ഖദർ മുണ്ടും ഖദർ ഷർട്ടും നീളൻ കുടയും നിറങ്ങൾ വിതറിയ തുണിസഞ്ചിയുമായി മാട്ടുമ്മല നടന്നുകയറി സ്കൂളിലേക്ക് പോകുന്ന മലയാളം പണ്ഡിറ്റ് ഗംഗാധരൻ മാഷിനെ ആ നാട്ടുകാർ ഇനിയും മറന്നിട്ടില്ല. ചെങ്ങാലൂർ ശ്രീനാരായണ പുരത്തെ വീട്ടിൽ നിന്ന് ഒന്നര മണിക്കൂറെടുക്കും വരന്തരപ്പിള്ളി പള്ളിക്കുന്നിലെ സ്കൂളിലെത്താൻ. നാട്ടുകാരോട് കുശലം പറഞ്ഞ് പച്ചപ്പിലലിഞ്ഞ് നീങ്ങുന്ന നിഷ്കളങ്കമായ ചിരി 87ാം വയസ്സിലും തെളിവായി നിൽക്കുന്നുണ്ട്.
വികസനത്തിനും കൃഷിക്കും പുതുനിർവചനം നൽകി കേരളത്തിെൻറ സാംസ്കാരിക മണ്ഡലത്തിൽ ബദൽ ചിന്തക്ക് തുടക്കമിട്ട സി.പി ഗംഗാധരൻ മാഷാണ് ജാപ്പാനീസ് കർഷകനും എഴുത്തുകാരനുമായ മസനോബു ഫുകുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവം (വൺ സ്േട്രാ റവല്യൂഷൻ) മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
സമീക്ഷ പത്രാധിപരായിരുന്ന എം.ഗോവിന്ദൻ എന്ന റാഡിക്കൽ ഹ്യുമണിസ്റ്റിെൻറ തണലിലായിരുന്നു ഗംഗാധരനെന്ന ദാർശനികനും എഴുത്തുകാരനും വികസിച്ചത്. തൃശൂർ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ പഠിച്ചുകൊണിരിക്കേ 24ാം വയസ്സിൽ സാർത്രിനെക്കുറിച്ച് സമീക്ഷയിൽ എഴുതിയ ലേഖനം ബൗദ്ധിക കേരളം ചർച്ചചെയ്തിരുന്നു. പത്തിലേറെ പ്രസിദ്ധീകരണങ്ങളിൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് വേണ്ടി നീക്കിവെച്ച പണം പുസ്തകങ്ങൾ വാങ്ങിച്ചും വായിച്ചുമായിരുന്നു അദ്ദേഹം വയറുനിറച്ചത്. അതിന് മുമ്പ് 1953ൽ കൊടകര ഹൈസ്കൂളിലെ അധ്യാപകനായിരുന്ന എൻ.വി കൃഷ്ണവാര്യരുടെ നേതൃത്വത്തിലുള്ള കലാസമിതി നടത്തിയ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച 10 രൂപയായിരുന്നു ആദ്യമായി കിട്ടിയ പ്രോത്സാഹനമെന്ന് മാഷ് ഓർക്കുന്നു.
സാഹിത്യ വിശാരദ് പാസായശേഷം ജോലി അന്വേഷിച്ച് നടന്ന കാലത്താണ് പൂർണോദയ ബുക്സ് ഗാന്ധിയുടെ കൃതികൾ തർജമ ചെയ്യാൻ ആദ്യമായി സമീപിക്കുന്നത്. ഗാന്ധിജിയുടെ നവീന വിദ്യാഭ്യാസവും ഗുജറാത്തിയിൽ നിന്ന് നേരിട്ട് 'എെൻറ സത്യാന്വേഷണ പരീക്ഷണങ്ങളും ' വിവർത്തനം ചെയ്തിട്ടുണ്ട്. വൈകാതെ ഗാന്ധി ശിഷ്യനായ ജി. കുമരപ്പയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി. അദ്ദേഹത്തിെൻറ ഇക്കോണമി ഓഫ് പെർമനൻസി എന്ന പുസ്തകം 'നിലനിൽപ്പിെൻറ സമ്പദ്വ്യവസ്ഥ' എന്ന പേരിൽ വിവർത്തനം ചെയ്തു.
''വഴി ഇനിയുമുണ്ട് എന്ന പ്രതീക്ഷ വരണ്ടുപോയിട്ടില്ലാത്ത കേരളതിെൻറ യുവ മനസ്സുകൾക്ക്: '': മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോൽ വിപ്ലവ'ത്തിെൻറ ആദ്യ പേജിൽ സി.പി. ഗംഗാധരൻ കുറിച്ചു. നിലവിൽ ഉള്ള വികസനം ശരിയായ ദിശയിലല്ല, എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ട്. നമുക്ക് ഈ വികസനമല്ല; വേറെ വികസനമാണ് വേണ്ടത് എന്ന് 1987ൽ പുസ്തകം തർജമ ചെയ്യുേമ്പാഴേ അദ്ദേഹം തീർച്ചപ്പെടുത്തിയിരുന്നു. ഫുക്കുവോക്കയിലൂടെ അദ്ദേഹം അത് പറഞ്ഞുവെച്ചു. പദാനുപദമല്ല; ഒരു പുസ്തകം തർജമ ചെയ്യുേമ്പാൾ ഒരു പുതുകൃതിയായി പുന:സൃഷ്ടിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്..''ഇതാ ഇൗ ഒരൊറ്റ വൈക്കോലിഴയിൽ നിന്ന് തുടങ്ങാം. ഈ വൈക്കോലിഴ െചറുതും ലഘുവുമാണ്.എന്നാൽ ഇതിെൻറ ഘനം ആർക്കുമറില്ലെ. ഇൗ വൈക്കോലിെൻറ ശരിയായ മൂല്യമെന്തെന്ന് അറിയപ്പെട്ടിരുന്നെങ്കിൽ ഈ രാജ്യവും ലോകവുംമാറ്റാൻ തക്ക വിപ്ലവം സാധ്യമായേനേ''-അദ്ദേഹം ആമുഖത്തിൽ എഴുതി.
പരിസ്ഥിതി പ്രവർത്തകനായ പ്രഫ.ജോൺ സി ജേക്കബിെൻറ മാസികയായ 'സൂചിമുഖി'യിൽ നിന്നാണ് ഫുക്കുവോക്കയെകുറിച്ച് അറിഞ്ഞത്. തുടർന്ന് പുസ്തകം വി.പി.പിയായി വരുത്തിച്ച് തർജമ ചെയ്യുകയായിരുന്നു. തൃശൂരിലെ 'വാൾഡൻ' അത് പുസ്തകമാക്കി.ഒരു പുൽക്കൊടി കൊണ്ട് ഭൂമിയെ സമ്പന്നമാക്കാമെന്ന ബദൽ ചിന്ത പങ്കുവെച്ച ഫുക്കുവോക്ക ജപ്പാനിലെ സോയിൽ കൺസൾട്ടൻറും മൈക്രേ ബയോളജിസ്റ്റുമായിരുന്നു .ഗവേഷണ പദവി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയ അദ്ദേഹത്തിെൻറ ജീവിത വീക്ഷണം ,മലയാളത്തിൽ ചർച്ചയായപ്പോൾ അതിരൂക്ഷ വിമർശനങ്ങൾക്ക് വിധേയമായി.
