വാഷിങ്ടൺ ഡി.സി: തന്നെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കണമെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. കുറ്റംചുമത്തുകയാണെങ്കിൽ ക്രിമിനൽ നടപടി നേരിടുന്ന ആദ്യ മുൻ പ്രസിഡന്റാകും ഡോണൾഡ് ട്രംപ്. നേരത്തെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ട്രംപിന്‍റെ ആഹ്വാനപ്രകാരം അണികൾ തെരുവിലിറങ്ങിയതോടെ മുമ്പുണ്ടാകാത്ത വിധത്തിലുള്ള അക്രമമമാണ് യു.എസിൽ നടന്നത്. പാർലമെന്‍റ് കെട്ടിടം വരെ അക്രമികൾ കൈയേറിയിരുന്നു. ഈ പശ്ചാത്തലത്തിൽ കാപിറ്റോൾ പൊലീസ് ഉൾപ്പെടെ ജാഗ്രതയിലാണ്.
മാർച്ച് 21ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ശനിയാഴ്ച ഡോണൾഡ് ട്രംപ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധിക്കൂവെന്ന് അണികളെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന‌് 1,30,000 ഡോളർ (ഏകദേശം 1.07 കോടി രൂപ) നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ‌് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത‌് ഇവർ ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പ്രചാരണഫണ്ടില്‍ നിന്ന് പണംനല്‍കി വായടപ്പിച്ചതായുമാണ് ആരോപണം. ഇതിലാണ് അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തിൽ, പണം നൽകിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടിൽ നിന്നല്ലാണ് അവകാശപ്പെട്ടത്.
മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയായിരുന്നു ഇത്. തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എ.ബി.സി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റോമി ഡാനിയേൽ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകൻ സ്റ്റെഫാനിയുടെ അഭിഭാഷകൻ വഴി പണം കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.