വെല്ലുവിളികൾ അധികം നേരിടാതെ സുരക്ഷിതമായ ഇടത്ത് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. പാഷനും ജോലിക്കുമിടയിലുള്ള സമർദ്ദങ്ങൾക്കൊടുവിൽ കിട്ടിയ ജോലിയിൽ കടിച്ചുതൂങ്ങി പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ, സ്വന്തം പാഷനുവേണ്ടി എല്ലാം ഉപേക്ഷിച്ച് വിജയംവരിച്ച ചില മാത്യകകൾ നമ്മുക്ക് ചുറ്റിലുമുണ്ട്. പി.എച്ച്.ഡി പഠനം പാതിവഴിയിലുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്‍ഷ റസൂൽ ഇത്തരത്തിൽ ഒരാളാണ്. 'ഫാം-ടു-ഫോർക്ക്' എന്ന സ്വന്തമായൊരു ബ്രാന്‍ഡിലൂടെ ഇന്‍ഷ തന്‍റെ സ്വപ്നങ്ങളിലേക്കെത്തിയ കഥ അറിയാം.
ദക്ഷിണകൊറിയയിലെ സർവകലാശാലയിൽ മോളിക്യുലാർ സിഗ്നലിങ്ങിൽ ഗവേഷകയായ ഇന്‍ഷ റസൂൽ തന്‍റെ പാഷന്‍ തുടരാന്‍ ആറുമാസമാണ് അവൾക്ക് സ്വയം നൽകിയത്. അങ്ങനെ 2018 ൽ സാധനങ്ങളൊക്കെ പാക്ക് ചെയ്ത് തന്‍റെ ജന്മനാടായ കശ്മീരിലെ ബുദ്ഗാമിലേക്ക് പോകുന്നതിന് മുമ്പ് അവൾ തന്‍റെ പ്രഫസറോട് പറഞ്ഞു- " ആറുമാസത്തിനുള്ളിൽ ഈ ഉദ്യമം വിജയിക്കാനായില്ലെങ്കിൽ ഗവേഷണങ്ങൾ തുടരാന്‍ ഞാന്‍ തിരിച്ചെത്തും". പക്ഷേ ആ സമയത്തും ജൈവകൃഷിയിൽ സ്വന്തമായൊരു വഴി കണ്ടുപിടിച്ച് നാട്ടിൽ തന്നെ തുടരണമെന്ന നിശ്ചയദാർഢ്യം ഇന്‍ഷക്കുണ്ടായിരുന്നു.
ജൈവകൃഷിയിലേക്ക്
കാശ്മീർ, ഡൽഹി, ബംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രധാന സഥലങ്ങളിലൊക്കെ ഇന്‍ഷ താമസിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിച്ച ഇന്‍ഷ ഗവേഷണം ചെയ്യാനാണ് ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. ഒരു കാർഷികകുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ കൊറിയയിലെ പച്ചപ്പും കാലാവസ്ഥയുമെല്ലാം അവളുടെ ഗൃഹാതുര ഓർമ്മകളെ പുതുക്കി.
മകളുടെ സ്കൂളിൽ നിന്ന് ഒരു സ്ട്രോബറി ഫാം സന്ദർശിക്കാന്‍ പോയതാണ് ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കുന്നത്. അവിടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ട്രോബെറി കൃഷിചെയ്യുന്ന രീതി ഇന്‍ഷയെ വല്ലാതെ ആകർഷിച്ചു. കാശ്മീരിലും ഈ രീതി പിന്തുടർന്നാലുണ്ടാകുന്ന നേട്ടത്തെപ്പറ്റി അവൾ ഭർത്താവിനോട് സംസാരിച്ചു.
നാട്ടിൽ സ്വന്തമായി മൂന്നര ഏക്കർ ഭൂമിയുള്ള സ്ഥിതിക്ക് നിനക്ക് തന്നെ അതിന് തുടക്കമിട്ടൂടേയെന്ന ഭർത്താവിന്‍റെ ചോദ്യത്തോടെ ജൈവക്യഷി ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ഇന്‍ഷ തീരുമാനിച്ചു. തുടർന്നുള്ള ആറുമാസത്തെ കഠിനമായ ആസൂത്രണത്തിനും ഗവേഷണത്തിനും ശേഷമാണ് അവൾ നാട്ടിലേക്ക് കൃഷി ആരംഭിക്കാനായി എത്തുന്നത്.
തുടക്കത്തിലെ വെല്ലുവിളികൾ
വിദേശയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നവർ നാട്ടിൽ വളരെ കുറവാണെന്ന് ഇൻഷ മനസ്സിലാക്കി. ഇതിലെ വിപണി സാധ്യത തിരിച്ചറിഞ്ഞ് ഇത്തരം ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്കായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ക്യഷിയുടെ തുടക്കത്തിൽ കളകളുടെയും കീടങ്ങളുടെയും ആക്രമണമാണ് നേരിട്ട പ്രധാന വെല്ലുവിളി. കീടങ്ങളെ അകറ്റാൻ ഇടവിള വിദ്യ സ്വീകരിക്കുകയും പച്ചക്കറികൾക്കിടയിൽ വെളുത്തുള്ളിയടക്കമുള്ളവ പ്രതിരോധത്തിനായി നടുകയും ചെയ്തു. ചില പാരമ്പര്യ വിത്തുകൾക്ക് കൂടുതൽ പോഷണം ആവശ്യമായിരുന്നതിനാൽ അവയെ ട്രേകളിൽ നട്ടുവളർത്തി. കാലാവസ്ഥയായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. ഓരോ പച്ചക്കറിക്കും വേണ്ട ശരിയായ മണ്ണിന്റെയും വെള്ളത്തിന്റെയും അനുപാതം മനസ്സിലാക്കാന്‍ ഏകദേശം അഞ്ച് മാസത്തോളം വേണ്ടി വന്നു.
തുടർന്ന് 2019 അവസാനത്തോടെ, ചെറുതക്കാളി, ചീര, ബ്രൊക്കോളി, മുളക്, കുരുമുളക് തുടങ്ങിയ നിരവധി വിളകൾ അവൾ മുളപ്പിച്ചെടുത്തു. പാരമ്പര്യ കൃഷിരീതി തന്നെയാണ് ഇന്‍ഷ സ്വീകരിച്ചിരുന്നത്. സ്ഥലത്തെ നാല് ഭാഗങ്ങളായി വിഭജിച്ച് വിളകളുടെ സ്വഭാവത്തിനനുസരിച്ച് വിത്ത് വിതയ്ക്കുന്ന രീതിയാണ് ആവിഷ്കരിച്ചത്.
ഫാം ടു ഫോർക്ക് ബ്രാന്‍ഡിലേക്ക്
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇൻഷ പ്രധാനമായും തന്‍റെ വിളകൾ വിൽക്കുന്നത്. ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും വിറ്റഴിയാറുണ്ടെന്ന് ഇന്‍ഷ പറഞ്ഞു. കഴിഞ്ഞ നവംബറിലും ഡിസംബറിലുമായി 8 ലക്ഷം രൂപയോളം സമ്പാദിക്കാനായെന്നും ബ്രാന്‍ഡ് ക്രമാനുഗതമായി വളരുകയാണെന്നും അവൾ കൂട്ടിച്ചേർത്തു. പ്രാദേശിക കർഷകരുമായി സഹകരിച്ച് ബ്രാൻഡിന് കീഴിൽ ഇന്ത്യയിലുടനീളം വിദേശയിനം പച്ചക്കറികളും അച്ചാറുകൾ പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഇന്‍ഷ വിൽക്കുന്നുണ്ട്.
" വളരെ അർപ്പണബോധവും നൂതന ആശയങ്ങളുമുള്ള ഒരു കർഷകയാണ് ഇൻഷ. കർഷകർക്ക് ന്യായ വില ലഭിക്കാൻ സഹായിക്കുക മാത്രമല്ല അവർ ചെയ്യുന്നത്, ഏറ്റവും പുതിയ കൃഷിരീതികൾ അവരെ പഠിക്കാനും പരിശീലിപ്പിക്കാനും അവൾ ശ്രമിക്കാറുണ്ട്. മുമ്പ് നമ്മുടെ കർഷകർ ബ്രോക്കോളി കിലോയ്ക്ക് 30 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇന്നവർക്ക് വിപണിയിൽ 100 രൂപയോളം ലഭിക്കുന്നുണ്ട് " -സംസ്ഥാന കൃഷി വകുപ്പ് നോഡൽ ഓഫിസർ ഷമാസുൽ ഹസൻ മിർ അഭിപ്രായപ്പെട്ടു.
ജൈവകൃഷി ബ്രാന്‍ഡിന്‍റെ വിജയത്തിന് ശേഷം കോഴിവളർത്തൽ ഫാം തുടങ്ങാനാണ് ഇൻഷ അടുത്തതായി ആസുത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.