പോളിയോ വാക്സിൻ നൽകാൻ താൽക്കാലികമായി വെടിനിർത്തും; ഇസ്രായേലുമായി ധാരണയായെന്ന് ഡബ്യു.എച്ച്.ഒ

ഗസ്സ: പോളിയോ വാക്സിൻ നൽകാനായി ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായി വാക്സിനേഷൻ നടക്കാത്തതിനാൽ ഗസ്സയിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് വെടിനിർത്തലിനായി ഇസ്രായേലുമായി ചർച്ചകളും നടന്നിരുന്നു. ഇതിനൊടുവിലാണ് ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ തയാറായത്.

മൂന്ന് തവണയായി രാവിലെ ആറ് മണി മുതൽ മൂന്ന് വരെയായിരിക്കും വാക്സിൻ നൽകാനായി വെടിനിർത്തലുണ്ടാവുക. ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വെടിനിർത്തലുണ്ടാവും. ഗസ്സയിൽ മേഖല തിരിച്ചാവും വെടിനിർത്തൽ പ്രാബല്യത്തിൽ വരികയെന്നും ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെ പ്രതിനിധി റിക്ക് പീപെർകോൺ അറിയിച്ചു.

വാക്സിൻ നൽകുന്നതിന് ഇതാണ് ഏറ്റവും നല്ല വഴിയെന്ന് താൻ പറയുന്നില്ല. എന്നാൽ, ഏറ്റവും പ്രായോഗികമായൊരു വഴി ഇത് മാത്രമാണ്. ഇക്കാര്യത്തിൽ ​ഇസ്രായേലുമായി കരാറുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വയസ്സിൽ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ചക്കുള്ളിൽ വാക്സിൻ നൽകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഗസ്സയിലെത്തിക്കുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി റിക്ക് പീപെർകോൺ പറഞ്ഞു.

നേരത്തെ 25 വർഷത്തിനിടെ ആദ്യമായി ഗസ്സയിൽ പോളിയോ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പടെ മുന്നറിയിപ്പ് നൽകിയത്.

Tags:    
News Summary - UN says Israel agrees to pauses in Gaza fighting for polio vaccinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.