തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയുടെ മുറ്റത്ത് പച്ചക്കറി കൃഷിനടത്തുന്ന മന്ത്രി ജെ. ചിഞ്ചുറാണി

ഞാനും കൃഷിക്കാരി -മന്ത്രി ജെ. ചിഞ്ചുറാണി

എന്‍റെ കുടുംബം ഒരു കർഷക കുടുംബമായിരുന്നു. പശുവും പാലും ആടും കൂടും കോഴിയും മുട്ടയും പച്ചക്കറികളുമെല്ലാം ഉള്ള വീട്. അച്ഛനും അമ്മക്കുമൊപ്പം പശുവിനെയും ആടിനെയും വളർത്തിയതിനെപ്പറ്റി പറയുമ്പോൾ എനിക്കഭിമാനം തോന്നുന്നു. കൃഷിയായിരുന്നു ഞങ്ങളുടെ വീട്ടിലെ ഉപജീവനമാർഗം. മന്ത്രിയായെന്നു കരുതി അതൊക്കെ മറക്കാനാകുമോ? -ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി മനസ്സ്​​ തുറന്നു. മന്ത്രിയാകുന്നതിനുമുമ്പ് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഞാൻ കെപ്​കോ ചെയർപേഴ്​സൻ ആയിരുന്നു. കോഴിവളർത്തലിനും മുട്ടയുൽപാദന വർധനവിനും ഇറച്ചിയുൽപാദനത്തിനും നിരവധി പദ്ധതികൾ കൊണ്ടുവന്നു. രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയെന്ന നിലയിൽ പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ അഞ്ചുവർഷം കൊണ്ട് കേരളത്തെ സ്വയംപര്യാപ്​തതയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.

പശുഗ്രാമം, ആട് ഗ്രാമം, കോഴി ഗ്രാമം തുടങ്ങിയ പദ്ധതികളും ഗ്രാമം നിറയെ കോഴി, പെൻഷൻകാർ കൃഷിചെയ്യുന്ന ആശ്രയ പദ്ധതി തുടങ്ങിയവ വിപുലമായി നടപ്പാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പാൽ, പച്ചക്കറി, മുട്ട, ഇറച്ചി തുടങ്ങിയവക്ക് ഇനി കേരളം തമിഴ്​നാടിനെ ആശ്രയിക്കാതിരിക്കാൻ ഈ മേഖലയെ ജനങ്ങൾ ഏറ്റെടുക്കണം. എല്ലാത്തിനും സബ്​സിഡി സർക്കാർ നൽകും. തീറ്റപ്പുൽ കർഷകർക്ക് വലിയ വരുമാനമാർഗമായിരിക്കും. ഒരു ക്ഷീര സംഘത്തിന് കീഴിൽ രണ്ടോ മൂന്നോ സ്​ത്രീകളെ തെരഞ്ഞെടുത്ത് അവർക്ക് പുൽ വിത്തും സബ്​സിഡിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് തൊഴിലാളികളെയും നൽകും. തീറ്റപ്പുല്ല് വിൽക്കാൻ അവസരമൊരുക്കും. അപ്പോൾ അവർക്ക് വരുമാനവും ക്ഷീരകർഷകർക്ക് കുറഞ്ഞ ചെലവിൽ പുല്ലും ലഭിക്കും. ഇതേരീതിയിൽ കോഴിത്തീറ്റ ഉൽപാദനത്തിനും സർക്കാർ ലക്ഷ്യം വെക്കുന്നു.

തീറ്റയുടെ വിലവർധനയാണ് ഇന്ന് കർഷകന് വലിയ വെല്ലുവിളി. ഇത് പരിഹരിക്കും. ഫ്ലാറ്റുകളിലും ഭൂമി കുറവുള്ള ഇടങ്ങളിലും കൃഷിചെയ്യുന്നവർക്കായി ചാണകപ്പൊടി പാക്കറ്റായി നൽകിയാൽ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കും. പാൽ, മുട്ട, ഇറച്ചി എന്നീ മൂന്ന് മേഖലകളിൽ കൂടുതൽ കർഷകർക്ക് വരുമാനമുണ്ടാക്കാനാണ് സർക്കാർ ശ്രമം. കാർഷിക മേഖലയിലെ പഴയ സംസ്​കാരം തിരിച്ചുകൊണ്ടുവരാൻ ഈ മേഖലയെ ആദായകരമാക്കാനാണ് പദ്ധതികൾ വിഭാവനം ചെയ്​തത്. ഗ്രാമങ്ങളിൽ ഇതിനുള്ള ശ്രമവും ജനങ്ങളുടെ കൂട്ടായ സഹകരണവുമാണ് വേണ്ടതെന്ന്​ മന്ത്രി പറയുന്നു.

Tags:    
News Summary - minister J chinchurani about farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT