യിരങ്ങൾ നൽകി പിസ്ത വാങ്ങുന്നവരാണ് നമ്മൾ. പിസ്ത ഒരെണ്ണം വീട്ടിൽ നട്ടുവളർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു കിലോക്ക് 2000 രൂപയാണ് പിസ്ത കുരുവിെൻറ വില. നടുന്നതിന് വറുത്ത പിസ്ത വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പച്ച പിസ്തയാണ് വേണ്ടത്. 50 ഗ്രാം പാക്കറ്റ് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും.
കേടില്ലാത്ത, തൊലി പൊളിയാത്ത പിസ്ത എടുക്കുക. ഒരു ഗ്ലാസിൽ പച്ചവെള്ളമെടുത്ത് പിസ്ത കുതിർക്കാൻ ഇടുക. 24 മണിക്കൂർ വെള്ളത്തിൽ കിടന്നാൽ മതി. അതിൽ കൂടരുത്. ഇനി അടപ്പുള്ള പ്ലാസ്റ്റിക് പാത്രമെടുത്ത് അതിൽ ടിഷ്യൂ പേപ്പർ മടക്കിവെക്കുക. സ്പ്രേയർകൊണ്ട് നനക്കുക. പിസ്ത പരസ്പരം മുട്ടാതെ ഓരോന്നായി വെക്കുക. ഇതിനു മുകളിൽ ഒരു ടിഷ്യൂകൂടി മടക്കിവെക്കുക. ഇനി വായു കയറാതെ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
സിപ്പുള്ള പ്ലാസ്റ്റിക് കവറിലാക്കിയും വെക്കാം. ഫ്രീസറിൽ വെക്കരുത്. ചെറിയ തണുപ്പ് മതി എന്നതിനാൽ വാതിലിൽ വെച്ചാൽ മതി. 28 ദിവസം കഴിഞ്ഞ് നോക്കിയാൽ മുളച്ചിട്ടുണ്ടാവും. മുളച്ച പിസ്തകൾ മാറ്റിവെക്കുക. എണ്ണം കൂടുതൽ മുളപ്പിച്ചാൽ മാത്രമേ ആവശ്യത്തിന് ലഭിക്കൂ. കാരണം ഫംഗസ് ബാധയുള്ളവ കളയേണ്ടിവരും.
എല്ലാ കുരുവും മുളക്കണമെന്നുമില്ല. പിന്നെ ചെറിയ ചട്ടിയിൽ മണ്ണ് നിറച്ച് പിസ്തയുടെ മുകുളം മുകളിൽ വരുന്നവിധം നടുക. മൂന്ന് പിസ്ത മതി ഒരു ചട്ടിയിൽ. മുകളിൽ ചകിരിച്ചോറ് ഇടുക. മുകുളം പൂർണമായി മറയരുത്. ഇനി സ്പ്രേയർ ഉപയോഗിച്ച് നനക്കുക. തണലത്ത് വെക്കുക.
അഞ്ചുദിവസം കഴിയുേമ്പാൾ മുള ചെറുതായി വന്നിട്ടുണ്ടാകും. ചട്ടിയിൽ ഇടക്കിടെ നനച്ചുകൊടുക്കണം. നട്ട് 15 ദിവസമായാൽ ഇല വിടരും. നന്നായി വളരാൻ രാവിലെ കുറച്ചുനേരം വെയിലത്ത് വെക്കാം. നേരിട്ടല്ലാതെ നല്ല സൂര്യപ്രകാശം കിട്ടിയാലേ കരുത്തോടെ വളരൂ. എങ്കിലും ദിവസവും നനച്ചുകൊടുക്കണം. 30 ദിവസം കഴിഞ്ഞാൽ തൈയാകും. പിന്നെ വലിയ ചട്ടിയിലോ നിലത്തോ മാറ്റിനടാം. മാറ്റിനടുന്നത് മഴക്കാലത്താവരുത്. ഫലം തരാൻ എട്ടു വർഷമെടുക്കും. രണ്ടു തൈകൾ- ആൺ, പെൺ തൈകൾ- അടുത്തുണ്ടെങ്കിൽ മാത്രമേ പരാഗണം നടന്ന് ഫലം ലഭിക്കൂ. കായ്ച്ചുകഴിഞ്ഞാലേ ഏതാണെന്ന് പറയാൻ കഴിയൂ. നന്നായി വളരാൻ നല്ല സൂര്യപ്രകാശം വേണം.
ചാണകവും നന്നായി ഇട്ടുകൊടുക്കണം. കീടാക്രമണം ഉണ്ടായാൽ ആ ഇല നുള്ളിക്കളയണം. വേപ്പെണ്ണ-സോപ്പ് ലായനി തളിച്ചാൽ തടയാം. കെർമൻ, റെഡ് അലപ്പോ, പീറ്റർ, ജോളി എന്നിവയാണ് ഇന്ത്യയിൽ (പ്രത്യേകിച്ച് ജമ്മു-കശ്മീരിൽ) കൃഷിചെയ്യുന്ന പിസ്ത ഇനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.