ക്ഷയം എന്ന രോഗാവസ്ഥയെ ഇപ്പോഴും ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. കോവിഡ് പോലുള്ള പുതിയ പല രോഗങ്ങളുടെയും വരവ് ഭീതി വർധിക്കാൻ ഇടയായിട്ടുണ്ട്. ക്ഷയരോഗം ബാധിക്കുന്നവരെ അകറ്റി നിർത്തുന്ന മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സമൂഹത്തിന് ഈ രോഗത്തോടുള്ള ‘അവജ്ഞയും ഭയവും’ മാറിയിട്ടില്ല. ക്ഷയരോഗമുള്ള വിവരം പുറത്തു പറയാത്തവരും വീട്ടിൽ ആർക്കെങ്കിലും ഇതുണ്ടെങ്കിൽ മറച്ചുപിടിക്കുന്നവരും ഇപ്പോഴും ധാരാളമുണ്ട്. ഡബ്യൂ. എച്ച്.ഒ ആഗോള റിപ്പോർട്ട് പ്രകാരം 2021ൽ 21.4 ലക്ഷം ക്ഷയ രോഗികൾ ആയിരുന്നു രാജ്യത്തുണ്ടായിരുന്നത്, 2020നെക്കാൾ കൂടുതലാണിത്.
നിർഭാഗ്യവശാൽ ആളുകൾ വളരേയെറെ അപമാനത്തോടെ കാണുന്ന രോഗംകൂടിയാണ് ക്ഷയം. അതുപോലെ തന്നെയാണ് മാനസികാരോഗ്യ പ്രശ്നങ്ങളും. ആത്മഹത്യ സംഭവങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ മാനസികാരോഗ്യം വഷളായതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആഗോളതലത്തിൽ വിഷാദത്തിന്‍റെ കണക്കെടുത്താൽ 300 ദശ ലക്ഷം ആളുകളിൽ ഈ അവസ്ഥ ഉണ്ടെന്നതാണ്.
കേരളത്തിലും സ്ഥിതി കുറവല്ല. ക്ഷയ രോഗത്തിലും മാനസിക രോഗത്തിലും പൊതുവായി കണ്ടുവരുന്ന ഘടകങ്ങൾ ആണ് എച്ച്.ഐ.വി പോസിറ്റീവ്, മദ്യം/ മയക്കുമരുന്ന് ഉപയോഗം എന്നിവ. മാനസികാരോഗ്യ പ്രശ്നമുള്ളവരിൽ ക്ഷയരോഗം കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട് എന്നും പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു.
വിഷാദം, ഉത്കണഠ, സൊമറ്റോഫോം, സ്‌കിസോഫ്രീനിയ എന്നിവ ബാധിച്ച വ്യക്തികൾക്ക് ക്ഷയം വരാനുള്ള സാധ്യത കൂടുതലാണ്. സമ്പൂർണ്ണ ക്ഷയരോഗ നിർമാർജനത്തിന്‍റെ ഭാഗമായി കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എങ്കിലും ഇതിനൊപ്പം തന്നെ മാനസികാരോഗ്യം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്.
എറണാകുളം ജില്ലയിൽ മാത്രം ക്ഷയ രോഗമുള്ളവരിൽ വിഷാദ രോഗത്തിന്‍റെ വ്യാപനം 16.1 ശതമാനമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സൂചിപ്പിക്കുന്നത് ക്ഷയരോഗ ബാധിതരിൽ കൃത്യമായ മാനസികാരോഗ്യ പ്രശ്നങ്ങൾ സ്ക്രീനിങ് ചെയ്യേണ്ടതിന്‍റെ ആവശ്യകഥയാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ ക്ഷയരോഗത്തിനൊപ്പം ഉണ്ടായാൽ ചികിത്സയേയും ബാധിച്ചേക്കാം.
അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളം ക്ഷയരോഗമുക്തിയുടെ പാതയിലാണെന്നത് തീർത്തും അഭിമാനാർഹമായ കാര്യമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ക്ഷയം ബാധിക്കുന്നവരുടെ എണ്ണവും രോഗം മൂലം മരണപ്പെടുന്നവരുടെ സംഖ്യയും കുറവാണ്. പക്ഷേ 100 ശതമാനം സാക്ഷരതയുള്ള കേരളവും ക്ഷയരോഗത്തെ നേരിടുന്നതിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാർത്യമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങളും ക്ഷയരോഗവും സംബന്ധിച്ച ചർച്ചകൾ ഈയിടെയായി പത്ര-മാധ്യമങ്ങളിൽ സജീവമാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതിൽ ഉത്കണ്ഠ, വിഷാദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെ കുറിച്ചെല്ലാം ചർച്ച നടന്നിട്ടുണ്ട്. ഇതിൽ ക്ഷയരോഗികളിലെ വിഷാദ രോഗത്തെ കുറിച്ചും ചർച്ചകൾ ഏറെ നടന്നിട്ടുണ്ട്. ക്ഷയരോഗികളിൽ വിഷാദം ബാധിക്കാനുള്ള സാധ്യതയേറെയാണ്
സമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെടേണ്ടതില്ല
മാനസികാരോഗ്യത്തിന്റെ പ്രസക്തി വർധിച്ചുവരുന്ന കാലമാണിത്. വൈറസിനെ നിയന്ത്രണത്തിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നതിനിടയിൽ ഉത്കണ്ഠ, ഭയം, ഒറ്റപ്പെടൽ, സാമൂഹിക അകലം, നിയന്ത്രണങ്ങൾ, അനിശ്ചിതത്വം, വൈകാരിക ക്ലേശങ്ങൾ, എന്നിവ വ്യാപകമായി കഴിഞ്ഞിരിക്കുന്നു. ടിബി ബാധിതനായ ഒരു വ്യക്തി സമൂഹത്തിൽ ഒറ്റപ്പെടലിന്റെയും അവഹേളനത്തിന്റെയും വേദന അനുഭവിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ട്.
ജോലിക്കാരിൽ തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ഒറ്റപ്പെടുമെന്നോ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമെന്നോ സമൂഹം അവഗണിക്കുമോ എന്ന ഭയം അവരെ അലട്ടുന്നു. സ്ത്രീകളിൽ വിവാഹജീവിതത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അതോടൊപ്പം സമൂഹം ‘മാനസിക രോഗികൾ’ എന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയവും അകറ്റിനിർത്തപ്പെടുമോ എന്ന ഭയവും ജീവിതെ അസ്വസ്ഥമാക്കും. ഇക്കാരണങ്ങളെല്ലാം ശരിയായ സമയത്ത് രോഗികൾക്ക് സഹായം ലഭിക്കുന്നത് പോലും തടയപ്പെടുന്നു. ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയവും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകേണ്ടത് പ്രധാനമാണ്.
രോഗിയുടെ പ്രയാസം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും നിർദ്ദേശവും നൽകണം
ക്ലിനിക്കിൽ എത്തിച്ചേരുന്ന വ്യക്തികളിൽ ചിലരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കപ്പെടുകയോ തള്ളിക്കളയുകയോ ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. പരിശീലനം ലഭിച്ച ആളുകളുടെ അഭാവമാണ് ഇതിന് കാരണം. രോഗിയുടെ പ്രയാസം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും നിർദ്ദേശവും നൽകേണ്ടതുണ്ട്. അതിനായി നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആശാ പ്രവർത്തകരെയും ക്ഷയരോഗത്തെ അതിജീവിച്ചവരെയും ഉൾപ്പെടുത്തുകയും അവരെ മാനസികാരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി പ്രാപ്‌തരാക്കുകയും ചെയ്യുന്നത് ഏറെ സഹായകരമാവും.
വേണം മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ
കോവിഡാനന്തരം ശക്തിപ്പെടുത്തിയ മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങൾക്ക് ഈ വിഷയത്തിൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയും. പരിശീലനം ലഭിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതും ഏറെ സഹായകരമാവും. മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലെ നിസ്സംഗ മനോഭാവം ഇക്കാര്യത്തിൽ അധികൃതർ ഒഴിവാക്കേണ്ടതുണ്ട്.
