രിശായി കിടന്ന സ്ഥലത്ത് നെല്‍ കൃഷിയിറക്കി സ്വന്തം നാടിന്‍റെ പേരില്‍ അരി വിപണിയിലെത്തിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കൊടുമണ്‍ നിവാസികള്‍ക്ക് ഇത് അഭിമാനത്തിന്‍റെ വര്‍ഷം. 800 ടണ്‍ നെല്ലാണ് ഇത്തവണ കര്‍ഷകര്‍ ഉൽപാദിപ്പിച്ചത്. 300 ടണ്‍ നെല്ല് കൊടുമണ്‍ അരിക്ക് ശേഖരിച്ചു. ബാക്കി അരി സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കി. മുണ്ടക്കല്‍, പെരുങ്കുളം, കാവുംപടി, തേവന്നൂര്‍, ചേനങ്കര, മുണ്ടുകോണം, കോയിക്കല്‍പടി പാടശേഖരങ്ങളിലാണ് കൃഷി. ഉണ്ടയരിയായ ഉമയും വടി അരിയായ ജ്യോതിയും ചേറാടിയുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രക്തശാലി, ഞവര അരികളും കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. തവിടിന്‍റെ അംശം കൂടുതലുള്ളതാണ് ഉമ അരി. ഇപ്പോള്‍ 400 ഏക്കറിലാണ് കൃഷി. കോട്ടയം വെച്ചൂരിലെ ഓയില്‍ പാം ഇന്ത്യ മില്ലിലാണ് നെല്ല് കുത്തിയെടുക്കുന്നത്.

കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെയും വര്‍ഷങ്ങളായുള്ള ശ്രമഫലമാണ് കൊടുമണ്‍ അരി. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ പതിറ്റാണ്ടിലേറെ തരിശായി കിടന്ന സ്ഥലത്ത് പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് കൃഷി തുടങ്ങിയത്. 260 ഏക്കറില്‍ നിന്ന് നാല് ലക്ഷം കി.ഗ്രാം നെല്ലാണ് ആദ്യഘട്ടത്തില്‍ ഉൽപാദിപ്പിച്ചത്. 57 ഏക്കര്‍ തരിശുഭൂമിയിലും കൃഷിയിറക്കി. കര്‍ഷകര്‍ക്ക് നെല്ലിന്‍റെ വിലയായ 25.30 രൂപ സംഭരണ സമയത്തു തന്നെ നല്‍കി. അധികമുള്ള നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കി. രാസവസ്തുക്കളുടെ ഉപയോഗവും കീടനാശിനി പ്രയോഗവുമില്ലാതെയാണ് നെല്‍കൃഷി നടത്തുന്നത്. ആദ്യഘട്ടത്തില്‍ 228 കര്‍ഷകരാണ് കൃഷിക്ക് ഉണ്ടായിരുന്നത്. നിലവില്‍ 294 കര്‍ഷകരുണ്ട്. നെല്ല് കുത്തി അരിയാക്കാന്‍ 4.50രൂപയാണ് ചെലവ്.




കൊടുമണ്‍ റൈസ് 2019 മേയ് 14ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറായിരുന്നു വിപണനോദ്ഘാടനം നിര്‍വഹിച്ചത്. കൊടുമണ്‍ കൃഷി ഭവന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാള്‍ തുടങ്ങിയാണ് വില്‍പ്പന നടത്തിയത്. 2019 ജൂലൈ 15ന് കൊടുമണില്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇക്കോ ഷോപ്പ് ആരംഭിച്ചു. നാടന്‍ പച്ചക്കറി, പഴം, ഏത്തക്കുല, മറ്റു നാടന്‍ ഭക്ഷ്യോത്പന്നങ്ങള്‍, നെല്ലില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. അരി സ്വന്തമായി കുത്തിയെടുക്കാനുള്ള പദ്ധതിക്കും അടുത്തിടെ തുടക്കമിട്ടു.




ജില്ലപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി കൊടുമണ്‍ റൈസ് മില്ലിന്‍റെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൊടുമണ്ണിലും സമീപ പ്രദേശങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയായി വിപണനം ചെയ്യാന്‍ റൈസ് മില്ല് സജ്ജമാകുന്നതോടെ സാധിക്കും. പുഴുങ്ങല്‍, ഉണക്കല്‍, കുത്തല്‍ തുടങ്ങിയ നെല്ല് സംസ്‌കരണത്തിലെ മനുഷ്യപ്രയത്‌നം ആവശ്യമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനായാസം ചെയ്യാന്‍ രണ്ടു മെട്രിക്ക് ടണ്‍ ശേഷിയുള്ള മില്ലിലൂടെ കഴിയുമെന്ന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍ 'മാധ്യമ'ത്തോടു പറഞ്ഞു.




പദ്ധതിക്ക് ജില്ല പഞ്ചായത്ത് 65 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞന്നാമ്മകുഞ്ഞ്, കൃഷി ഓഫിസര്‍ ആദില, ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്‍റ് എ.എന്‍. സലിം, സെക്രട്ടറി വിനില്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും കൊടുമണ്‍ റൈസിന്‍റെ സാക്ഷാത്കാരത്തിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും അധിക നെല്‍പാടങ്ങള്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണുള്ളത്. 1200 ഹെക്ടറിലേക്കും നെല്‍ കൃഷി വ്യാപിപ്പിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് എ.എന്‍. സലിം പറഞ്ഞു.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.