കാട വളർത്തി വരുമാനം ഇരട്ടിയാക്കാം

കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷികളാക്കി വ്യവസായികാടിസ്​ഥാനത്തിൽ വികസിപ്പിച്ചെടുത്തത്​ ജപ്പാൻകാരാണ്​. അതുകൊണ്ടാണ്​ ഇവ ജാപ്പനീസ്​ ക്വയിൽ (ജാപ്പനീസ്​ കാട) എന്നറിയപ്പെടുന്നത്​. ഇക്കാലത്ത്​ മിക്ക രാജ്യങ്ങളിലും മുട്ടക്കും മാംസത്തിനും ഇവയെ വളർത്തിവരുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽ ഈ പക്ഷികളെക്കുറിച്ചുള്ള ആദ്യ പഠനങ്ങൾ ആരംഭിച്ചത്​ 1974ലാണ്​.

ഗുണം, ഇനം

കുറഞ്ഞ തീറ്റച്ചെലവ്, മുട്ടവിരിയിക്കാൻ ചുരുങ്ങിയ ദിവസം, വളർത്താൻ കുറഞ്ഞ സ്​ഥലം എന്നിവ പ്രത്യേകതകളാണ്​. ആറാഴ്​ച പ്രായമാകു​േമ്പാൾ കാടകൾ മുട്ടയിട്ടുതുടങ്ങും. മുട്ടയും മാംസവും സ്വാദിഷ്​ടവും ഔഷധമേന്മയുള്ളതുമാണ്​. വിവിധയിനം കാടകളുണ്ടെങ്കിലും ജാപ്പനീസ്​ കാടകളും ബോബ്​ വൈറ്റ്​ കാടകളുമാണ്​ ഏറെ പ്രചാരത്തിലുള്ളത്​. കാടകൾ വർഷത്തിൽ 250 മുതൽ 300 വരെ മുട്ടകൾ ഇടുന്നു. ഏറ്റവും കൂടുതൽ മുട്ടയിടുക എട്ട്​ ആഴ്​ച മുതൽ 25 ആഴ്​ച വരെയുള്ള കാലത്താണ്​.


വൈകീട്ട്​ മൂന്നു​ മണി മുതൽ ആറു മണി വരെയാണ്​ 75 ശതമാനം കാടകളും മുട്ടയിടുക. എട്ട്​ ആഴ്​ച തൊട്ട്​ 12 മാസം വരെ മുട്ടയുൽപാദനം തുടരും. അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. ഇൻക്യുബേറ്റർ ഉപയോഗിച്ചോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ചോ കാട മുട്ടകൾ വിരിയിക്കാം. മുട്ട വിരിയാൻ 16 മുതൽ 18 ദിവസം വരെ വേണ്ടിവരും. മൂന്നാഴ്​ച കൃത്രിമമായ ചൂട്​ വേണം.

ഡീപ്​​ ലിറ്റർ സ​മ്പ്രദായത്തിലാണ്​ കാടക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക. നിലത്തു​ വിരിച്ച തവിട്, അറക്കപ്പൊടി, വയ്​ക്കോൽ എന്നിവയിൽ ഒരേ പ്രായത്തിലും വർഗത്തിലുമുള്ള പക്ഷികളെ ഒന്നിച്ച്​ വളർത്തുന്നതിനെയാണ്​ ഡീപ്​​ ലിറ്റർ സ​മ്പ്രദായം എന്നു​ പറയുന്നത്​. ഒരു ചതുരശ്രയടി സ്​ഥലത്ത്​ അഞ്ചോ ആറോ കാടകളെ ഈ സ​​മ്പ്രദായത്തിൽ വളർത്താം. നല്ല വാതായനവും വായു സഞ്ചാരവും വൃത്തിയുമുള്ള അന്തരീക്ഷവും കൂട്ടിൽ ഉണ്ടാകണം.


ആണുങ്ങളെയും പെണ്ണുങ്ങളെ‍യും തിരിച്ചറിയാം

മൂന്നാഴ്​ച പ്രായമാകു​േമ്പാൾ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തിൽനിന്ന്​ ആൺ-പെൺ കാടകളെ വേർതിരിക്കാം. ആൺ കാടകൾക്ക്​ ഈ ഭാഗങ്ങളിൽ ചുവപ്പും തവിട്ടും കലർന്ന നിറത്തിലുള്ള തൂവലുകളാണെങ്കിൽ പെൺ കാടകൾക്ക്​ കറുപ്പ്​ പുള്ളികളടങ്ങിയ 'ടാൻ' അല്ലെങ്കിൽ ഗ്രേ നിറത്തിലുള്ള തൂവലുകളാണ്​ ഉണ്ടാകുക.


മറ്റുപക്ഷികളിൽനിന്ന്​ വ്യത്യസ്​തമായി ആൺകാടകൾ പെൺകാടകളേക്കാൾ വലുപ്പം കുറഞ്ഞവയായിരിക്കും. പ്രായപൂർത്തിയായ ആൺകാടകളുടെ വിസർജനാവയവത്തിനടുത്ത്​ വിരൽ​കൊണ്ട്​ അമർത്തുകയാണെങ്കിൽ വെളുത്ത നിറത്തിൽ പത രൂപത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതായി കാണാം. ഇത്​ ആൺകാടയെ പെൺകാടയിൽനിന്ന്​ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ആറാഴ്​ചകൊണ്ട്​ പ്രായപൂർത്തിയാവുന്ന ഒരു കാടക്ക്​ 150 ഗ്രാം തൂക്കമുണ്ടാകും.


പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടുതുടങ്ങുന്നു. മുട്ടയിടുന്ന കാടകൾക്ക്​ അതിന്​ സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. അഞ്ചോളം കാടകൾക്ക്​ ഒരു പെട്ടി എന്ന നിലയിൽ ഡീപ്​​ ലിറ്ററിൽ വെച്ചിരിക്കണം. പെൺകാടകൾക്ക്​ പ്രതിദിനം 16 മണിക്കൂർ ​വെളിച്ചം ആവശ്യമാണ്​. കേജ്​ സ​മ്പ്രദായത്തിലും കാടകളെ വളർത്താം. 25 കാടകൾക്ക്​ 60x60x25 സെ.മീ. അളവിലുള്ള കൂടുകൾ മതി.

സമീകൃതാഹാരം വേണം

കോഴികളെപ്പോലെ സമീകൃതാഹാരം കാടകൾക്കും ആവശ്യമാണ്​. ആദ്യ മൂന്നാഴ്​ച സ്​റ്റാർട്ടർ തീറ്റ കൊടുക്കാം. ഇതിൽ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊർജവും അടങ്ങിയിരിക്കണം. മുട്ടയിടുന്ന കാടകൾക്ക്​ തീറ്റയിൽ കക്കപ്പൊടി ചേർത്ത്​ നൽകണം. ഒരു വർഷത്തിൽ ഒരു കാട എട്ടു​ കിലോ തീറ്റയെടുക്കും. വിവിധയിനം കാടത്തീറ്റകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇറച്ചിക്കോഴി​ത്തീറ്റ 100 കിലോയിൽ രണ്ടു​ കിലോ മീൻപൊടിയും അഞ്ചു​ കിലോ കടലപ്പിണ്ണാക്കും ആറു​ ഗ്രാം ജീവകം ഇ പൊടിയും ചേർത്ത്​ തീറ്റയായി നൽകാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.