ആലപ്പുഴ ജില്ലയിലെ സർക്കാർ മേഖലയിലെ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കുറവും അവരുടെ നിയമനങ്ങളിൽ അലംഭാവവും ഉണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്വകാര്യ ക്ലിനിക്കുകളെ സമീപിക്കാനുള്ള ബദൽ മാർഗ്ഗം ചെലവേറിയ സാഹചര്യത്തിൽ ഇക്കാര്യത്തിലും അധികൃതരുടെ കാര്യക്ഷമമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. മാത്രമല്ല, ക്ഷയരോഗത്തിന് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതും തിരിച്ചടിയാണ്.
കരുതൽ വേണം വയോജനങ്ങളിലും കുട്ടികളിലും
കോവിഡ് മഹാമാരി ജനജീവിതത്തെയാകെ മാറ്റിമറിച്ച കഴിഞ്ഞ രണ്ടു വർഷത്തിനുശേഷം ലോകജനതയുടെ മാനസികാരോഗ്യം മൊത്തത്തിൽ പ്രശ്നസങ്കീർണമായിട്ടുണ്ട് എന്നാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ്, മനോജന്യ ശാരീരിക രോഗങ്ങൾ, മദ്യാസക്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും എന്നിവകൂടി വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ എല്ലാ വിഭാഗങ്ങളുടെയും മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ചത് കുട്ടികളും വയോജനങ്ങളുമാണ്. ക്ഷയരോഗികളായ ഈ വിഭാഗത്തിന്‍റെ ക്ഷേമത്തിലും ഗൗരവതരമായ ഇടപെലുണ്ടാവേണ്ടതുണ്ട്. ചികിത്സയുടെ കാര്യത്തിൽ പ്രായമുള്ളവരോട് അവഗനയും അരുത്.
സാധ്യമാണ് പരിഹാര നടപടികൾ
ക്ഷയരോഗികളിലെ വിഷാദവും ചികിത്സയും
വിഷാദം ക്ഷയരോഗികളിൽ
കോവിഡാനന്തരം മാനസികാരോഗ്യത്തെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. ശാരീരികമായ അസുഖങ്ങൾക്കൊപ്പം മാനസികാരോഗ്യവും ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. മുമ്പ് പാശ്ചാത്യ കുടുംബങ്ങളിലെ രോഗമായി വിലയിരുത്തപ്പെട്ടിരുന്ന വിഷാദത്തെ കുറിച്ച് ഇന്ന് തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡുകാലത്ത് മാനസികരോഗങ്ങൾ വർധിക്കാനുള്ള പ്രധാനകാരണം നേരത്തെയുണ്ടായിരുന്ന ശ്രദ്ധിക്കാതെ വിട്ടുപോയ പല മാനസികരോഗങ്ങളും കോവിഡ് സമ്മർദ്ദത്തെ തുടർന്ന് തീവ്രമാവുകയും അതിന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു എന്നതിനാലാണ്.
സെലിബ്രേറ്റികൾ ഉൾപ്പടെയുള്ളവർ മാനസിക പ്രശ്നങ്ങളെ മറികടന്നതു സംബന്ധിച്ച് കഥകൾ പങ്കുവെച്ചതും ഇത്തരം രോഗങ്ങളുള്ളവരെ മുന്നോട്ടു വരാൻ പ്രേരിപ്പിച്ചു. ക്ഷയരോഗത്തിലേക്ക് വരുമ്പോൾ 18 മുതൽ 40 വയസ് വരെയുള്ളവരിൽ 16.1 ശതമാനം പേർക്കും വിഷാദമുണ്ട്. ആറിലൊന്ന് ക്ഷയരോഗികൾക്കും വിഷാദം അനുഭവപ്പെടുന്നുണ്ട്.
സമൂഹവും മാറി ചിന്തിക്കണം
ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് ക്ഷയരോഗം വന്നവരിലെ മാനസിക സംഘര്‍ഷം. ക്ഷയരോഗ ബാധിതരായ വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഒറ്റപ്പെടലും വളരെ വലിയ ഒരു പ്രശ്‌നമായി തന്നെ ഇന്നും സമൂഹത്തില്‍ കാണുന്നുണ്ട്. ചില ക്ഷയരോഗികളിൽ രോഗത്തിനൊപ്പം വിഷാദവും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷയരോഗത്തിനൊപ്പം പ്രമേഹ സാന്നിധ്യവും വിഷാദത്തിലേക്ക് നയിച്ചേക്കാം.
