കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഓർക്കിഡ്

കേരളത്തിലെ കാലാവസ്ഥയിൽ ഓർക്കിഡ് ചെടികൾ നന്നായി വളരുമെന്ന് തെളിയിക്കുകയാണ് വയനാട് അമ്പലവയൽ പോത്തുകെട്ടി വയലരികിൽ സാബു. വന്യ ഇനങ്ങളും നാടൻ ഇനങ്ങളും വിദേശിയുമടക്കം 150 ഇനങ്ങളിലായി 2500 തരം ഓർക്കിഡുകൾ. സ്വന്തമായി രൂപകൽപന ചെയ്​ത വിത്തുൽപാദനശാല. ചിരട്ടയും കുപ്പിയും ചകിരിയും ഉപയോഗപ്പെടുത്തിയാണ്​ കൃഷി. സാബുവിന്‍റെ പോളിഹൗസ്‌ ഓർക്കിഡ് ചെടികളുടെ അപൂർവലോകമാണ്. വെള്ളം കുറച്ച് മതിയെന്നതും മുറികൾക്കകത്ത് വളർത്താമെന്നതും ഓർക്കിഡുകളുടെ പ്രത്യേകതയാണ്. പുഷ്​പിച്ചാൽ ആറുമാസം പൂക്കൾ കേടുവരാതെ നിൽക്കും.


പൂച്ചെടികളെ സ്നേഹിക്കുന്ന ആർക്കും എളുപ്പം കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കുന്നതാണ് ഓർക്കിഡ് എന്ന് തെളിയിക്കുകയാണ് സാബു. തുൽമിന, ഫെൽനോപ്​സിസ്, ഡെൻഡ്രോബിയം, വാൻഡ, മൊക്കാരാ, ഒൻസീഡിയം എന്നിങ്ങനെ നിരവധി ഓർക്കിഡുകളാണ് വീടിനോട്​ ചേർന്ന സാബുവിന്‍റെ പോളിഹൗസിലുള്ളത്.

വയനാടൻ കാടുകളിൽ നിന്നും ശേഖരിച്ച ഗ്യാസ്​ട്രോകിലസ്, ഫോക്സ്ബ്രഷ്, ഫോക്​സ്​ടയിൽ, ഒബെറോണിയാ, ഫോലിഡോറ്റ ഇംബ്രിക്കാറ്റാ എന്നിങ്ങനെ 15 ഇനം ഓർക്കിഡുകളും സാബുവിന്‍റെ കൈവശമുണ്ട്. വൈൽഡ് ക്രൗൺ എന്ന് പേരിട്ട്​ നിർമിച്ച മരത്തിലാണ് വന്യ ഓർക്കിഡുകൾ സ്ഥാപിച്ചിട്ടുള്ളത്.


ചിരട്ട, തേങ്ങ, ഗ്ലാസ്, ചകിരി, കുപ്പികൾ, മരത്തടി, മുള, നെറ്റ് എന്നിവയി​ൽ സാബുവിന്‍റെ ഓർക്കിഡുകൾ വളരുന്നുണ്ട്. കൃഷി ചെയ്യാൻ തുടങ്ങുന്നവർക്ക് ഏറ്റവും നല്ലത് ഡെൻഡ്രോബിയം ആണ് നല്ലതെന്ന് സാബു പറയുന്നു. ജില്ലയുടെ കാലാവസ്ഥക്കനുസരിച്ച് ആഴ്​ചയിലൊരിക്കൽ നനച്ചാൽ മതി. ഗ്ലാസിനുള്ളിൽ ചെടികൾ വളർത്തുന്ന അപൂർവമായ ടെററിയം രീതിയും സാബു ചെയ്യുന്നുണ്ട്. ചകിരിച്ചോറും ചകിരിയും നിറച്ച് പതിവെക്കൽ രീതിയിൽ പൂവിന്‍റെ തണ്ട് പാകി മുളപ്പിച്ച് പുതിയ പരീക്ഷണങ്ങളും സാബു നടത്തിയിട്ടുണ്ട്.

സോളാർ പ്ലാന്‍റ്​ സ്ഥാപിച്ചാണ് പോളി ഹൗസ് നിർമിച്ചത്​. അഞ്ച് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് ഓർക്കിഡ് ഗാർഡൻ നിർമിച്ചത്. ചെടികൾക്ക് മ്യൂസിക് തെറപ്പിക്കായി സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

ചെടികളിൽനിന്ന് തൈകൾ മുളപ്പിച്ചെടുക്കാൻ ഹാർഡനിങ്​ സെന്‍ററും സാബു ഒരുക്കിയിട്ടുണ്ട്. മുളച്ചു വളരാൻ അനുകൂല സാഹചര്യം ഒരുക്കാൻ മനുഷ്യ സാന്നിധ്യം പരമാവധി കുറച്ച് ഓട്ടോമാറ്റിക്കായി നനയും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ടിഷ്യു കൊണ്ട് വന്ന് മുളപ്പിക്കുന്ന ഈ ഹാർഡനിങ്​ കേന്ദ്രത്തിൽ ഒരേസമയം 1000 തൈകൾ വരെ ഉൽപാദിപ്പിക്കാം. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സാബു 2017ലാണ് ഓർക്കിഡ് കൃഷി തുടങ്ങിയത്. സാബു ഫോൺ: 9747349061.

Tags:    
News Summary - orchid farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT