ഞാറ്റടിയൊരുക്കുമ്പോൾ പാടത്തെ ചേറിനൊരുമണമുണ്ട്. ഞാറ് കിളിർത്ത് തഴച്ചുവളരുന്ന സമയത്ത് പാടത്തിന് മറ്റൊരു മണമാണ്. നെല്ല് വിളയുമ്പോൾ അതിനെ തഴുകിയെത്തുന്ന കാറ്റിനുമുണ്ട് വേറൊരു സുഗന്ധം. വീട്ടിൽ പശുവും തൊഴുത്തുമുണ്ടെങ്കിൽ ആ വീടിന് അതിന്‍റെയൊരുമണമാണ്. പാടത്ത് വരമ്പൊരുക്കി, ഞാറ്റടിയിൽ വിത്ത് വിതച്ച് വളവും പരിചരണവും നൽകി, ഒടുവിൽകൊയ്തെടുത്ത് ആ നെല്ലിന്‍റെ അരികൊണ്ട് ഊണൊരുക്കുമ്പോൾ മനസ്സിനൊരു നിറവുണ്ട്. പറമ്പിലെ പച്ചക്കറികൾകൊണ്ട് കറികളൊരുക്കുമ്പോൾ അതിന് വേറിട്ടൊരു രുചിയുണ്ട്. ഇതൊക്കെ കർഷകന്‍റെ അനുഭവങ്ങളാണ്. ഈ അനുഭവങ്ങളിലൂടൊക്കെ കടന്നുവന്നയാളാണ് കൃഷിമന്ത്രി . നെല്ല് മുതൽ പച്ചക്കറികൾ വരെ മണ്ണിൽ വിളയിക്കുന്നതിന്‍റെ പാടും പാഠവും പാടവവും അദ്ദേഹത്തിനറിയാം. മണ്ണിലിറങ്ങി പണിയെടുക്കുന്നത് അദ്ദേഹത്തിന് ശീലമാണ്. മണ്ണിൽ അധ്വാനിച്ച് പൊന്നുവിളയിക്കുന്നതിന്‍റെ രസതന്ത്രമറിയുന്ന കൃഷി മന്ത്രി അദ്ദേഹത്തിന്‍റെ കൃഷിയനുഭവങ്ങളും കേരളത്തിലെ കൃഷിയുടെ ഭാവിയെകുറിച്ചും പറയുന്നു...
‘‘കുട്ടിക്കാലം മുതൽ കൃഷി ചെയ്തും അതിൽനിന്നെടുത്ത് ഉണ്ടും വിറ്റും വളർന്നതാണ്. മന്ത്രിയുടെ തിരക്കുകൾക്കിടയിലും പറമ്പിലേക്കിറങ്ങും, മണ്ണൊരുക്കും, വിതക്കും, നട്ടുപരിപാലിക്കും. വിളവെടുക്കുമ്പോൾ അതു വിറ്റ് വരുമാനവും നേടും.’’
മന്ത്രിയുടെ മനസ്സ് നിറയെ കർഷകരുടെ വിളകൾക്ക് വിപണിയും വിലയും നേടിക്കൊടുക്കാനുള്ള ചിന്തയും പദ്ധതികളുമാണ്. ഉൽപാദിപ്പിക്കുന്ന വിളകൾ വിറ്റ് ലഭിക്കുന്ന വരുമാനംകൊണ്ട് കർഷകർ തൃപ്തിപ്പെടരുതെന്നാണ് ഈ മന്ത്രി പറയുന്നത്. അത്തരം പ്രാഥമിക തലത്തിൽനിന്ന് കർഷകർ ഉയരണം. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ അധിക വരുമാനം നേടുന്ന നിലയിലേക്ക് അവർ എത്തണം. അതിനുള്ള യത്നത്തിലാണ് താനും സർക്കാറുമെന്ന് അദ്ദേഹം പറയുന്നു.
‘‘പുതിയ തലമുറക്ക് കൃഷിയിൽ താൽപര്യമില്ലെന്ന് പറയുന്നത് ശരിയല്ല. കൃഷിയിൽനിന്ന് മികച്ച വരുമാനം ലഭിച്ചാൽ അവർ മണ്ണിലേക്കിറങ്ങും. മികച്ച വരുമാനത്തിന് വിളകൾ അതേപടി വിറ്റാൽ പോരാ. മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കണം. ഏത്തക്കുല വിൽക്കുന്നതിനെക്കാൾ വില ലഭിക്കും ചിപ്സിനും ഏത്തക്കാപ്പൊടിക്കും. ഇപ്പോൾ പാക്കറ്റിൽ ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സ് നോക്കുക. ഉരുളക്കിഴങ്ങ് ഒന്നിന് ചില്ലറ പൈസയേ വിലയുള്ളൂ. അതു ചേരുവകൾ ചേർത്ത് വറുത്ത് ആകർഷകമായ പാക്കറ്റിൽ വിപണിയിൽ എത്തിക്കുമ്പോൾ പാക്കറ്റ് ഒന്നിന് എത്രയാണ് വില. ലാഭമുണ്ടാക്കുന്നത് കമ്പനികളാണ്. കാർഷിക ഉൽപന്നങ്ങൾ വിൽകുക എന്നതിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിലേക്ക് കർഷകർ മാറിയെങ്കിലേ വലിയ വരുമാനം ഉണ്ടാക്കാൻ കഴിയൂ. വലിയ വരുമാനം ഉറപ്പായാൽ യുവാക്കൾ കൃഷിയിലേക്കിറങ്ങും’’ മന്ത്രി പ്രതീക്ഷ പങ്കുവെക്കുന്നു.
നമ്മുടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഇപ്പോൾ പ്രദർശനശാലകളിലും ഗ്രാമീണ ചന്തകളിലുമൊക്കെയാണ് വിൽപനക്ക് വെക്കുന്നത്. അതുകൊണ്ടായില്ല. അതിനാൽ ‘കേരളഗ്രോ’ പ്രോഡക്ടസ് എന്ന നിലയിൽ ബ്രാൻഡ് ചെയ്ത് ആകർഷകമായ പാക്കറ്റുകളിൽ വിപണിയിലിറക്കുന്നതിന് പിന്തുണ നൽകുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.
‘‘കൃഷിയായിരുന്നു കുടുംബത്തിന്‍റെ ഉപജീവനമാർഗം. മറ്റു വരുമാനമൊന്നും ഉണ്ടായിരുന്നില്ല. പാടവും പറമ്പും പശുവുമെല്ലാമയിരുന്നു ജീവിതത്തിന്‍റെ പൈതൃകം. കൂട്ടുകാർക്കൊപ്പം വയലിലെ ചേറിലൂടെ ഓടിനടന്നും തോട്ടിൽനിന്ന് തോർത്ത് മുണ്ടുകൊണ്ട് പരൽമീനുകളെ പിടിച്ചും കളിച്ചു നടന്നതാണ് കുട്ടിക്കാലം. സ്കൂൾ പഠനം കഴിഞ്ഞപ്പോൾ മുതൽ ജോലിക്കാർക്കൊപ്പം വയലിൽ വരമ്പ് പിടിക്കാനും ഞാറുനടാനുമൊക്കെ ഇറങ്ങിത്തുടങ്ങി. അതിലൊക്കെ അൽപം പ്രാവീണ്യം നേടിയിരുന്നു. കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടായപ്പോൾ ഏതൊരു സാധാരണക്കാരനെയുംപോലെ ഭൂമി വിൽക്കാനാണ് തീരുമാനിച്ചത്. ആദ്യം വിറ്റത് നെൽവയലായിരുന്നു’’. വയൽ വിൽക്കുന്നെന്ന് കേട്ടപ്പോൾ ഉള്ളിലുണ്ടായ നോവ് അദ്ദേഹം പങ്കുവെക്കുന്നു.
