കാഞ്ഞിരപ്പള്ളി വിഴിക്കത്തോട്ടിലെ ഹോംഗ്രോൺ ഫാം

വരണം, സ്മാർട്ട് ഫാമിങിന്‍റെ കാലം

ഒന്നര പതിറ്റാണ്ട് മുമ്പാണ്. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോടുകാർ മൂക്കത്ത് വിരൽവെച്ചുനിന്ന നാളുകളായിരുന്നു അത്. നല്ല വരുമാനം കിട്ടുന്ന ഏക്കറുകണക്കിന് റബർ വെട്ടിക്കളഞ്ഞ് ഇതുവരെ കാണാത്തത് എന്തൊക്കെയോ നടുകയാണ് കൊണ്ടൂപ്പറമ്പിലെ പിളേളര്. ഇപ്പോഴും അതേ ആശ്ചര്യത്തിൽ തന്നെയാണ് നാട്ടുകാർ. കാരണം മറ്റൊന്നാണെന്ന് മാത്രം. അന്നത്തെ 20 ഏക്കറിന് പകരം ഇന്ന് വിഴിക്കത്തോട്ടിൽ മണിമലയാറിന്‍റെ തീരത്ത് 82 ഏക്കറിൽ പഴങ്ങളുടെ വിസ്മയലോകമാണ് ഒരുങ്ങിയിരിക്കുന്നത്- ഏഷ്യയിലെ ഏറ്റവും വലിയ ട്രോപിക്കൽ ഫലവൃക്ഷ നഴ്സറികളിലൊന്നായ ഹോംഗ്രോൺ ബയോടെക്. 12 പണിക്കാർക്കൊപ്പം 13ാമനായി തോട്ടത്തിലേക്കിറങ്ങുന്ന, പൊന്നുവിളയിക്കുന്ന കർഷനായിരുന്ന കൊണ്ടുപ്പറമ്പിൽ വക്കച്ചന്‍റെ മക്കൾ തുടങ്ങിവെച്ച കാർഷിക സംരംഭം വിജയകരമായതിൽ അത്ഭുതമൊന്നും കാണുന്നുമില്ല നാട്ടുകാർ.


വാണിജ്യമായി ഉൽപാദിപ്പിച്ച് വിപണനം ചെയ്യാൻ കഴിയുന്ന 30 ഇനങ്ങളടക്കം 72 ഓളം ഫലവൃക്ഷങ്ങളുടെ കലവറയാണ് ഹോംഗ്രോൺ. കേരളത്തിന്‍റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചുള്ള വിദേശ ഫലവൃക്ഷങ്ങൾ മലയാളികളെ പരിചയപ്പെടുത്തുന്നതിൽ ഹോംഗ്രോൺ വഹിച്ച പങ്ക് വളരെ വലുതാണ്. രോഗവിമുക്തമായ തൈകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ പരീക്ഷണശാലയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നതിൽ തുടങ്ങി ഓരോ ഇനം തൈയും നട്ട് പരിപാലിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ കർഷകരിൽ എത്തിക്കുന്നതിൽ വരെ കാണിക്കുന്ന ജാഗ്രതയാണ് ഹോംഗ്രോണിനെ വ്യത്യസ്തമാക്കുന്നത്.

വിദേശ രാജ്യങ്ങൾ സന്ദർശിച്ച് കേരളത്തിന് അനുയോജ്യമായ പഴവർഗങ്ങൾ കണ്ടെത്തി, ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയാണ് ഹോംഗ്രോണിന്‍റെ പ്രവർത്തനമെന്ന് പറയുന്നു മാനേജിങ് ഡയറക്ടർ ജോസ് ജേക്കബ്. കേരളത്തിന് അനുയോജ്യമായ പഴങ്ങളെ കുറിച്ച് 1999 മുതല്‍ അന്വേഷണത്തിലായിരുന്നു ഹോംഗ്രോണിന്‍റെ സാരഥികളായ റെന്നി ജേക്കബും ജോജോ ജോസഫും ജോസ് ജേക്കബും. മലേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ലാവോസ്, ഇന്ത്യോനേഷ്യ, സിങ്കപൂര്‍, ശ്രീലങ്ക, ബ്രൂണോ എന്നിവിടങ്ങളിലെ പഴത്തോട്ടങ്ങളിലാണ് ആ അന്വേഷണം അവസാനിച്ചത്. അങ്ങനെ അവിടുത്തെ കൃഷി രീതിയും മറ്റും നേരിട്ടു മനസിലാക്കി കേരളത്തില്‍ മൂല്യവർധിതമാകുമെന്ന് ഉറപ്പുള്ളവയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് 2006ൽ വിഴിക്കത്തോട്ടിൽ മണിമലയാറിന്‍റെ തീരത്ത് 20 ഏക്കറിലെ റബർ വെട്ടിമാറ്റി അത്യാധുനിക നഴ്‌സറി തുടങ്ങുന്നത്. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ അംഗീകാരത്തോടെയും സഹായത്തോടെയും പ്രവര്‍ത്തിക്കുന്ന സംരംഭത്തിന് 2014-15ൽ കേരള സർക്കാറിന്‍റെ മികച്ച കൊമേഴ്സ്യൽ നഴ്സറിക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


തറവാട്ടുമുറ്റത്തെ 85 വർഷം പഴക്കമുള്ള റമ്പുട്ടാൻ മരം

വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും വരെ വീട്ടുമുറ്റത്തെ പഴകൃഷിയിലൂടെ വരുമാനം സാധ്യമാക്കുന്ന ഒരു കാർഷിക സംസ്കാരം കേരളത്തിൽ വളർന്നുവരണമെന്നത് ഹോംഗ്രോണിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന് വിത്തുപാകിയതാകട്ടെ, തറവാട്ടുമുറ്റത്തെ 85 വർഷം പഴക്കമുള്ള റമ്പുട്ടാൻ മരവും. ബർമയിൽ നിന്ന് വിരുന്നെത്തിയ ആ മരത്തിൽനിന്ന് പ്രതിവർഷം 500 കിലോയോളം പഴങ്ങൾ കിട്ടിയതാണ് അതിന്‍റെ വ്യത്യസ്തമായ ഇനങ്ങളിലേക്കുള്ള അന്വേഷണത്തിലേക്ക് ജോസ് ജേക്കബിനെയും മറ്റും നയിച്ചത്. അതുവരെ കൊക്കോ ബിസിനസിൽ ഏർപ്പെട്ടിരുന്ന അവരെ ആ അന്വേഷണം കൊണ്ടെത്തിച്ചത് പഴങ്ങളുടെ മായാലോകത്താണ്. കേരളത്തിന്‍റെ വാം ഹ്യുമിഡ് ട്രോപിക്കൽ കാലാവസ്ഥയിൽ മിത ശീതോഷ്ണമേഖലാ പഴങ്ങളായ റമ്പുട്ടാന്‍, ദുരിയാന്‍, മാംഗോസ്റ്റിന്‍, പുലാസാന്‍, അബിയു, ലോങ്ങൻ, അ വൊകാഡോ, മിൽക്ക് ഫ്രൂട്ട്, വിയറ്റ്നാം സൂപ്പർ ഏർലി തുടങ്ങിയവ നന്നായി വിളയുമെന്നും മികച്ച രുചി നൽകുമെന്നും ബോധ്യപ്പെട്ടതോടെ റബർ വെട്ടിക്കളഞ്ഞ് അവ നട്ടു. ഇത് ആദായകരമാണെന്ന് മനസ്സിലായതോടെ തോട്ടം വലുതാക്കുകയും മറ്റ് കര്‍ഷകര്‍ക്കും പ്രയോജനപ്പെടും വിധം അവയുടെ തൈകൾ വികസിപ്പിച്ചെടുക്കുകയുമായിരുന്നു.

മാനേജിങ് ഡയറക്ടർ ജോസ് ജേക്കബ്

'ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ രണ്ട് ശതമാനത്തിൽ മാത്രമുള്ളതാണ് കേരളത്തിലെ കാലാവസ്ഥ. ചക്കയും മാങ്ങയും ഓറഞ്ചും മുന്തിരിയുമൊക്കെ ബാക്കിയിടങ്ങളിൽ വിളയും. പക്ഷേ, കേരളത്തിൽമാത്രം വിളയുന്ന പഴങ്ങളാണ് റമ്പുട്ടാനും അവൊകാഡോയും മാംഗോസ്റ്റിനും ദുരിയാനും മറ്റും. നമ്മുടെ സാധ്യത എത്രയോ വലുതാണെന്ന് ഓർത്തുനോക്കൂ. നമ്മൾ പക്ഷേ, ഇപ്പോഴും റബർ, കാപ്പി, തേയില, തേങ്ങ, ഏലം എന്നിവയുടെ പിന്നാലെയാണ്. ഇവയെ ഒന്നും തള്ളിപ്പറയുകയല്ല. പക്ഷേ, ഈ അഞ്ചോ ആറോ വിളകളിൽ ഒതുങ്ങേണ്ടതല്ല കേരളത്തിന്‍റെ കാർഷിക മേഖല. 2012-13ൽ തോട്ടം മേഖലയിൽ നിന്ന് 23,000 കോടി വരുമാനമുണ്ടാക്കിയിടത്ത് ഒമ്പതുകൊല്ലം കഴിഞ്ഞപ്പോൾ 6000 കോടിയായി അത് കുറഞ്ഞു.

ഈ തോട്ടങ്ങളിലൊക്കെ ഇടവിളയായി അവൊകാഡോയും മാംഗോസ്റ്റിനും മറ്റും നട്ടുപിടിപ്പിച്ചാൽ തന്നെ ലാഭം എത്രയോ ഇരട്ടിയാക്കാം. പ്രകൃതി സംരക്ഷണവും വരുമാനവും ഒരുപോലെ ലക്ഷ്യമിടുന്ന സ്മാർട്ട് ഫാമിങിലേക്ക് കേരളം മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഓരോ മേഖല തിരിച്ച് അവിടേക്ക് അനുയോജ്യമായ പഴകൃഷി പ്രോത്സാഹിപ്പിച്ചാൽ ട്രോപിക്കൽ പഴങ്ങളുടെ പ്രീമിയം ഹബ് ആയി കേരളം മാറും' -ജോസ് ജേക്കബ് പറയുന്നു.

ജോസ്​ ജേക്കബ്​

ഇതിന് ഉദാഹരണമായി അദ്ദേഹം ചുണ്ടിക്കാണിക്കുന്നത് തായ്ലന്‍റിലെ ചന്താബുരി പ്രവിശ്യയാണ്. ദുരിയാൻ കൃഷി കൊണ്ട് മാത്രം പ്രതിവർഷം 8000 കോടി രൂപയുടെ വരുമാനമാണ് ഈ പ്രവിശ്യക്ക് മാത്രം ഉണ്ടായത്. കൃഷി സജീവമാകുേമ്പാൾ പ്രോസസിങ് യൂനിറ്റ്, ഗ്രേഡിങ് സെന്‍റർ, ഗോഡൗൺ, എക്സ്പോർട്ടിങ് കമ്പനികൾ, ലോജിസ്റ്റിക്സ് ഇങ്ങനെ വിവിധ മേഖലകളിൽ മൂലധന നിക്ഷേപം ഉണ്ടാകും. ഇത് തായ്ലന്‍റിലെ ഒരു പ്രവിശ്യയുടെ മാത്രം കാര്യമാണ്. ഇതുപോലെ കേരളത്തിലെ ഓരോ ജില്ലയും അവിടെ അനുയോജ്യമായ പഴങ്ങളുടെ കൃഷിയിൽ കേന്ദ്രീകരിച്ചാൽ കാർഷിക-ടൂറിസം-വ്യവസായ-തൊഴിൽ മേഖലകളിൽ വൻ മുന്നേറ്റം കൈവരിക്കാനാകുമെന്ന് ജോസ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. 'നമ്മുടെ അതേ കാലാവസ്ഥയുള്ള തായ്ലന്‍റും വിയറ്റ്നാമും കേമ്പാഡിയയുമൊക്കെ ഈ സാധ്യതകൾ ഉപയോഗപ്പെടുത്തിയപ്പോൾ നമ്മൾ സായിപ്പ് തന്നിട്ടുപോയ റബറിലും തേയിലയിലുമൊക്കെ മാത്രമായി ചുരുങ്ങി.

