മലയാളി കുടുംബങ്ങൾ ഒരുമിച്ചുകൂടി ഓണസദ്യയൊരുക്കുന്നതാണ് സുധീഷിന്റെ വീട്ടിലെ ഓണവിശേഷങ്ങളിൽ പ്രധാനം. സദ്യക്കുള്ള എല്ലാവിധ പച്ചക്കറികളും പഴവും തൂശനിലയും നൽകാൻ തയാറായി നിൽപുണ്ട് അടിമുടി വിളഞ്ഞുപാകമായ തോട്ടം
ഗ്രാമീണ വിളകളും പാടവും തോടും കോഴിയും താറാവും പശുവും കിടാവും പാടവക്കത്തെ ഊഞ്ഞാലും തൃശൂർ കോൾനിലത്തിൽ നിന്നുതിരുന്ന കതിരണി ചൂരും ഹൃദയത്തിലേക്ക് തുളച്ചു കയറും. ഷാർജ മൻസൂറയിലെ കുവൈത്ത് ആശുപത്രിക്ക് സമീപത്തെ ഗുരുവായൂർ സ്വദേശി സുധീഷിന്റെ വീടും തൊടിയും കണ്ടാൽ. ഈ ചിങ്ങമാസത്തിൽ ഓണത്തിന്റെ വരവ് അറിയിച്ച് ആ കൊച്ചുവീടും തൊടിയും കാർഷിക സമൃദ്ധി വിളിച്ചോതി ഒരുങ്ങിക്കഴിഞ്ഞു.
വാഴകൾക്കിടയിലെ നീർച്ചാലിലൂടെ തെളിനീരൊഴുകുമ്പോൾ കൊത്തിപ്പെറുക്കി തിന്നാനെത്തുന്ന കോഴിക്കൂട്ടത്തിന്റെ ഇടയിലേക്ക് അധികാര ഭാവത്തിൽ വരുന്ന താറാവുകൾ. ചെണ്ടുമല്ലി പൂക്കളോട് കിന്നാരം പറയുന്ന ചിത്രശലഭങ്ങൾ. താമരക്കുളത്തിൽ ചാഞ്ചാടുന്ന തോണിയുടെ അമരത്തും അണിയത്തും കിളികളുടെ പൂവേപൊലി. കുലച്ചുനിൽക്കുന്ന നേന്ത്രയും പാളയംകോടനും പട്ടാമ്പി കുന്നനും ക്ഷണിച്ചിരുത്തുകയാണ് ഷാർജയിലെ പാടവരമ്പത്ത്. ഇടവേളയില്ലാതെ കൃഷിച്ചെയ്യുന്ന നെൽപാടവും പച്ചക്കറി തോട്ടവും വാഴത്തോപ്പും കോഴിയും താറാവും ചിക്കിപ്പെറുക്കി നടക്കുന്ന തൊടികളും കൊണ്ട് ഹരിതമനോഹര ചിത്രം വരക്കുകയാണ് ഈ വീട്.
സുധീഷും ഭാര്യ രാഖിയും മക്കളായ ശ്രേയസും ശ്രദ്ധയുമാണ് തോട്ടക്കാർ. മൺവെട്ടിയും അരിവാളുമെടുത്ത് രാവിലെ മുതൽ ഇവർ തോട്ടത്തിൽ സജീവമാകും. ജോലിയും പഠനവും പകുത്തെടുത്ത് കഴിഞ്ഞ് മിച്ചം വരുന്ന സമയം സ്വരുക്കൂട്ടിവെച്ചാണ് ഈ കുടുംബം ഷാർജയിലൊരു കൊച്ചു കേരളഗ്രാമം പണിതത്.
സുധീഷിന്റെ തോട്ടത്തിന്റെ മഹിമ ഗൾഫിലാകെ പരന്നപ്പോൾ നിരവധി പേർ കൃഷി താൽപര്യവുമായി മുന്നോട്ടു വന്നു. തുടക്കത്തിൽ സുധീഷ് തന്നെ നേരിട്ടുപോയി അവരുടെ പരിമിതമായ മുറ്റത്തും ബാൽക്കെണിയിലും വിത്തുകൾ നട്ടു. ആവശ്യക്കാരേറിയപ്പോൾ ഒരു കാർഷിക കമ്പനിക്കുതന്നെ രൂപം നൽകി. ജോലിക്കായി നാട്ടിൽ നിന്ന് യുവാക്കളെ വരുത്തി. ആധുനിക യന്ത്രങ്ങളും സജീവമാക്കി. മികച്ചയിനം വിത്തുകൾ കൊണ്ട് യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറിത്തോട്ടങ്ങളും വാഴത്തോപ്പുകളും കുളങ്ങളും കുത്തി.
മലയാളി കുടുംബങ്ങൾ ഒരുമിച്ചുകൂടി ഓണസദ്യയൊരുക്കുന്നതാണ് സുധീഷിന്റെ വീട്ടിലെ ഓണവിശേഷങ്ങളിൽ പ്രധാനം. സദ്യക്കുള്ള എല്ലാവിധ പച്ചക്കറികളും പഴവും തൂശനിലയും നൽകാൻ തയാറായി നിൽപുണ്ട് അടിമുടി വിളഞ്ഞുപാകമായ തോട്ടം. പായസത്തിൽ കുഴച്ച് തിന്നാൻ പാകമായി നിൽക്കുന്നുണ്ട് ഞാലിപ്പൂവനും പാളയം കോടനും. ഈ ഓണത്തിന് ആട്ടം നിർത്തില്ല എന്ന് എന്നേ പറഞ്ഞു കഴിഞ്ഞു, പാടത്തിെൻറ കരയിൽ നിൽക്കുന്ന മരത്തിെൻറ കൊമ്പത്തിട്ട ഊഞ്ഞാൽ. സദ്യ കഴിഞ്ഞാൽ വള്ളംകളി, വടംവലി, ഉറിയടി, കസേര കളി, തുമ്പി തുള്ളൽ തുടങ്ങി പഴയകാല ഓണക്കളികളെല്ലാം ഇക്കുറി ഈ മുറ്റത്ത് അരങ്ങേറുമെന്ന് സുധീഷും രാഖിയും പറയുന്നു.
മട്ടുപ്പാവിൽ കൊച്ചു കൊച്ചു കൃഷികൾ ചെയ്തായിരുന്നു സുധീഷിന്റെ തുടക്കം. ലോകത്തിലെ ഏറ്റവും വലിയ വെണ്ടക്ക വിളയിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ കയറിയത് മട്ടുപ്പാവിൽ നിന്നാണ്. തൊട്ടടുത്ത വർഷം ലോകത്തിലെ ഏറ്റവും ചെറിയ ചെടിയിൽ വെണ്ടക്ക വിളയിപ്പിച്ച വിസ്മയവും ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ കയറി. ഫ്ലാറ്റിലെ വാസം വിട്ട് വില്ലയിലെത്തിയതോടെയാണ് കൃഷിയുടെ പുത്തൻ പാഠങ്ങൾ പാടത്ത് നട്ടുപിടിപ്പിച്ചത്. മുന്തിരിക്കുലകൾ തൂങ്ങിയാടുന്ന ഹരിത വള്ളികൾ കൊണ്ട് തീർത്ത കമാനത്തിലൂടെയാണ് വീട്ടിലേക്കുള്ള വഴി.
കറുപ്പും പച്ചയും മുന്തിരികള് വിളയുന്ന വള്ളികൾ സുധീഷ് വെച്ചുപിടിപ്പിച്ചിരിക്കുന്നു. കൃഷിയിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിലും എത്തി ഈ ഗുരുവായൂർക്കാരൻ. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കേരള സർക്കാറിന്റെ നിരവധി പുരസ്കാരങ്ങളും സുധീഷിനെ തേടിയെത്തി. മരുഭൂമിയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കി. 5000ത്തിലധികം വേപ്പുതൈകൾ വിതരണം ചെയ്ത് ഗിന്നസ് വേൾഡ് ഓഫ് റെക്കോഡ്സ് സ്വന്തമാക്കി. ടിന്നുകൾ കൊണ്ട് ബുർജ് ഖലീഫയുണ്ടാക്കി വീണ്ടും ഗിന്നസിലെത്തി.
വില്ല വിട്ടിറങ്ങിയ സുധീഷിന്റെ കൃഷിയുടെ ഖ്യാതി ഇതിനോടകം ഷാർജ രാജകുടുംബത്തിന്റെ ചെവിയിലെത്തിയിരുന്നു. അതോടെ നാലേക്കർ പാടത്ത് നെല്ലുവിളയിപ്പിക്കാൻ നിയോഗവും ലഭിച്ചു. ബസ്മതിയാണ് കൃഷി ചെയ്തത്. ഷാർജ വൈദ്യുതി-ജലവിഭാഗത്തിലെ ജോലി രാജിവെച്ചാണ് മുഴുവൻ സമയ കർഷകനായി മാറിയത്. വിദ്യാർഥികളടക്കം നിരവധി പേരാണ് ദിനംപ്രതി ഇവിടെ സന്ദർശിക്കാനെത്തുന്നത്. ദൃഢനിശ്ചയമുള്ള കുട്ടികളെ പാടത്തിറക്കി ഞാറുനടീച്ചും വിളവെടുപ്പ് നടത്തിച്ചും ശ്രദ്ധനേടിയിരുന്നു സുധീഷും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.