കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുതൽ മനുഷ്യെൻറ അത്യാർത്തിയും അശാസ്ത്രീയ കൃഷിയും വികസനപ്രവർത്തനങ്ങളും വരെയുള്ള കാരണങ്ങളാൽ നമ്മുടെ മണ്ണ് മരണശയ്യയിലാണ്. 2018, 2019ൽ ഉണ്ടായ വെള്ളപ്പൊക്കം മണ്ണിെൻറ ഘടന, ജൈവാംശം, പി.എച്ച്, സസ്യപോഷക മൂലകങ്ങൾ എന്നിവയിലെല്ലാം സാരമായ മാറ്റമുണ്ടാക്കി. അശാസ്ത്രീയ കൃഷിരീതികളും അസന്തുലിത വളപ്രയോഗവും ജീവസ്സുറ്റ മണ്ണിനെ ജീവച്ഛവമാക്കി.
സസ്യപോഷകങ്ങളുടെ സന്തുലിതാവസ്ഥ പാടേ മാറിമറിഞ്ഞിട്ടുണ്ട്. മണ്ണിലെ മിക്ക രാസ-ഭൗതിക സ്വഭാവങ്ങളും വളരെ മാറിയതായി വിവിധ ജില്ലകളിലെ മണ്ണ് പരിശോധിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒരു ഗ്രാം മണ്ണിൽ അനേകം സൂക്ഷ്മജീവികളുണ്ട്്. ഇവയുടെ ആവാസ വ്യവസ്ഥ താറുമാറായി. സസ്യപോഷക മൂലകങ്ങളായ പാക്യജനകം, ഭാവകം, ക്ഷാരം എന്നിവയും സൂക്ഷ്മ മൂലകങ്ങളും വൻതോതിൽ കുറഞ്ഞു. മണ്ണിെൻറ പി.എച്ച് നേരത്തെ ഉണ്ടായിരുന്നതിനേക്കാളും ശരാശരി 0.5 കുറഞ്ഞു. പരിശോധിച്ച 200 ഓളം സാമ്പിളുകളിൽ 3.12 മുതൽ 6.90 വരെയായിരുന്നു പി.എച്ച്. ഓർഗാനിക് കാർബണിെൻറ തോത് 0.06 മുതൽ 4.55 ശതമാനം വരെയായി.
രാസ സംതുലനാവസ്ഥ താളംതെറ്റിയതിനെ തുടർന്ന് ചെടികൾ കരിഞ്ഞുണങ്ങി. പുതിയ രോഗങ്ങളും കീടബാധയും വർധിച്ചു. ഇവ പരിഹരിക്കുന്നതിെൻറ ഭാഗമായി മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗവും കുമ്മായം ചേർക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ലോകത്തുള്ള ഒരു ലക്ഷം കോടി ജീവജാലങ്ങളുടെ നാലിലൊന്നും മണ്ണിലാണ്. അശാസ്ത്രീയ വികസന പ്രവർത്തനങ്ങളായ വനനശീകരണവും പാറപൊട്ടിക്കലും മേൽമണ്ണ് ഒലിച്ചുപോകൽ മാത്രമല്ല 'സോയിൽ പൈപ്പിങ്' എന്ന മണ്ണിനടിയിലെ ടണ്ണൽ രൂപീകരണവും മണ്ണിനെ കൊല്ലുന്നു. ഒരിഞ്ചു മണ്ണുണ്ടാകാൻ ഒരായിരം വർഷം വേണമെങ്കിൽ അതിനെ നശിപ്പിക്കാൻ കുറച്ചുദിവസം മതി. മണ്ണ് ദിനത്തിൽ നമുക്ക് ഈ മുദ്രാവാക്യമോർക്കാം-മണ്ണിനെ സ്നേഹിക്കൂ, സംരക്ഷിക്കൂ. ലോകം നിലനിർത്തൂ...
(തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സി.ടി.സി.ആർ.ഐ) പ്രിൻസിപ്പൽ സയൻറിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.