പഴയതിനെ നന്ദിയോടെ തന്നെ ഓർത്ത്, കാലഘട്ടത്തിനനുസരിച്ച് മാറി ഈ പഴങ്ങളുടെ കാർഷിക സംസ്കാരം വന്നാൽ തന്നെ ഇന്ത്യയിലെ സമ്പന്നമായ സംസഥാനമായി കേരളം മാറും. മൂന്നേക്കർ മുപ്പത് സെന്‍റ് റമ്പുട്ടാൻ തോട്ടത്തിൽ നിന്ന് കഴിഞ്ഞ വർഷം 27 ലക്ഷത്തിന്‍റെ വരുമാനമാണ് ഞങ്ങൾക്കുണ്ടായത്. കൃഷിയിൽ മാത്രം നമ്മൾ പാരമ്പര്യം നോക്കിയിരുന്നിട്ട് കാര്യമില്ല. നമ്മൾ കുട്ടികളെ പഠിപ്പിക്കാൻ വിടുന്നത് കാർന്നോന്മാർ പഠിച്ച സ്കൂളിലല്ലല്ലോ. അസുഖം വന്നാൽ അവർ പോയിരുന്ന കേമ്പാണ്ടറുടെയടുത്തല്ല നമ്മൾ മക്കളെ കൊണ്ടുപോകുക. അപ്പോൾ, കൃഷിയിൽ മാത്രം പാരമ്പര്യം നോക്കിയിരിക്കാതെ ലോകത്തിന്‍റെ ആവശ്യം വേറെയാണെന്ന് തിരിച്ചറിഞ്ഞുള്ള മാറ്റങ്ങളാണ് വേണ്ടത്. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച മലയാളികൾ കൃഷിയിൽ മാത്രമാണ് പിന്നിൽ നിൽക്കുന്നത്. കേരളത്തിലെ 30 ശതമാനം ആളുകൾ അവർക്ക് ഉള്ളയിടത്ത് ഈ പഴങ്ങൾ കൃഷി ചെയ്താൽ തന്നെ നമ്മുടെ സംസ്ഥാനം രക്ഷപ്പെടും' -അദ്ദേഹം പറയുന്നു.

ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാന-ഗവേഷണകേന്ദ്രം

പണം കൊയ്യാനാകുന്ന നിരവധി ഇനം ഫലവൃക്ഷത്തൈകൾ വിൽക്കുന്ന കേന്ദ്രം എന്നതിൽ നിന്ന് മാറി ട്രോപിക്കൽ പഴങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാന-ഗവേഷണ കേന്ദ്രമാക്കി ഹോംഗ്രോണിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോസ് ജേക്കബ് വ്യക്തമാക്കുന്നു. ഭാവിയിൽ ഇവിടെ വരുന്നവർക്ക് അറിവും അനുഭവവും ലഭിക്കുന്ന ഒരു സ്ഥാപനമാക്കി ഹോംഗ്രോണിനെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവർ. അതിനു അടിത്തറയിട്ടുകൊണ്ട് ശക്തമായ ഒരു ഗവേഷണ-വികസന വിഭാഗം (ആർആന്‍റ്ഡി) ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തൈകളിൽ പരീക്ഷണം നടക്കുന്നതുപോലെ കേമ്പാസ്റ്റ് നിർമാണത്തിലും ഇവിടെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ആവർത്തനകൃഷി കൊണ്ട് നഷ്ടപ്പെട്ട മണ്ണിന്‍റെ മൂലകങ്ങളും ജൈവാംശവും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന രീതിയിൽ, ഇന്ത്യൻ കൗൺസിൽ ഫൊർ അഗ്രികൾചർ റിസർച്ചിന്‍റെ അർക മൈക്രോബിയൽ കൺസോർഷ്യം സാങ്കേതികത ഉപയോഗിച്ചുള്ള കേമ്പാസ്റ്റ് ആണ് നിർമിക്കുന്നത്. മണ്ണിനെ സംരക്ഷിക്കാനുള്ള ജീവാണുക്കളുടെ കോടാനുകോടി യോദ്ധാക്കളാണ് ഇതിലുണ്ടാകുക. മരങ്ങളെ രോഗവിമുക്തമായി വളരാൻ ഇത് സഹായിക്കും. മാലിന്യങ്ങളെല്ലാം വളമാക്കി മാറ്റുന്നത് കൊണ്ട് ഹോംഗ്രോണിന്‍റെത് സീറോ വേസ്റ്റ് ഫാം ആണ്. ചാണകം, കാഷ്ടങ്ങൾ, ഉമി, അറക്കപ്പൊടി തുടങ്ങി ഒമ്പത് കൂട്ടം സാധനങ്ങളും ഇവിടുത്തെ ആർആന്‍റ്ഡി വികസിപ്പിച്ചെടുത്ത ബയോ ഏജന്‍റുകളും ഉപയോഗിച്ച് 40 ദിവസം കൊണ്ട് കേമ്പാസ്റ്റ് ഉണ്ടാക്കുന്നുണ്ട്.

