേഖലയിലെ സപോറിഷ്യ ആണവ നിലയം ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുനൽകി ഇരു രാജ്യങ്ങളും. നിലയത്തിലെ നിരവധി കെട്ടിടങ്ങൾക്കുമുകളിൽ സ്ഫോടക വസ്തുക്കൾക്ക് സമാനമായ വസ്തുക്കൾ വെച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു. മൂന്നാമത്തെയും നാലാമത്തെയും വൈദ്യുതി യൂനിറ്റുകൾക്ക് മുകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്ന് യുക്രെയ്ൻ സായുധസേനാ മേധാവി പ്രസ്താവനയിൽ പറഞ്ഞു. ഇവ ആണവ നിലയങ്ങൾ തകർക്കില്ലെങ്കിലും യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയെന്ന ചിത്രം നൽകുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ ദുരന്തം വിതക്കുന്ന പ്രകോപനമാണ് യുക്രെയ്ൻ സൈന്യം നടത്തുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് കുറ്റപ്പെടുത്തി. മുമ്പും സമാനമായി ഈ നിലയത്തെ മുന്നിൽനിർത്തി ഇരു വിഭാഗവും മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഏറ്റവുമൊടുവിൽ, നിലയത്തിൽനിന്ന് ആണവ വികിരണം പുറന്തള്ളാൻ റഷ്യ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ആരോപിച്ചു. സപോറിഷ്യ നിലയത്തിനുചുറ്റും യുക്രെയ്ൻ സേന പ്രത്യാക്രമണം ശക്തമാക്കിയതിനിടെയാണ് ഇരുവിഭാഗവും രംഗത്തെത്തിയത്.
അധിനിവേശത്തിന്റെ ആരംഭത്തിൽതന്നെ റഷ്യ ആറ് യൂനിറ്റുകളുള്ള കൂറ്റൻ നിലയം കൈവശപ്പെടുത്തിയിരുന്നു. നിലയത്തിനകത്ത് ഷെല്ലാക്രമണം നടത്തിയെന്ന പരാതി ഇരുവിഭാഗവും ഏറെയായി പരസ്പരം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.