മഴ ഇടക്കിടെ കനത്തു പെയ്യുന്നുണ്ടെങ്കിലും കരിയിലയെ ഇനിയെങ്കിലും ശ്രദ്ധിക്കാതെ വയ്യ. പറമ്പിലും മുറ്റത്തും റോഡരികിലുമെല്ലാം കരിയില ധാരാളം കാണാം. പലരും കരിയിലകൾ മുഴുവൻ തൂത്തുകൂട്ടി കത്തിക്കുന്നു. മുറ്റവും പറമ്പും വൃത്തിയാക്കണ്ടേ? എന്നാണ് പറയുന്നത്.
കരിയിലയുടെ വില അറിയണം. മണ്ണിൽ കിടന്ന് സാവധാനം സൂക്ഷ്മജീവികൾക്ക് ആഹാരമായി ദ്രവിച്ച് 92 മൂലകങ്ങളായി തീരേണ്ടവയാണ് ഈ കരിയിലകൾ. അതാണ് ഞൊടിയിടകൊണ്ട് ചൂടും പൊടിയും പുകയും ചാരവുമായി മാറുന്നത്.
ഹേമന്തവും കടന്ന് ശിശിരത്തിൽ എത്തുമ്പോൾ വേനലിനുമുമ്പ് മരങ്ങൾ ഇലപൊഴിക്കാൻ തുടങ്ങും. വരാൻ പോകുന്ന വറുതിയെ മുൻകൂട്ടി കണ്ടുള്ള ഒരു മുൻകരുതലാണ് ഇതെന്ന് പറയാം. മേൽമണ്ണിലെ ജലാംശം വറ്റിത്തുടങ്ങും. ഇലകളിലെ സൂക്ഷ്മദ്വാരങ്ങൾ വഴിയുള്ള വെള്ളമെല്ലാം പുറത്തുപോയാൽ ഉണ്ടാകുന്ന നഷ്ടം മരത്തിന് വലുതാണ്.
മണ്ണിന് ഒരു മേൽകവചം സൃഷ്ടിക്കുന്ന ഈ ഇലകൾ മണ്ണിൽനിന്ന് ബാഷ്പമായി പോകുന്ന വെള്ളത്തിെൻറ അളവ് നന്നായി കുറക്കുന്നു. മരത്തിനും മണ്ണിനും കരുതൽ. ഒപ്പം സൂക്ഷ്മജീവികൾക്കും. ഇങ്ങനെയുള്ള കരിയിലകളാണ് നാം ഒറ്റയെണ്ണംപോലും വിടാതെ കത്തിക്കുന്നത്.
കത്തിച്ചാൽ 92 മൂലകങ്ങളിൽ 90 നശിക്കും. കാർബൺ, പൊട്ടാസ്യം എന്നിവ മാത്രം ബാക്കിയാകും. മേൽമണ്ണിൽനിന്ന് ഒരിക്കൽ പുറപ്പെട്ടുപോയ കാറ്റയോണുകളായ കാൽസ്യം, മഗ്നീഷ്യം എന്നിവ മണ്ണിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു. ആ തിരിച്ചുവരവുകൂടി തടയപ്പെട്ടു.
തായ്‌വേരുകൾ ആഴ്ന്നിറങ്ങി സംഭരിച്ച സൂക്ഷ്മ മൂലകങ്ങൾ പല ഘട്ടം കടന്ന് ഇലയിൽ കാത്തുവെച്ചിട്ടുണ്ടായിരുന്നു. ഏറെനാളത്തെ അധ്വാനത്തിലൂടെ ചെടി കരുതിവെച്ച സൗരോർജമാണ് തീയും പുകയുമായി പാഴായിപ്പോകുന്നത്.
മണ്ണിെൻറ ഊഷ്മാവ് ക്രമീകരിക്കുന്നു. വേനലിൽ തണുപ്പും തണുപ്പിൽ ചൂടും നൽകുന്നു. സൂക്ഷ്മജീവികൾക്ക് സമൃദ്ധമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇലയഴുകൽ പ്രക്രിയയിലൂടെ ജൈവ കാർബൺ അടക്കം 16 അവശ്യ മൂലകങ്ങളെ മണ്ണിലേക്ക് സന്നിവേശിപ്പിക്കുകയാണ്.
ജൈവകൃഷിയില്‍ മികച്ച വളമാണ് കരിയില. അടുക്കളത്തോട്ടത്തില്‍ നല്ല വിളവ് നേടാം. ഇല മണ്ണില്‍ അലിഞ്ഞുചേരുമ്പോള്‍ നിരവധി മൂലകങ്ങളും മണ്ണിനോടു ചേരുന്നു. ഗ്രോബാഗിലും ചട്ടിയിലും വിളകള്‍ ആരോഗ്യത്തോടെ വളരാന്‍ ഈ മൂലകങ്ങള്‍ സഹായിക്കുന്നു. കരിയിലകൊണ്ട് ചെടിക്ക് പുതയിടുമ്പോൾ സൂര്യപ്രകാശം വേരുകളില്‍ നേരിട്ടു പതിക്കുന്നുമില്ല. മണ്ണിെൻറ ഈർപ്പം നിലനിർത്തുന്നു. പറമ്പിലെ കളവളർച്ച കുറക്കും. കള എളുപ്പം പറിച്ചുമാറ്റാവുന്ന വിധത്തിലാവും.
മണ്ണൊലിപ്പ് തടയുന്നു. മണ്ണിെൻറ ജലസംഭരണശേഷി കൂട്ടുന്നു. മണ്ണിൽനിന്ന് ജലം ബാഷ്പീകരിക്കുന്നതും ഇല്ലാതാക്കുന്നു. ഞെട്ടണ്ട, ശക്തിയേറിയ ജലസേചനരീതികൾ മൂലം മണ്ണു തറഞ്ഞുപോകാതെ നോക്കുന്നതും ഈ നിസ്സാരമായ ഇലകളാണ്.
ടെറസ് കൃഷിയില്‍ മണ്ണിെൻറയും ജൈവവളത്തിെൻറയും ലഭ്യതക്കുറവ് പരിഹരിക്കാൻ കരിയിലക്കാവും. ഗ്രോബാഗില്‍ മിശ്രിതം നിറക്കുന്ന സമയത്ത് കുറച്ച് കരിയിലകൂടി ചേര്‍ക്കുന്നത് നല്ലതാണ്. മിക്കപ്പോഴും നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമായിരിക്കും ടെറസ്.
ഇടയ്ക്ക് കരിയിലകള്‍കൊണ്ട് ഗ്രോബാഗില്‍ പുതയിടുന്നതും നല്ലതാണ്. ചെടികളുടെ വേരുകള്‍ക്ക് വെയിലില്‍നിന്നു സംരക്ഷണം ലഭിക്കുന്നതിനോടൊപ്പം ഇവ കാലക്രമേണ അഴുകി വളമായി മാറുകയും ചെയ്യും. കരിയില നിറച്ച ഗ്രോബാഗുകള്‍ വലിയ ഭാരമാകില്ല.
കരിയിലകൾ തെങ്ങിൻതടത്തിലോ വാഴത്തടത്തിലോ ഇടുന്നതാണ് എളുപ്പം. കമ്പോസ്റ്റി ആക്കി മാറ്റുകയും ചെയ്യാം. കിഴങ്ങുകൃഷിയിലോ ഗ്രോ ബാഗിനകത്തോ വളക്കുഴികളിലോ ഒക്കെ ഇടാം. എത്ര ഉണക്ക കരിയിലകൾ തടത്തിൽ ഇടുന്നുവോ അത്രയും വിളവ് കൂടും.
മണ്ണിനടിയിൽ ഉണ്ടാകുന്ന കാച്ചിൽ, ചേന പോലുള്ള വിളകൾക്ക് അടിവളമായി കരിയില ചേർക്കാം. ഇത്തരം വിളകൾക്ക് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ ആവശ്യമാണ്. ഇവ നല്ല അളവിൽ ലഭ്യമായാലേ നല്ല കായ്ഫലം ലഭിക്കൂ.
കരിയിലയിലെ പൊട്ടാസ്യം പതിപ്പതിയെ മണ്ണിൽ ലയിച്ച് ചെടിക്ക് വേണ്ട പോഷണം നൽകുന്നു. വേരുകൾക്ക് മണ്ണിൽ വളർന്നിറങ്ങാനുള്ള സ്ഥലം കൂടുതൽ ലഭ്യമാക്കാൻ കരിയില ഉപയോഗിക്കുന്നത് നല്ലതാണ്.
കത്തിച്ചു കിട്ടുന്ന ചാരത്തിനേക്കാൾ മികച്ചത് കരിയില കമ്പോസ്റ്റാണ്. മണ്ണിലെ സൂക്ഷ്മാണുക്കൾക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് കരി. ചാരമാകട്ടെ സൂക്ഷ്മാണുകൾക്ക് അനുയോജ്യവുമല്ല. അടിച്ചുവാരുന്ന കരിയില ഒരു സ്ഥലത്ത് ശേഖരിച്ച് അഴുകുന്ന സമയത്ത് പച്ചക്കറികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. ഗ്രോബാഗിൽ അടിവളമായി ചേർക്കാം.
മാരക കീടമോ രോഗമോ വിളയെ ബാധിച്ചാൽ അത് പകരാതിരിക്കാൻ ജൈവാവശിഷ്ടങ്ങൾ കത്തിക്കേണ്ടതായി വരാം. അടുത്ത ചെടികളിലേക്കോ സീസണിലേക്കോ പടരാതെ നോക്കാൻ വേണ്ടി മാത്രം. ഇനി നിങ്ങൾ തീരുമാനിക്കൂ. കരിയില കത്തിക്കണോ എന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.