ദുരിയാൻ

'ഒരുപാട് ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ട്. മുന്നിലേക്കുള്ള വഴിയിലേക്ക് ചെറിയ വെളിച്ചം കാണിക്കുക മാത്രമാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ വെസ്റ്റ്ഫാലിയ ഫ്രൂട്സിന്‍റെയും മലേഷ്യയിലെ പെനാങ് ബവോഷെങ് ഫാമിന്‍റെയുമൊക്കെ മാതൃകയിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ ട്രോപിക്കൽ പഴങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ മണ്ണിന്‍റെ ചൂഷണം നടക്കുന്നതിനാൽ, മണ്ണിനെ സംരക്ഷിച്ചുകൊണ്ടുള്ള കൃഷി ഭാവിയിൽ നമ്മുടെ കർഷകർക്ക് നേട്ടമാകും. അതിനുള്ള ബോധവത്കരണവും ഞങ്ങൾ നടത്തുന്നുണ്ട്. ഏത് ഫലവൃക്ഷമാണെങ്കിലും അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കി വേണം നട്ടുപിടിപ്പിക്കുവാനെന്നാണ് ഞങ്ങൾ കർഷകരെ ഉപദേശിക്കുന്നത്. എല്ലാ വീട്ടുവളപ്പിലും തൊടിയിലും അത്യാവശ്യം പഴവർഗങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. പഴങ്ങൾ കൃഷി ചെയ്ത് ഗൾഫ് രാജ്യങ്ങൾക്ക് സമാനമായ വികസനം ഇവിടെ കൊണ്ടുവരാനാകും' -ജോസ് ജേക്കബ് പറയുന്നു.

നിലവിൽ ഹോംഗ്രോണിന്‍റെ കാഞ്ഞിരപ്പള്ളി, തിരുവല്ല, അടിമാലി ശാഖകളിലൂടെയും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 1200 നഴ്സറികളിലൂടെയും ഇവരുടെ തൈകൾ ലഭ്യമാണ്. എല്ലാ താലൂക്കുകളിലും ബ്രാഞ്ച് സ്ഥാപിക്കുകയെന്ന പദ്ധതിയും ഹോംഗ്രോണിനുണ്ട്. വ്യാജന്മാരുടെ ഭീഷണി നേരിടുന്നതിനാൽ ഹോംഗ്രോണിന്‍റെ ഹോളോഗ്രാം സ്റ്റിക്കറുള്ള തൈകളാണ് ഇപ്പോൾ നൽകുന്നത്. ഓരോ ഇനം നടുേമ്പാളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളർച്ചയുടെ ഏതൊക്കെ ഘട്ടങ്ങളിൽ ഇടപെടണം, വളമിടണം, വിളവെടുപ്പിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ പ്രതിരോധ ശേഷി കൈവരിക്കാം തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തി ആർആന്‍റ്ഡി വിഭാഗം തയാറാക്കിയ കൈപ്പുസ്തകവും തൈകൾക്കൊപ്പം കർഷകർക്ക് നൽകുന്നുണ്ട്. കോവിഡ് മൂലം സെമിനാറുകൾ നിന്നുപോയതിനാൽ കർഷകർക്ക് ലൈവ് ഡെമോ കാണിച്ചുകൊടുക്കുന്നതിനുള്ള സ്റ്റുഡിയോയും പരിഗണനയിലുണ്ട്. ദുരിയാൻ ഫാം ടൂറിസമാണ് മറ്റൊരു പദ്ധതി. ഇതിനായി ആറേക്കറിൽ 50 വ്യത്യസ്ത ഇനം ദുരിയാന്‍റെ 125 മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ബഗ്ഗി കാറിൽ ഓരോ മരത്തിന്‍റെയും അടുത്തുപോയി അതിനെ കുറിച്ച് പഠിക്കാൻ കഴിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത തലമുറയും ഈ ദൗത്യത്തിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. എം.എസ്സി ഹോർട്ടികൾചർ പഠിച്ച ശേഷം ആസ്ത്രേലിയയിൽ അവൊകാഡോ സംബന്ധിച്ച് ഗവേഷണം നടത്തുകയാണ് ജോസിന്‍റെ മകൻ ജേക്കബ് ജോസ്.