എയ്ഡ്സ് മദ്യാപനാസക്തിയും കുടുംബ ബന്ധങ്ങളിലെ പ്രശ്നവും, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നിവയെല്ലാം ക്ഷയരോഗവും വിഷാദവും ഒരുമിച്ച് വരാനുള്ള കാരണങ്ങളാണ്. ഇന്നും, ക്ഷയരോഗബാധിതനായ ഒരു രോഗിക്ക് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഏറെയാണ്. രോഗ വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം ഇത്തരം തെറ്റിദ്ധാരണകളുണ്ട്. ഏതൊരു വ്യക്തിക്കും രോഗം പിടിപെടുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് നിലനിൽക്കുന്ന നിരവധി മിഥ്യാധാരണകളുണ്ട്.
രോഗികളുമായി ഇടപഴകുന്ന ചിലരെങ്കിലും ഇത് ഭേദമാക്കാനാവാത്ത രോഗമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരിക്കൽ ടിബി രോഗനിർണയം നടത്തിയ വ്യക്തികൾ അവരുടെ സ്വന്തം ബന്ധുക്കളിൽ നിന്ന്പോലും അകറ്റിനിർത്തപ്പെടുന്നു. കുടുംബത്തിൽ നിന്നും അയൽക്കാരിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും മറ്റ് സാമൂഹിക സാഹചര്യങ്ങളിൽ നിന്നും അവരെ ഒറ്റപ്പെടുത്തുന്നതിലാണ് ഇവയെല്ലാം കലാശിക്കുന്നത്.
വിവാഹ ജീവിതം ഇല്ലാതാവുമോ എന്ന ഭയം, വിവാഹമോചനം എന്ന ഭയം അല്ലെങ്കിൽ മരുമക്കൾ അംഗീകരിക്കില്ല എന്ന ഭയം എന്നിവയാൽ സ്ത്രീകൾക്ക് വലിയ ആഘാതം നേരിടേണ്ടിവരുന്നു. മറ്റുള്ളവരെ ബാധിക്കുമെന്ന ഭയത്താൽ ജോലിസ്ഥലങ്ങളിൽ അവർ സ്വയം ഒറ്റപ്പെടുന്നു. ക്ഷയരോഗം ഒരു മാരകമായ പകര്‍ച്ചവ്യാധിയാണെന്നും അത്തരം വ്യക്തികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും രോഗം ബാധിക്കുമെന്നും അവരെല്ലാം മരണപ്പെടുമെന്നുമൊക്കെയാണ് ക്ഷയരോഗവുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടാന്‍ സമൂഹത്തിലുള്ള മറ്റുള്ളവര്‍ മടിക്കും.
അയല്‍വാസികളാണെങ്കിലും സഹപ്രവര്‍ത്തകരാണെങ്കിലും ക്ഷയരോഗബാധിതനായ ഒരു വ്യക്തിയോട് ഇടപെടാന്‍ പലതരത്തില്‍ വിമുഖത കാണിക്കാറുണ്ട്. കുടുംബത്തില്‍ ഏതെങ്കിലും ഒരു വ്യക്തിയ്ക്ക് ക്ഷയരോഗം വന്നുകഴിഞ്ഞാല്‍ ആ വ്യക്തിയോടൊപ്പം ജീവിക്കാന്‍ തന്നെ മറ്റുള്ളവര്‍ മടിക്കും. ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ ക്ഷയരോഗം വന്നാല്‍ പങ്കാളി അകന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
ക്ഷയരോഗികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ
വിഷാദരോഗ ലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, പൊതുവേ, ടിബിക്കും ബാധകമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള /വിട്ടുമാറാത്ത അസുഖം കാലക്രമേണ ഉത്കണ്ഠ / വിഷാദ ലക്ഷണങ്ങൾക്ക് വഴിവെക്കുന്നു.
കൃത്യമായ കൗൺസിലിങ്ങ് വഴി ക്ഷയ രോഗികളിലെ വിഷാദം കണ്ടെത്തി ചികിത്സ നൽകാനാവും. ക്ഷയം വിഷാദം എന്നിവ സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരിക്കേണ്ടതും പ്രധാനമാണ്. രോഗികളോടുള്ള കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍റേയും ഇടപെടൽ, വിഷാദരോഗമുള്ള രോഗികളെ പ്രതികൂലമായി ബാധിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ എന്നിവ ബോധവത്കരണം വഴി മാറ്റിയെടുക്കാൻ സാധിക്കും. ബോധവത്കരണം വഴി ബന്ധുക്കളേയും ക്ഷയ രോഗ ചികിത്സാ പ്രക്രിയയിൽ ഉൾപ്പെടുത്താനാവും, അതുവഴി രോഗികൾക്ക് ലഭിച്ചേക്കാവുന്ന മാനസിക പിന്തുണയും ചികിത്സക്ക് സഹായകമാവും.
ബന്ധങ്ങളെ ചേർത്തു പിടിക്കുക മുഖാഭിമുഖം സംസാരിക്കാൻ ഒരാളെ ലഭിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും തന്നെ ഇല്ലെന്ന് ചിലപ്പോഴൊക്കെ നാം ചിന്തിക്കാറുണ്ട്. പക്ഷേ ഇത് എപ്പോഴും സാധ്യമാകുന്ന കാര്യമല്ല. ഇന്നത്തെ ഈ കാലഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ സംവിധാനങ്ങളും പുതിയ പുതിയ സംവേദന മാർഗങ്ങൾ കണ്ടുപിടിക്കുമ്പോൾ ബന്ധങ്ങൾ നിലനിർത്താൻ ഇതിൽപരം മറ്റൊരു മാർഗവും ഇല്ലെന്നുതന്നെ പറയാൻ സാധിക്കും.
നമ്മുടെ പ്രിയപ്പെട്ടവരോട് ഫോണിൽ ഒന്ന് സംസാരിക്കുന്നതിനോ മെസേജ് അയക്കുന്നതിനോ സമയം കണ്ടെത്തുന്നത് നഷ്ടമായി കരുതേണ്ട. ഒരുപക്ഷേ പക്ഷേ ഒരു ജീവൻ തന്നെയാവും നമുക്ക് നേടിയെടുക്കാൻ കഴിയുന്നത്. ഇനി നമുക്കും പറയുവാൻ സാധിക്കണം നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ ഒപ്പമുണ്ട് എന്ന്.
നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുത്. അത് വീട്ടുകാരോട് ആവാം കൂട്ടുകാരോട് ആവാം അതിലുപരി വിദഗ്ധരായ ആളുകളോട് ആവാം. പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗമാണ് ഇന്ന് ക്ഷയരോഗം. ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം വര്‍ഷങ്ങളായി ക്ഷയരോഗ ചികിത്സ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഡോട്ട്‌സ് (DOTS) ചികിത്സാ പദ്ധതി വഴി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ലഭിക്കും.
ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. അതിനാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിക്കുന്ന അതേ അളവില്‍ ഒരു മാറ്റവുമില്ലാതെ മരുന്ന് കൃത്യമായി കഴിച്ച് ചികിത്സ പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും മരുന്നുകള്‍ മുടക്കരുത്. മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഒരു പക്ഷേ, എന്തെങ്കിലും പെരുമാറ്റ പ്രശ്‌നങ്ങളോ മറ്റോ തോന്നിയാല്‍ അത് എത്രയും വേഗം ചികിത്സിക്കുന്ന ഡോക്ടറെ അറിയിച്ചാല്‍ വളരെ ചെറിയ മാറ്റങ്ങളിലൂടെ ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഒരു കാരണവശാലും ചികിത്സ മുടക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്:
● Dr Arun B Nair
(Professor, Department of Psychiatry, Medical College, Thiruvananthapuram),
● Dr Sabir M C
(Senior Consultant Pulmonology, calicut),
● Dr Soji Anna Philip
(Consultant-Clinical Psychologist -Kochi)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.