‘‘വയല് തീർന്നപ്പോൾ പിന്നെ പറമ്പും വിറ്റുതുടങ്ങി. എങ്കിലും പശുക്കളെ കൂടെ കൂട്ടിയിരുന്നു. ഏതാനും വർഷംമുമ്പുവരെയും പശുക്കൾ ഉണ്ടായിരുന്നു. അമ്മയായിരുന്നു അവയെ പരിചരിച്ചിരുന്നത്. പിന്നീട് അമ്മക്ക് അവയെ നോക്കാൻ വയ്യാതെയായി. അപ്പോൾ പശുക്കളുടെ പരിപാലനം താൻ നോക്കിക്കൊള്ളാമെന്നേറ്റു. പൊതുപ്രവർത്തനത്തിലെ തിരക്കുമൂലം അവയുടെ ദൈനംദിന പരിചരണം നടത്താൻ കഴിഞ്ഞില്ല. പശുക്കൾ ചാണകത്തിലും മറ്റും കിടക്കുന്നത് കണ്ടപ്പോൾ വിറ്റേക്കാം എന്ന് തീരുമാനിക്കേണ്ടിവന്നു. പശുവും കറവയുമുണ്ടായിരുന്നതിനാൽ അമ്മ ദിവസവും കപ്പ് നിറയെയാണ് ചായ തന്നിരുന്നത്. പശുവിന്‍റെ ഓർമക്കായി ഇപ്പോഴുമുള്ളത് നാലും അഞ്ചും ചായകുടിക്കുന്ന ശീലമാണ്.
ഇപ്പോഴായിരുെന്നങ്കി ൽ ഒരുപക്ഷേ പശുക്കളെ വിൽക്കുമായിരുന്നില്ല. കർഷകരുടെ സംഘവുമായി ഇസ്രയേലിൽ പോയപ്പോൾ കണ്ടത് അവിടെ ചാണകം കോരിമാറ്റലൊന്നുമില്ല എന്നാണ്. പശുക്കൾക്ക് നിൽക്കാൻ തൊഴുത്തില്ല. കോൺക്രീറ്റ് തറയുമില്ല. വെറുംമണ്ണിലാണ് അവ നിൽക്കുന്നതും കിടക്കുന്നതുമെല്ലാം. ചാണകം വീണാൽ ദിവസവും അവർ യന്ത്രം ഉപയോഗിച്ച് മണ്ണ് ഒന്ന് ഇളക്കിയിടും അത്രയേ ഉള്ളൂ. ദിവസവും കുളിപ്പിക്കലുമില്ല. അവക്ക് കുളമ്പ് രോഗം ബാധിക്കുന്നുമില്ല. ഇത് അന്നേ അറിഞ്ഞിരുന്നെങ്കിൽ തൊഴുത്തിൽ ചാണകം വീണ് കിടക്കുന്നതിന്‍റെ പേരിൽ പശുക്കളെ വിൽക്കേണ്ടിവരില്ലായിരുന്നു. പശുവിനെ നമ്മുടെ ഇഷ്ടത്തിന് വളർത്തുന്ന രീതിയാണ് നമ്മുടേത്. അവിടെ കണ്ടത് പശുക്കളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരിപാലിക്കുന്നതാണ്. പശുക്കൾ തൃപ്തരായിരുന്നാലെ അവയുടെ പാലിന് ഗുണമേന്മയുണ്ടാകൂ എന്നാണ് അവർ പറയുന്നത്. അതിനാൽ അവയുടെ ഇഷ്ടം മനസ്സിലാക്കി അതനുസരിച്ച് വളർത്തുന്ന രീതിയാണ് അവരുടേത്. നമുക്ക്, ലഭിക്കുന്ന പാലിന്‍റെ അളവിൽ മാത്രമാണ് ശ്രദ്ധ’’ -അദ്ദേഹം പറയുന്നു.
പഠനകാലത്തേ പഠിച്ച പണിയാണ് കൃഷി. മന്ത്രിയായെങ്കിലും അതു കൈവിട്ടിട്ടില്ല. തിരുവനന്തപുരത്തും ചാരുംമൂട്ടിലെ കുടുംബ വീട്ടിലും ചേർത്തലയിലെ താമസസ്ഥലത്തും കൃഷിയുണ്ട്. ചേർത്തലയിൽ ഇപ്പോൾ പച്ചക്കറി കൃഷി തുടങ്ങാൻ പോകുകയാണ്. നിലം ഒരുക്കിയിട്ടു. തൈകൾ രണ്ടു ദിവസത്തിനകം നടും. പച്ചമുളക് അടക്കം എല്ലായിനം പച്ചക്കറികളും വിളയിക്കുകയാണ് ലക്ഷ്യം. ഒപ്പം കൂവയും നടുന്നുണ്ട്. കൂൺ കൃഷിക്ക് ഇപ്പോൾ മികച്ച സാധ്യതയുള്ളതിനാൽ കുറച്ച് കൂണും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്. അതിനായി ഷെഡിന്‍റെ നിർമാണം നടക്കുന്നു. മോഡൽ കാണിക്കാനല്ല. എനിക്ക് വരുമാനം ഉണ്ടാക്കുന്നതിനാണ് കൂൺകൃഷി തുടങ്ങുന്നത്. ഓണത്തിന് പൂ കൃഷി നടത്തിയിരുന്നു. മുടക്കിയതിന്‍റെ ഇരട്ടിയിൽകൂടുതൽ വരുമാനം ലഭിച്ചു. ആർക്കും ലഭിക്കും. ഏതു സമയത്ത് ഏതിനാണ് മാർക്കറ്റ് എന്ന് നോക്കി കൃഷിയിറക്കണം. അപ്പോൾ വരുമാനം ഉണ്ടാക്കാം.
കൃഷിമാത്രംകൊണ്ടിരുന്നാൽ കർഷകൻ ഗുണംപിടിക്കില്ല. അവരെയും സംരംഭകരാക്കി ഉയർത്തുന്നതിനാണ് പദ്ധതി. ഒരു കൃഷിഭവന് ഒരു മൂല്യവർധിത ഉൽപന്നം എന്നനിലയിൽ സർക്കാർ ഒരു പരിശ്രമം നടത്തി. 1076 കൃഷിഭവനുകളാണുള്ളത്. ഒരിടത്ത് ഒരെണ്ണം വെച്ചായാലും 1076 എണ്ണം ഉണ്ടാകും എന്ന് കരുതിയാണ് പദ്ധതിയിട്ടത്. ഇപ്പോൾ മൂവായിരത്തിലധികം ഉൽപന്നങ്ങളുണ്ട്. പലയിടത്തും പ്ലാസ്റ്റിക് കവറിലാക്കി ചൂട് പിടിപ്പിച്ച് ഒട്ടിച്ച് സമ്മേളന നഗരികളിലും പ്രദർശന ശാലകളിലും കൊണ്ടു വെക്കുന്ന രീതിയാണ്. അതുകൊണ്ടൊന്നും വരുമാനമുണ്ടാകില്ല. വിപണി വേണം, ആകർഷകമായ പാക്കിങ് വേണം. അതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ബന്ധപ്പെട്ടു. അവരെ കൊണ്ടുവന്ന് 14 ജില്ലകളിലും പരിശീലന പരിപാടി നടത്തി. തൊള്ളായിരത്തോളം കർഷകർക്ക് അങ്ങനെ പരിശീലനം കൊടുത്തു. പിന്നെ, ഒരു ബ്രാൻഡ് നെയിംവേണം. ഉൽപന്നത്തിൽ സർക്കാറിന്‍റെ ഒരു മുദ്ര വേണം. അതിനായി ബൗദ്ധിക സ്വത്തവകാശ നിയമം അനുസരിച്ച് ‘കേരളഗ്രോ’ എന്നബ്രാൻഡ് നെയിം രജിസ്റ്റർ ചെയ്തു. ഈ ബ്രാൻഡ് നെയിമിലാണ് ഇപ്പോൾ കർഷകരുടെ ഉൽപന്നം വിപണിയിലിറക്കുന്നത്.
ആയിരത്തോളം ഉൽപന്നങ്ങൾക്ക് ഇപ്പോൾ ബ്രാൻഡ്നെയിം നൽകി. ബ്രാൻഡ്നെയിം കൊടുക്കുന്നത് ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടാണ്. ഇപ്പോൾ എഫ്.എസ്.എസ്.എ.ഐ അംഗീകാരമൊക്കെ നേടുന്നതിൽ കർഷകർ മുന്നിട്ടിറങ്ങുകയാണ്. കർഷകരുടെ മനോഭാവം അത്തരത്തിലേക്ക് മാറിക്കഴിഞ്ഞു.
കർഷകൻ എന്നു പറഞ്ഞാൽ വയസ്സായ ആൾ എന്നതാണ് നമ്മുടെ ചിന്ത. ആ കാലം മാറി. ഇപ്പോൾ പാന്‍റ്സും മികച്ച ഷർട്ടുമെല്ലാമിട്ട് നടക്കുന്ന യുവാക്കൾ കാർഷികരംഗത്ത് നിരവധിയുണ്ട്. അവർ വരുമാനവും വിപണിയും ആവശ്യകതയും എല്ലാം വിലയിരുത്തി പരമാവധി ലാഭം ഉണ്ടാക്കുന്നതിൽ ശ്രദ്ധവെച്ചാണ് പ്രവർത്തിക്കുന്നത്. അതിന് സർക്കാർ വളക്കൂറുള്ള പശ്ചാത്തലംകൂടി ഒരുക്കിയാൽ അവരുടെ മുഖങ്ങളിൽ പ്രസാദംവിടരും.
ഓൺലൈൻ വിൽപനക്കായി ആമസോണിലും ഫ്ലിപ്കാർട്ടിലും ശ്രമം നടത്തിയിരുന്നു. അപ്പോൾ ഉൽപന്നത്തിന് വില വളരെ കൂടും. ന്യായമായ ലാഭത്തിന് അപ്പുറത്തേക്ക് പോകും. അതിനാൽ ‘കേരള ഗ്രോ’ ഉൽപന്നങ്ങൾ മാത്രം വിൽകുന്ന ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടു. കൃഷിക്കാരുടെ കൂട്ടായ്മകൾ സഹകരണ സംഘങ്ങൾ എന്നിവയുടെ മുൻകൈയിൽ അത്തരം എയർ കണ്ടീഷൻഡ് ഷോപ്പുകൾ എല്ലാ ജില്ലയിലും തുറക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം പാലാ, വയനാട് എന്നിവിടങ്ങളിൽ മനോഹരമായ ഷോപ്പുകൾ തുറന്നുകഴിഞ്ഞു.
ഒരു കൃഷിയും നഷ്ടമല്ല. കോളജ് പഠന കാലത്ത് പക്ഷിക്കൂട്ടം എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. കോവിഡിന്‍റെ കാലത്ത് അതിന്‍റെ നേതൃത്വത്തിൽ നെൽകൃഷി നടത്തി. അതു ലാഭകരമായിരുന്നു. ഇപ്പോഴും നെൽകൃഷി നഷ്ടമല്ല. കാർഷിക വിളകൾക്ക് ചിലപ്പോൾ വിലയിൽ കുറച്ച് വ്യത്യാസങ്ങൾ വരാം. സമ്മിശ്ര കൃഷിയായിരിക്കണം നടത്തേണ്ടത്. ഒരു വിള മാത്രമാകരുത് നടുന്നത്. ഓരോസമയത്തുമുള്ള ഡിമാൻഡ് നോക്കിയാകണം കൃഷി നടത്തേണ്ടത്. കർഷകന് കുറച്ചുകൂടി തൃപ്തികരമായി മുന്നോട്ട്പോകാനാവുന്നതരത്തിൽ സർക്കാർ സഹായം ഉണ്ടാകണം. അടുക്കളത്തോട്ടം എല്ലാ വീടുകളിലുമുണ്ടായിരുന്നു. ഇപ്പോൾ എല്ലാം വാങ്ങാൻ കിട്ടും പിന്നെ നട്ടുവളർത്തി മെനക്കെടുന്നതെന്തിനെന്ന മനോഭാവം ഭൂരിഭാഗം പേരിലും വളർന്നുവന്നു. എല്ലാം വാങ്ങാൻ കിട്ടും എന്ന നിലവന്നത് കേരളത്തിന്‍റെ വലിയ ദുരന്തമായി. അതിനാലാണ് വീട്ടുവളപ്പിലെ കൃഷി ഇല്ലാതായത്.
അടുക്കള കുടുംബത്തിന്‍റെ ആരോഗ്യത്തിന്‍റെ പ്രതീകമായിരുന്നു. വീട്ടിൽ ഒരു ചെടിച്ചട്ടിയിലെങ്കിലും ഭക്ഷ്യവിളകൾ െവച്ചുപിടിപ്പിക്കണം. ഭക്ഷണകാര്യത്തിൽ അത്രയെങ്കിലും നമ്മുടെ ഇടപെടലുണ്ടാകണം. ഇപ്പോൾ നമ്മൾ തീരെ ശ്രദ്ധകൊടുക്കാത്തത് ഭക്ഷണകാര്യത്തിനാണ്. കടയിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന് തയറാക്കുന്നതിലാകരുത് ശ്രദ്ധ. മുമ്പ് നട്ടുപരിചരിച്ച് വളർത്തി അതെടുത്ത് തിന്നുന്നതായിരുന്നു രീതി. ഇപ്പോൾ കടയിൽനിന്ന് നേരിട്ട് ഭക്ഷണം വീട്ടിൽ വരുത്തി കഴിക്കുന്നതിലേക്ക് മാറി. അടുക്കളയുടെ പ്രാധാന്യം കുറഞ്ഞു. അപ്പോൾ ആശുപത്രിയുടെ പ്രാധാന്യം കൂടി. 56.4 ശതമാനം ജീവിതശൈലീരോഗമാണെന്നാണ് ഐ.സി.എം.ആർ പഠന റിപ്പോർട്ട്. പകുതി രോഗങ്ങൾ നമ്മൾ ഭക്ഷണത്തിലൂടെ വരുത്തിവെക്കുന്നുവെന്നാണ് അത് തെളിയിക്കുന്നത്. അവിടെയാണ് അടുക്കളകൾ തിരിച്ചുപിടിക്കേണ്ട ആവശ്യകത.
ഉൽപാദനം നിലച്ച അടച്ചുപൂട്ടിയ തൊഴിൽശാലകൾപോലെയായ അടുക്കളകൾ നമ്മൾ തുറന്ന് പ്രവർത്തിപ്പിക്കണം. കിടപ്പുമുറികളുടെ പ്രധാന്യം കൂടി. അടുക്കളകൾ ചെറുതായി. ചേർത്തലയിലെ വീട്ടിൽ കൃഷിചെയ്യുന്നവ വിൽക്കുകയാണ്. തിരുവനന്തപുരത്ത് വീട്ടുവളപ്പിൽ പാവൽ, പടവലം, പയർ, വാഴ, പൊന്നാങ്കണ്ണി ചീര, ചേന, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാമുണ്ട്. വീട്ടാവശ്യം കഴിഞ്ഞുള്ളവ അയൽക്കാർക്കും നൽകാറുണ്ട്. മീനും വളർത്തുന്നുണ്ട്. ഒരുതവണ വരാൽ കുഞ്ഞുങ്ങളെ വളർത്തി. പക്ഷേ, പാളിപ്പോയി. മഴയത്ത് അവയെല്ലാം കുളത്തിൽനിന്ന് ചാടിപ്പോയി. പരിചയക്കുറവുമൂലം സംഭവിച്ചതാണ്. ഇപ്പോൾ തിലോപ്പിയ ഇട്ടിരിക്കുകയാണ്.