അവൊകാഡോ

അവൊകാഡോ-ഇന്ത്യയുടെ നാളത്തെ 'എണ്ണ'

ഗൾഫ് രാജ്യങ്ങൾക്ക് എണ്ണയെന്ന പോലെ നാളെ ഇന്ത്യയുടെ വളർച്ചയിൽ നിർണായകമാകുന്ന പഴമാണ് അവൊകാഡോയെന്ന് ജോസ് ജേക്കബ് പറയുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവോകാഡോ എന്നതിനാൽ ഇതിന് ഡിമാന്‍റ് ഏറി വരികയാണ്. അവൊകാഡോ ഉൽപാദകരായ ദക്ഷിണാഫ്രിക്കയും കെനിയയുമൊക്കെ ജലദൗർലഭ്യം നേരിടുന്നതിനാൽ ഉൽപാദനം കുറവായത് കേരളത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാവുന്നതായതിനാൽ തേയിലത്തോട്ടങ്ങളിലൊക്കെ ഇടവിളയായി അവൊകാഡോ നട്ടാൽ ഒരു ഏക്കറിൽ നിന്ന് മൂന്ന് മുതൽ നാല് ലക്ഷം വരെ വരുമാനമുണ്ടാക്കാം. ഹാസ്, റീഡ്, ബൂത്ത് തുടങ്ങിയ ഇനങ്ങൾ കേരളത്തിന് അനുയോജ്യമാണ്.

എൻ–18 എന്ന മുന്തിയ ഇനം റമ്പുട്ടാൻ ആണ് ഹോംഗ്രോണിന്‍റെ മറ്റൊരു 'സ്റ്റാർ പ്ലയർ'. ഏറ്റവും വിശിഷ്ടവും പഴങ്ങളിൽ ഏറ്റവും വിപണി മൂല്യവുമുള്ള ദുരിയാൻ വളരെയധികം പോഷകങ്ങളാൽ സമൃദ്ധമാണ്. കേരളത്തിൽ കൃഷി ചെയ്ത് വിജയിക്കാൻ സാധ്യതയുള്ള മുസാങ്ങ് കിങ്, മോന്തോങ്, റെഡ് പ്രോൺ, ചാനി, കന്യാവ് തുടങ്ങിയവ ഹോംഗ്രോൺ നൽകുന്നു.കേരളത്തിന്‍റെ സമതലങ്ങൾക്കും ഹൈറേഞ്ചിനും വളരെ യോജിച്ച ഫലവൃക്ഷമാണ് ലോങ്ങൻ. ശരീരക്ഷീണം അകറ്റി ഊർജസ്വലത നൽകുന്ന ഫലം എന്ന നിലക്ക് ലോങ്ങന് സാധ്യതകളേറെയാണ്.

അച്ചാചെയ്​റു

തണലിനോട് പൊരുത്തപ്പെടുന്ന വിളയായതിനാൽ കേരളത്തിലെ വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാവുന്ന അബിയുവും കേരളത്തിൽ വാണിജ്യ പഴകൃഷിയിൽ ഏറെ സാധ്യതയുള്ള ഒന്നാണ്. മാംഗോസ്റ്റിനും കുടമ്പുളിയുമായി ഏറെ സാമ്യമുള്ള അച്ചാചെയ്റു എന്ന അച്ചാച്ചയും കേരളത്തിന് അനുയോജ്യമായ വാണിജ്യമൂല്യമുള്ള പഴമാണ്.

സീഡ്​ഫ്രീ ജാക്ക്​

ശാസ്ത്രീയവും ഊർജിതവുമായ കൃഷിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള വികസനത്തിനും സാധ്യത തുറന്നിടുന്ന പ്ലാവുകളാണ് മറ്റൊരു പ്രധാന ഇനം. ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവൻ തിരുത്തിക്കുറിക്കുന്ന സീഡ് ഫ്രീ ജാക്ക് ആണ് ഇവയിലെ 'സൂപ്പർസ്റ്റാർ'. കുരുവും അരക്കും ഇല്ല എന്നതാണ് ഈ ചക്കയുടെ പ്രത്യേകത. എന്നാൽ സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. അരക്കില്ലാത്ത ജാക്ക് ഗംലെസ്, ചെമ്പരത്തിപ്പൂവിനൊക്കുന്ന ചുവപ്പു നിറം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സിന്ദൂർ, കൂഴയിനങ്ങളിലെ കേമിയായ ജാക്ക് ചുങ്കപ്പുര സോഫ്റ്റ്, വിയറ്റ്നാം സൂപ്പർ ഏർലി, ജെ33, ഡാങ്സൂര്യ, പാത്താമുട്ടം വരിക്ക തുടങ്ങിയ ഇനങ്ങളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്​: +91 8113966600 (whatsapp also), 04828 297113. email : info@homegrown.in

Tags:    
News Summary - Homegrown: A success story in farm industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT