വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.
ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസന്റേയും ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനായിരുന്നു ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചത്.
1990കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കുന്ന സമയത്ത് സാൻഫ്രാൻസിസ്കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇവരുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്ന ആരോപണമാണ് പോസ്റ്റ് പങ്കുവെച്ച് ട്രംപ് ഉയർത്തുന്നത്.
അതേസമയം, നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പുതിയ കുരുക്കുമായി പ്രോസിക്യൂട്ടർമാർ രംഗത്തെത്തിയിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ട്രംപിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു. ഔദ്യോഗിക പദവിയിലിരുന്ന് ചെയ്ത കാര്യങ്ങൾക്ക് വിശാല നിയമ സംരക്ഷണമുണ്ടെന്ന സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ കുറ്റപത്രം സഹായിക്കുമെന്നാണ് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.