''വേർതിരിവിലൂടെ സംഹരിക്കാത്ത അറിവ് സൃഷ്ടിപരമാണ് .ഇതിന് നേർ വിപരീത ദിശയിലാണ് ആധുനിക ശാസ്ത്രത്തിെൻറ ഗതി. വേർതിരിച്ച് അറിവുനേടുക അസാധ്യം. വേർതിരിക്കുന്നതും സംഹരിക്കുന്നതുമായ അറിവിെൻറ ആധിപത്യത്തെയാണ് നാം വികസനം എന്ന് വിളിക്കുന്നത്. അതിെൻറ അതിപ്രസരം ദുരയുടെയും ദുരിതത്തിെൻറയും പെരുകലാകുന്നു.''-ഫുക്കുവോക്ക തെൻറ നിലപാട് വ്യക്തമാക്കുന്നു. ഇതിൽ പ്രതിപാദിക്കുന്ന കൃഷി സമ്പ്രദായമോ അത് ഉൾകൊള്ളുന്ന ജീവിത ദർശനമോ പിൻതിരിപ്പൻ ആണെന്നാണ് അന്ന് ഉയർന്ന വിമർശം.''അപകടകരമായ അസംബന്ധമാണിത്''എന്ന് കമ്യൂണിസ്റ്റ് ആചാര്യൻ പി. ഗോവിന്ദപ്പിള്ള കലാകൗമുദിയിലെ ലേഖനത്തിൽ പറഞ്ഞുറപ്പിച്ചേപ്പാൾ കേരള സമൂഹം ഈ പുസ്തകം തേടിപ്പിടിച്ച് വായിച്ചുതുടങ്ങി. പിന്നീട് പുസ്തക പ്രകാശനത്തിന് കേരള കാർഷിക സർവകലാശാലയെ സമീപിച്ചപ്പോൾ അധികൃതർ 'പ്രകൃതിയെ നശിപ്പിക്കരുതെന്നും മനുഷ്യൻ ഒന്നും ഉണ്ടാക്കുന്നില്ലെന്ന ആശയത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും വേദി നിഷേധിക്കുകയും ചെയ്തു. ഒടുവിൽ കേരളവർമ കോളജിലെ സി.ആർ. രാജഗോപാലിെൻറ നേതൃത്വത്തിൽ കാർഷിക ഗ്രാമമായ ചേനത്ത് അമ്പലമുറ്റത്തെ ആലിൻചുവട്ടിൽ വെച്ചായിരുന്നു പ്രകാശനം. ഉത്തരേന്ത്യയിലെ ഒറ്റവൈക്കോൽ കർഷകനായ പ്രതാപ് അഗർവാളാണ് പ്രകാശനം ചെയ്തത്. ശേഷം പുസ്തകം ചർച്ചയാവുകയും കേരളത്തിൽ അേങ്ങാളമിങ്ങോളം 300 ഓളം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ശരിയായ പ്രവൃത്തി, ശരിയായ ഭക്ഷണം, ശരിയായ ജീവിതം. കൃഷിയും ജീവിതവും രണ്ടല്ല എന്ന ഫുക്കുവോക്കൻ ആശയത്തോട് താൽപര്യം തോന്നി വീടിനോട് ചേർന്ന സ്ഥലം മതിലുകെട്ടി തിരിച്ച് ഒറ്റവൈക്കോൽ ആശയത്തിൽ കൃഷി തുടങ്ങി. ബുദ്ധിമുട്ടിയുള്ള കൃഷിപ്പണികളേ വേണ്ട എന്നായിരുന്നു ഫുക്കുവോക്ക പറഞ്ഞിരുന്നത്.അദ്ദേഹം പറയുന്നതുപോലെ എത്രമാത്രം ശരിയായ കൃഷിരീതിയിൽ പ്രാവർത്തികമാകും എന്ന സംശയം ആദ്യം ഉണ്ടായിരുന്നതായി ഗംഗാധരൻമാഷ് പറയുന്നു. 'ചിറ്റേനി' നെൽവിത്താണ് വിതച്ചത്. ഇടയ്ക്ക് പയർ കുത്തുകയും ചെയ്തു. വളം ചെയ്യാത്ത കൃഷിരീതിയാണെങ്കിലും ചാരവും ചാണവും ഇട്ടു. ഇലകൾക്ക് മഞ്ഞ നിറമായി. ആ സമയത്താണ് ജർമനിയിലെ ഗ്രീൻ മൂവ്മെൻറിെൻറ പ്രവർത്തനായിരുന്ന ആർനോ സീസൻബർഗർ എെൻറ ശിഷ്യൻ വഴി കേട്ടറിഞ്ഞ് വീട്ടിലെത്തിയത്. കൃഷിയിടത്തിന് ചുറ്റും കെട്ടിപ്പൊക്കിയ അതിരുകൾ പൊളിച്ചുമാറ്റാനുള്ള അദ്ദേഹത്തിെൻറ അഭിപ്രായം സ്വീകരിച്ച് അവ നീക്കി. ഒരുനാൾ പാടത്ത് എത്തിയപ്പോൾ അത് കണ്ടു- ഒരു കതിർ പോലും ശേഷിക്കാതെ തത്തകൾ കൊത്തിക്കൊണ്ടുപോയിരിക്കുന്നു. വിഷമം തോന്നിയില്ല, തത്തകളല്ലേ, അവർക്ക് തിന്നാനായല്ലേ കൊണ്ടുപോയത്.... മാഷ് ചിരിയോടെ പറഞ്ഞു.
ഒറ്റവൈക്കോൽ വിപ്ലവത്തിെൻറ പ്രകാശനത്തിന് മാസങ്ങൾക്ക് ശേഷമായിരുന്നു ഫുക്കുവോക്കയുടെ ഇന്ത്യ സന്ദർശനം. പോണ്ടിച്ചേരിയിൽ അദ്ദേഹം എത്തിയപ്പോൾ സുഗതകുമാരിയുടെ സഹോദരി സുജാത ദേവിയോടൊപ്പം ഞങ്ങൾ അഞ്ച് കേരളീയർ അവിടെയെത്തി. പ്രസംഗം കേൾക്കാനെത്തിയവർക്കെല്ലാം അദ്ദേഹം ഉൽപാദിപ്പിച്ച 'ഹാപ്പി ഹിൽ' എന്ന നെൽവിത്ത് നൽകി. ഏതാനും മണി തനിക്കും കിട്ടിയെന്ന് ഗംഗാധരൻ മാഷ്. പ്രസംഗശേഷം ഇരിക്കുകയായിരുന്ന അദ്ദേഹത്തിന് അരികിലെത്തി ഞാൻ 'ഒറ്റവൈക്കോൽ വിപ്ലവ' ത്തിെൻറ പ്രതി നൽകി. അത് തിരിച്ചുമറിച്ചും നോക്കി.'' ദിസ് ഈസ് ദ സെക്കൻഡ് ട്രാൻസ്ലേഷൻ എന്ന് പറഞ്ഞു. പിന്നീടാണ് തീരെ പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നത്. ''അദ്ദേഹം എഴുന്നേറ്റ് നിന്ന് എന്നെ മുറുകെ ആേശ്ലഷിച്ചു. മറക്കാനാവില്ല ആ നിമിഷം. ഒറ്റവൈക്കോൽ വിപ്ലവത്തിന് ഇപ്പോൾ 40 ഓളം വിവർത്തനമുണ്ട്.''-മാഷ് പറഞ്ഞു.
മനുഷ്യനെ ജൈവാവസ്ഥയിൽ ഉറപ്പിച്ചുനിറുത്തുക എന്നതായിരുന്നു ഗംഗാധരൻ മാഷുടെ സ്വപ്നം. അതിനായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഒറ്റവൈക്കോൽ വിപ്ലവം കാർഷിക മേഖലയിൽ ഉയർത്തിയ ചലനം പോലെത്തന്നെയായിരുന്നുവിദ്യാഭ്യാസത്തെ സ്ഥാപനവൽകരിക്കുന്നതിനെ വിമർശിച്ച ഡീ സ്കൂളിങ് സൊൈസറ്റി എന്ന ആശയം അവതരിപ്പിച്ച ക്രൊയേഷ്യൻ ചിന്തകൻ ഇവാൻ ഇല്ലിച്ചിെൻറ ആശയലോകം കേരളത്തിന് പരിചയപ്പെടുത്തിയത്. 20ാം നൂറ്റാണ്ടിെൻറ ശിൽപികളെ പരിചയപ്പെടുത്തുന്ന സി.എം.ഐ സംഘടിപ്പിച്ച വിശ്വദർശന പരമ്പരയിലായിരുന്നു ഇവാൻ ഇല്ലിച്ചിനെക്കുറിച്ച് ശ്രദ്ധേയ പ്രഭാഷണം നടത്തിയത്. വൈദ്യചികിത്സ രംഗത്ത് തുടരുന്ന നൈതികതയില്ലായ്മ വെളിപ്പെടുത്തിയ ആ സംഭാഷണം ഇവാൻ ഇല്ലിച്ചിെൻറ 'വൈദ്യചികിത്സയുടെ അതിരുകൾ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ളതായിരുന്നു. ഈ തർജമ പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. ഫെലികസ് ഓസ്റ്റീറ്റിെൻറ 'വിവേകത്തിലൂടെ ആരോഗ്യത്തിലേക്ക്' എന്ന വിവർത്തനവും ആരോഗ്യചർച്ചകളെ സജീവമാക്കി.
കാഫ്ക ഏറെ പ്രിയം
1935ൽ മാളക്കടുത്ത് താഴേക്കാട് ഗ്രാമത്തിൽ ചിറ്റിയത്ത് പാറെൻറയും കാർത്ത്യാവയനിയുടെയും മകനായാണ് ജനിച്ചത്. ആളുർ ഗവ. ഹൈസ്കൂളിലായിരുന്നു വിദ്യഭ്യാസം.
മലയാളം സാഹിത്യവിശാരദ് പാസായി ആമ്പല്ലൂർ അസംപ്ഷൻ സ്കൂളിൽ അധ്യാപകനായി. പിതാവ് കൃഷിക്കാരനായിരുന്നു. ഒരു നാൾ ഒരാൾ കീടനാശിനിയുമായി കൃഷിയിടത്തിലെത്തി-ഗംഗാധരൻ മാഷ് ഓർക്കുന്നു. പിറ്റേന്ന് പാടം ആകെ വെളുത്തുകിടക്കുകയാണ്. തവള ഉൾപ്പെടെ ഒരുപാട് ജീവികൾ ചത്തുകിടക്കുന്നു. സഹിക്കാനായില്ലെന്ന് മാഷ് പറയുന്നു.
ചെറുപ്പത്തിലേ തൃശൂരിലെ കറണ്ട് ബുക്സിൽ വെച്ച് കെ.ജി.എസും സച്ചിദാനന്ദനും ഉൾപ്പെടെ ഉള്ള വൻ സൗഹൃദം രൂപപ്പെട്ടിരുന്നു. വായനയാണ് അവരുമായി അടുപ്പിച്ചത്. തുടക്കത്തിൽ പാശ്ചാത്യ സാഹിത്യത്തിലായിരുന്നു പ്രിയം. കാഫ്കയാണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തിെൻറ കാസിൽ എന്ന പുസ്തകം വിവർത്തനം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രസാധകരെത്തിയില്ല. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി 2012ൽ ടാഗോറിെൻറ കവിതകളാണ് അവസാനമായി വിവർത്തനം ചെയ്ത്. ശേഷം വായന തുടരുന്നുണ്ട്. പച്ചപ്പിനെയും പ്രകൃതിയെയും സ്നേഹിച്ച് ജീവിതത്തിെൻറ സായാഹ്നത്തിലും ഋഷിതുല്യ ജീവിതം തുടരുകയാണ് അദ്ദേഹം.കാർത്ത്യായനിയാണ് ഭാര്യ: മൂന്ന് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.