ബിജിൻ ബിജു

ലോക്ഡൗണില്‍ കൃഷിയെ സ്‌നേഹിക്കുന്ന ബാല്യം

ലോക്ഡൗണില്‍ വീട്ടിലിരുന്നു മുരടിക്കാന്‍ തുടങ്ങിയപ്പോള്‍ ആ 12കാരന്‍ ഒരു വഴി കണ്ടു പിടിച്ചു. കൃഷി ചെയ്യുക. അതിലൂടെ വിഷരഹിത പച്ചക്കറികള്‍ വിളയിച്ച് ഭക്ഷണത്തിന് ഉപയോഗിക്കുകയും അധികം വരുന്നത് വില്‍പന നടത്തി വരുമാനമുണ്ടാക്കുകയും ചെയ്യുക. ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കൃഷി പരിപാലനം നിലച്ചില്ല.

അത് അനസ്യൂതം തുടരുന്നു. അതെ ഈ പന്ത്രണ്ടു വയസുകാരന്‍റെ ക്യഷിയിടം നാട്ടിലാകെ മാതൃകയാകുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ പെരിങ്ങനാട് പുത്തന്‍വിള താഴേതില്‍ ബിജുവിന്റെയും ഷൈനിയുടെയും മകന്‍ ബിജിന്‍ ബിജുവാണ് സമ്മിശ്ര കൃഷിയിലൂടെ പുതുതലമുറക്ക് വഴി കാട്ടുന്നത്. കടമ്പനാട് കെ.ആര്‍.കെ.പി.എം.ബി.എച്ച്.എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിജിന്‍.

ബിജിന്‍ കൈകൂന്താലിയുമായി പറമ്പിലിറങ്ങി കൃഷികള്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു. പയര്‍, വെണ്ട, വഴുതന, തക്കാളി, കോവല്‍, പാഷന്‍ ഫ്രൂട്ട്, നിത്യവഴുതന, മള്‍ബറി എന്നിവ നട്ട് സ്‌നേഹത്തോടെ വെള്ളവും വളവും നല്‍കി പരിപാലിച്ചപ്പോള്‍ ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭിച്ചു തുടങ്ങി.

ഓണ്‍ലൈന്‍ പഠനത്തിനു ശേഷം സമയം കണ്ടെത്തി പറമ്പില്‍ മത്സ്യകുളം ഉണ്ടാക്കി അസോളയും അലങ്കാര മത്സ്യവും വളര്‍ത്തി. ഇന്ന് ഗപ്പിയും പ്ലാറ്റിയും ഒക്കെ ബിജിന് ചില്ലറ ചിലവിനുള്ള വരുമാന മാര്‍ഗ്ഗമാണ്. കൂടാതെ സ്‌നേഹപക്ഷികള്‍, പ്രാവ്, ഭക്ഷ്യവാശ്യത്തിനു മത്സ്യം, കോഴി, താറാവ്, ആട്, വിവിധയിനം ചെടികള്‍ എന്നിവയും പരിപാലിക്കുന്നു.

വീട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് പറമ്പിലെ പാഷന്‍ ഫ്രൂട്ട്, പേരക്ക, എന്നിവയുടെ ജ്യൂസും മള്‍ബറി വൈനുമാണ് കുടിക്കാന്‍ നല്‍കുക. അവര്‍ തിരികെ പോകുമ്പോള്‍ വിവിധയിനം ചെടികള്‍, ചുവന്നയിനം പാഷന്‍ ഫ്രൂട്ടിന്‍ തൈകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു.

2015ല്‍ സ്‌കൂളിലെ മികച്ച എക്കോ ക്ലബ്ബ് പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ബിജിന് ലഭിച്ചിട്ടുണ്ട്. മക്കളെ മണ്ണില്‍ നിന്നും കൃഷിയില്‍ നിന്നും വിലക്ക് കല്‍പിക്കുന്ന മാതാപിതാക്കള്‍ക്കിടയില്‍ പൂക്കളെയും പൂമ്പാറ്റകളെയും മണ്ണിനെയും ചെടികളെയും സ്‌നേഹിക്കുന്ന ബിജിനെ പ്രോത്സാഹിപ്പിക്കുകയാണ് കലാകാരനും അധ്യാപകനും കൂടിയായ പിതാവ്. ബിജിന്‍റെ സഹോദരി ഷൈബി അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.