ഗസ്സ: വെസ്റ്റ് ബാങ്കിൽ നീണ്ട കാലയളവിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേൽ തുടങ്ങിയതിന് പിന്നാലെ തിരിച്ചടിച്ച് ഹമാസ്. വെസ്റ്റ്ബാങ്കിലെത്തിയ ഇസ്രായേൽ ബുൾഡോസറുകൾ ഹമാസ് പോരാളികൾ തകർക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. അൽ ജസീറയാണ് വിഡിയോ പുറത്ത് വിട്ടത്. അധിനിവേശ വെസ്റ്റ്ബാങ്കിലെത്തിയ രണ്ട് ബുൾഡോസറുകൾ ഹമാസ് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദൃശ്യത്തിൽ ജെനിനിൽ വെച്ച് ബുൾഡോസറുകളിലൊന്ന് ഹമാസ് പകൽവെളിച്ചതിൽ തകർക്കുകയായിരുന്നു. രാത്രി സമയത്ത് ബുൾഡോസർ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ, തുൽകാരം, നബ്ലൂസ്, തുബാസ് എന്നീ നഗരങ്ങളിൽ ഒരേസമയം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സൗദി സന്ദർശനം വെട്ടിച്ചുരുക്കി. ബുധനാഴ്ചതന്നെ അദ്ദേഹം വെസ്റ്റ് ബാങ്കിൽ തിരിച്ചെത്തി. ഇസ്രായേൽ ആക്രമണത്തെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു.
ഡ്രോണുകളും ബുൾഡോസറുകളുമായാണ് ഇസ്രായേൽ സൈന്യം എത്തിയത്. സൈനിക നടപടി ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് സൈന്യം പറഞ്ഞു. സൈനിക നടപടി നടക്കുന്ന മേഖലകളിൽ 80,000ഓളം ഫലസ്തീൻകാരാണ് കഴിയുന്നത്. വൻതോതിൽ സൈന്യം ജെനിൻ നഗരത്തിൽ പ്രവേശിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
ഇറാനിയൻ-ഇസ്ലാമിക് ഭീകര സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. വെസ്റ്റ് ബാങ്ക് ആക്രമണത്തെ യു.എൻ മനുഷ്യാവകാശ ഓഫിസ് അപലപിച്ചു. ജെനിൻ, തുൽകാരം, തുബാസ് എന്നിവിടങ്ങളിലെ ആശുപത്രികൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആംബുലൻസുകളെ ഇസ്രായേൽ സൈന്യം തടയുകയാണെന്ന് ആരോഗ്യ മന്ത്രാലയം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.