ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെയും കർണാടകയിലെ ആദ്യത്തേയും കഴുത ഫാം ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിൽ തുറന്നു. 42 കാരനായ ബിരുദധാരി ശ്രീനിവാസ ഗൗഡയാണ് ഫാം ഉടമ. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ ഫാം കേരളത്തിൽ എറണാകുളം ജില്ലയിലാണുള്ളത്. കഴുതകളെ എല്ലാവരും മോശമായ രൂപത്തിലാണ് കാണുന്നതെന്നും ഉപകാരമില്ലാത്ത ജീവിയായാണ് പരിഗണിക്കുന്നതെന്നും ഈ ചിന്തയിൽ നിന്നാണ് അവക്ക് മാത്രമായുള്ള ഫാം എന്ന ആശയത്തിലേക്ക് നീങ്ങിയതെന്നും ഗൗഡ പറയുന്നു.
20 കഴുതകളുമായാണ് ഫാം തുടങ്ങിയത്. മുമ്പ് തുണി അലക്കുകേന്ദ്രങ്ങളിലൊക്കെ തുണി ചുമക്കാനും മറ്റുമായി കഴുതകളെ ഉപയോഗിച്ചിരുന്നു. എന്നാൽ യന്ത്രങ്ങളടക്കം വന്നതോടെ കഴുതകളെ ആരും ഒന്നിനും ഉപയോഗിക്കാതായി. ഇതോടെ കഴുതകളുടെ എണ്ണം കുറഞ്ഞുവന്നതായി ശ്രീനിവാസ ഗൗഡ പറയുന്നു. കഴുതഫാം തുടങ്ങുകയാണെന്ന് പറഞ്ഞപ്പോൾ കൂട്ടുകാരടക്കം നിരുൽസാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്തു.
കഴുതപ്പാൽ ഏറെ രുചികരവും പോഷകസമൃദ്ധവുമാണ്. വലിയ വിലയുമുണ്ട്. വൈദ്യഉപയോഗത്തിനായും കഴുതപ്പാൽ ഉപയോഗിക്കുന്നുണ്ട്.
പാക്കറ്റുകളിലാക്കി കഴുതപ്പാൽ വിൽപ്പന നടത്താനാണ് പദ്ധതി. 30 മില്ലിക്ക് 150 രൂപയാണ് വില. മാളുകൾ, ഷോപ്പുകൾ, സൂപ്പമാർക്കറ്റുകൾ എന്നിവയിലൂടെ ഇത് വിതരണം ചെയ്യുമെന്നും ഗൗഡ പറയുന്നു. സൗന്ദര്യവസ്തുക്കളുടെ നിർമാണത്തിനും പാൽ നൽകും. നിലവിൽ തന്നെ 17 ലക്ഷത്തിന്റെ വിൽപനകരാർ കിട്ടിയിട്ടുണ്ട്.
സോഫ്റ്റ്വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ശ്രീനിവാസ ഗൗഡ കാർഷികരംഗത്തേക്കിറങ്ങിയത്. ആദ്യം പശുഫാം ആണ് തുടങ്ങിയത്. 2.3 ഏക്കറിലുള്ള ഇവിടം പശുവളർത്തലിൽ പരിശീലനമടക്കം നൽകിയിരുന്നു. നിലവിൽ ആടുകളും കറുത്ത നിറത്തിലുള്ള കടക്നാത് കോഴികളും ഇവിടെ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.