കൃഷി ആനന്ദകരമായ കാര്യമാണ്. ആദായകരമാണ്. ആരോഗ്യവുമാണ്. ഈ മൂന്നു പ്രത്യേകതയുള്ള വേറെ കാര്യങ്ങൾ അധികമില്ല. പച്ചക്കറി ഉൽപാദനത്തിൽ വളരെ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞു. സമഗ്രപച്ചക്കറി യജ്ഞത്തിലേക്ക് കേരളത്തെ മാറ്റുന്നതിനുള്ള പണിപ്പുരയിലാണ് സർക്കാർ. മുഖ്യമന്ത്രി മുൻകൈയെടുത്ത് അതിന്‍റെ യോഗം വിളിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ വകുപ്പ്, ഫിഷറീസ്, ജലസേചനം, വൈദ്യുതി, വ്യവസായം, സിവിൽസപ്ലൈസ്, മൃഗസംരക്ഷണം, റവന്യൂ, ആരോഗ്യം എല്ലാവരുടെയും സഹകരണത്തോടെയുള്ള പദ്ധതിയാണ് തയാറാകുന്നത്. നമുക്ക് ആവശ്യമായ പച്ചക്കറി കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയും.
നെല്ലിൽ സ്വയംപര്യാപ്തത പ്രയാസമാണ്. വയലുകളുടെ വിസ്തൃതി കുറഞ്ഞു. പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള മണ്ണും മനുഷ്യരും ഇവിടെയുണ്ട്. മനസ്സുണ്ടായാൽ മതി. അതിനുള്ള ഇടപെടലാണ് നടത്തുന്നത്. മാരകമായ രോഗങ്ങളിലേക്ക്വരെ നമ്മെ എത്തിക്കുന്നതിലെ ഘടകങ്ങളിലൊന്ന് ഭക്ഷണമാണ്. ഇതിനെ നേരിടാൻ നമുക്ക് കഴിയുന്നില്ല എങ്കിൽ പിന്നെ നമ്മൾ എന്തു പുരോഗമന, പരിഷ്കൃത സമൂഹമാണ്. നല്ല ജീവിതമെന്ന് പറഞ്ഞാൽ നല്ല വീട്ടിൽ താമസിക്കൽ, നല്ല വസ്ത്രമണിയൽ എന്നിവമാത്രമല്ല. അതിലുപരിയായി നല്ല ആരോഗ്യവും വേണം. ഓരോ വീട്ടുകാരും അവരുടേയും മക്കളുടെയും ആരോഗ്യഭാവിയെക്കുറിച്ച് നോക്കണം. അതിന് ജ്യോത്സ്യനെയും വാരഫലത്തെയുമൊന്നുമല്ല നോക്കേണ്ടത്. അടുക്കളയിലേക്ക് നോക്കണം. അസുഖമുണ്ടായാൽ വാസ്തുദോഷമാണെന്ന് കരുതുന്നവർ നിരവധിയാണ്. അതിനെക്കാൾ പ്രാധാന്യത്തോടെ അടുക്കളയും അവിടേക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തുന്ന ഇടവും നോക്കുകയാണ് വേണ്ടത്. 2025 ജനകീയ കാമ്പയിനായി സമഗ്ര പച്ചക്കറി യജ്ഞത്തിനാണ് സർക്കാർ പദ്ധതിയിടുന്നത്.
പച്ചക്കറി ഉൽപാദനം നേരത്തേ 10 ലക്ഷം ടണ്ണിൽ താഴെയായിരുന്നു. ഇപ്പോഴത് 17 ലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്. നമുക്ക് ആവശ്യമായ പച്ചക്കറികൾ നൂറുശതമാനവും നമുക്ക് ഉൽപാദിപ്പിക്കാനാവും. ഉരുളക്കിഴങ്ങ് ഉണ്ടാക്കാമോ എന്നു ചോദിക്കുന്നവരുണ്ടാകാം. ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് എത്രകാലമായി. അതുപോലെ പല പച്ചക്കറികളും നമുക്ക് പരിചിതമായിട്ട് എത്രകാലമാകും. അതിനു മുമ്പും നമ്മൾ അവിയലും സാമ്പാറും എല്ലാം വെച്ചിരുന്നില്ലേ. നമ്മുടെ നാട്ടിൽ ഉണ്ടാകുന്നവ ഉപയോഗിച്ചായിരുന്നല്ലോ അത്. ആ നിലയിലേക്ക് മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.