മണം മാത്രമല്ല, സർവസുഗന്ധിക്ക് വേറെയും ഗുണങ്ങളുണ്ട്

ഭക്ഷണത്തി​െൻറ രുചിയും മണവും കൂട്ടാനുള്ള ചെടിയാണ് സർവസുഗന്ധി. ഗ്രാമ്പു, ജാതി, കറുവപ്പട്ട എന്നീ സുഗന്ധദ്രവ്യങ്ങളുടെ മിശ്രഗന്ധമുള്ളതിനാൽ സർവസുഗന്ധി എന്ന് മലയാളത്തിലും ഓൾ സ്പൈസ് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. അജിനോമോ​ട്ടോ പോലുള്ള അപകടകാരികളായ കൃത്രിമരുചിക്കൂട്ടുകൾ ഒഴിവാക്കി പ്രകൃതിയോട്​ ചേർന്നുനിൽക്കാം. ഉള്ള ആരോഗ്യം കളയാതെ നോക്കാം.

എന്തിനും ഏതിനും

കറികളുടെ രുചി കൂട്ടാനും ബിരിയാണിയിൽ മണത്തിനും സർവസുഗന്ധിയില ഉണക്കിപ്പൊടിച്ചത് ചേർത്താൽ മതി. ഇവയുടെ ഇലകളിലും കായ്കളിലും അടങ്ങിയ യൂജിനോൾ, മിതൈൽ, ടെർപീനുകൾ എന്നിവയാണ്​ സുഗന്ധമുണ്ടാക്കുന്നത്. സർവസുഗന്ധിയുടെ പാകമായ ഒന്നോ രണ്ടോ ഇലകൾ മാത്രം ഉപയോഗിക്കുക. ചിക്കൻ ഫ്രൈയുണ്ടാക്കുമ്പോൾ ഒന്നോ രണ്ടോ ഇലകൾ മുറിച്ചിട്ടാൽ മണവും രുചിയുമുണ്ടാക്കും.


മധുരപലഹാരങ്ങളിലും ജാം, ജെല്ലി എന്നിവയിലും മണത്തിന്​ ഉപയോഗിക്കുന്നുണ്ട്. ഇറച്ചി, കൂട്ടുകറികൾ, അച്ചാറുകൾ എന്നിവയിലും ഇലകൾ ഉണക്കിപ്പൊടിച്ച് ചേർക്കുന്നുണ്ട്. ഫെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്​തുക്കൾ എന്നിവയിലും ഇവയുടെ കായകളിലും ഇലകളിലുംനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നുണ്ടത്രെ.

നട്ടുനോക്കാം

ജമൈക്കയാണ് സർവസുഗന്ധിയുടെ ജന്മനാട്​. ജമൈക്കൻ കുരുമുളക് എന്നും അറിയപ്പെടുന്നു. കേരളത്തിലെ മണ്ണിൽ നന്നായി വളരുന്നുണ്ട്. നിത്യഹരിത സസ്യമായ സർവസുഗന്ധി വീട്ടുമുറ്റങ്ങളിൽ നട്ടുപിടിപ്പിച്ചാൽ തണലിനും കറികളിലും ഉപയോഗപ്പെടുത്താം. വലിയ പരിചരണം വേണ്ട. ചെടി ഏഴു മുതൽ 13 മീറ്റർ വരെ ഉയരത്തിൽ വളരും. വർഷത്തിൽ രണ്ടു തവണ ഇലകൊഴിയും. ആൺ, പെൺ ചെടികളുണ്ട്​. ആൺചെടികളിൽ കായ്​കൾ ഉണ്ടാവാറില്ല. കാറ്റ് മുഖേനയാണ് പരാഗണം. നല്ല കായ്ഫലമുള്ള ചെടികളിലെ പാകമായ കായകൾ പറിച്ചെടുത്ത്​ തണലിൽ ഉണക്കാനിടും.


തുടർന്ന് മണലും മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും പാകത്തിലെടുത്ത് പ്രത്യേക ചട്ടികളിലാക്കിയാണ് വിത്തുകൾ മുളപ്പിക്കുന്നത്. മുളച്ച് രണ്ടോ നാലോ ഇലകൾ വന്നാൽ ചെറിയ ഗ്രോബാഗുകളിലോ പ്ലാസ്​റ്റിക്​ കവറുകളിലേക്കോ മാറ്റി നടണം. ഇവ അഞ്ച്, എട്ട് മാസമായാൽ 10 മുതൽ 15 ഇഞ്ച് ഉയരമാകും. ഈ ചെടികളെ മണ്ണിൽ 80 സെൻറിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് നടാം. ഒരു കുഴിയിൽ രണ്ടോ മൂന്നോ തൈകൾ നടാം. കരുത്തുള്ള ഒരു ചെടി നിർത്തി ബാക്കി കളയാം. വർഷങ്ങൾ നിലനിൽക്കുന്നതാണ് ഈ സുഗന്ധ മരം. പ്രത്യേകിച്ച് രോഗങ്ങളുടെയോ കീടങ്ങളുടെയോ ആക്രമണം ഉണ്ടാവാറില്ല.


അഞ്ചുവർഷം പ്രായമായ പൂർണ വളർച്ചയെത്തിയ മരമായാൽ ഒരു മരത്തിൽനിന്ന് 50 കിലോയിൽ കൂടുതൽ പച്ചക്കായ ലഭിക്കും. നാലു​ കിലോ പച്ചക്കായ ഉണങ്ങിയാൽ ഒരു കിലോ ഉണക്കക്കായ ലഭിക്കും. ഏകദേശ വില 1000 രൂപ. ഫെബ്രുവരി മാസം മുതൽ ആഴ്ചയിലൊരിക്കൽ കൃത്യമായി നനച്ചായാൽ ഫെബ്രുവരി അവസാനത്തോടെ ചെടി പൂത്തുതുടങ്ങും. മേയ് പകുതിയോടെ കായകൾ 80 ശതമാനം മൂപ്പെത്തും. ഈ സമയത്ത് കുല ഒടിച്ച് വിളവെടുക്കണം. ഇവ 3-4 ദിവസം വെയിലിൽ ഉണക്കണം.മ

ഗുണങ്ങൾ


ഇവയുടെ ശിഖരങ്ങൾ കുടകൾക്കുള്ള കാലായും ഊന്നുവടിയായും ഉപയോഗിക്കാറുണ്ട്. ഔഷധച്ചെടിയുമായ സർവസുഗന്ധിയിലയിട്ട് തിളപ്പിച്ച വെള്ളം വയറിലെ അസുഖങ്ങൾക്ക്​ ഫലപ്രദമാണ്​. പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്. ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.

Tags:    
News Summary - sarvasugandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT