ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? എന്നാൽ അതിലൊരു അപകടമുണ്ട്

ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്. പലരും ദിവസം തുടങ്ങുന്നതുപോലും ചായ കുടിച്ചുകൊണ്ടാണ്. പക്ഷെ ചൂട് ചായ ജീവിതത്തിൽ വില്ലനായി മാറും എന്നു എത്ര പേർ വിശ്വസിക്കും? പുതിയ പഠനം പറയുന്നതനുസരിച്ച് ചൂട് ചായ കുടിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.

ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഈസോഫാജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചായയിലെയോ കാപ്പിയിലേയൊ രാസ വസ്തുക്കളാണ് കാൻസർ ഉണ്ടാക്കുന്നത് എന്ന് വിചാരിച്ചാൽ തെറ്റി. അങ്ങനെയല്ല കാര്യം. ചൂടാണ് കാൻസർ ഉണ്ടാക്കുന്നത്.

ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ് ഈസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ അന്നനാളത്തെയും പൊള്ളിക്കും. അങ്ങനെ സ്ഥിരമായി അന്നനാളത്തിൽ പൊള്ളലേൽക്കുന്നത് കാൻസറിന് കാരണമാവുന്നു.

നമ്മൾ അമിത ചൂടുള്ള ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ അമിതമായ ചൂട് അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് തുടരുമ്പോൾ ഈ പോറല്‍ ഉണങ്ങാതിരിക്കുകയും വീക്കമുണ്ടാക്കാനും അതിലൂടെ കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ ആയി മാറുന്നതിനും കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത പത്തു മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചൂടുള്ള ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് തണുപ്പിക്കാൻ വെച്ചതിന് ശേഷം കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Tags:    
News Summary - do-you-like-your-tea-piping-hot-cancer-caution-ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.