'ക്വിനോവ' മുതൽ 'ഗാഫ്' വരെ.. മുരുഭൂമിയിലെ ഉപ്പുവെള്ളത്തിൽ വളരുന്ന മധുരക്കാഴ്ചകൾ...

ലോകം ഭക്ഷ്യസുരക്ഷയെ കുറിച്ച് ആകുലപ്പെടുന്ന കാലമാണ്. യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ കിഴക്കും പടിഞ്ഞാറും യൂറോപ്പും ആഫ്രിക്കയുമെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്. സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനം സാധ്യമാകുന്നത് സംബന്ധിച്ച് ധാരാളം ഗവേഷണങ്ങൾ ലോകത്താകമാനം നടക്കുന്നുമുണ്ട്. എന്തിനും മുന്നിൽ നിൽക്കുന്ന ദുബൈ ഇക്കാര്യത്തിലും ലോകത്തിന് മാതൃകയാവുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഉപ്പുവെള്ളമുപയോഗിച്ച് ഭക്ഷ്യയോഗ്യമായ ചെടികളും പഴങ്ങളും ഉൽപാദിപ്പിക്കുകയാണ് ദുബൈ-അൽഐൻ റോഡിലെ ഇന്‍റർനാഷണൽ സെന്‍റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ ഫാം. 1999ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ കാർഷിക ഗവേഷണ കേന്ദ്രം ലവണാംശമുള്ള വെള്ളമുപയോഗിച്ച് പ്രാദേശിക വിളകൾ കൃഷി ചെയ്ത് വിജയിപ്പിക്കുകയായിരുന്നു.

ഉപ്പിനോടും ചൂടിനോടും വരൾച്ചയോടും മല്ലിട്ട് നിലക്കാനും വളരാനും കരുത്തുള്ള ചെടികളെയും ഫലങ്ങളെയും കണ്ടെത്തുകയാണ് കേന്ദ്രം ആദ്യം ചെയ്തത്. നിരന്തര ഗവേഷണത്തിലൂടെ സമുദ്ര നിരപ്പിൽ നിന്ന് ആയിരം മീറ്റർ ഉയരത്തിൽ മാത്രം വളരുമെന്ന് വിശ്വസിക്കപ്പെട്ട 'ക്വിനോവ' മുതൽ മരുഭൂമിയുടെ സ്വന്തം ഈത്തപ്പന വരെ ഇത്തരത്തിൽ ഇവിടെ വളരുന്നുണ്ട്. പ്രോട്ടീൻ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, ഭക്ഷണ ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയ വിഭവമാണ് 'ക്വിനോവ'. ഇതിന്‍റെ തന്നെ കൂടുതൽ വിപുലമായ കാർഷിക രീതികളും സംസ്കരണവും ലക്ഷ്യംവെച്ച് ഗവേഷണം തുടരുകയാണ് കേന്ദ്രം. ഫാമിലെ ഏറ്റവും ആകർഷണീയമായ ഒന്നാണ് ഈത്തപ്പഴത്തോട്ടം. എന്നാലിത് നിരവധി വർഷങ്ങളുടെ ഗവേഷണത്തിലൂടെ നേടിയെടുത്തതാണെന്ന് പലർക്കുമറിയില്ല.

20വർഷത്തിലേറെക്കാലം 18വ്യത്യസ്ത ഇസം ഈത്തപ്പനകൾ നിരന്തരം നിരീക്ഷിച്ചും സംരക്ഷിച്ചുമാണ് ഉപ്പുവെള്ളത്തിലും വളരുന്ന ഈത്തപ്പന ഇനങ്ങളെ കണ്ടെത്തിയത്. ഉപ്പുവെള്ളം പല അളവിൽ നൽകി വർഷങ്ങളോളം ഓരോ ചെടിയും കൃത്യമായി നീരിക്ഷിച്ചിരുന്നു. ഇതിലൂടെ ഉയർന്ന ലവണാംശം ഉണ്ടായിരുന്നിട്ടും നല്ല വിളവ് നൽകുന്ന രണ്ട് ഇനം ഈത്തപ്പഴങ്ങൾ കണ്ടെത്തുകയായിരുന്നു. വെള്ളത്തിന്‍റെ കുറവ് അനുഭവിക്കുന്ന രാജ്യത്തെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടിത്തമാണിത്. ഉയർന്ന ലവണാംശമുള്ള മണ്ണുള്ള കർഷകർക്ക് പോലും വിളവ് മോശമാകുമെന്ന ഭയമില്ലാതെ ഈത്തപ്പഴം വിജയകരമായി വളർത്താമെന്ന് കേന്ദ്രം വിജയകരമായി തെളിയിച്ചു.

യു.എ.ഇയുടെ ദേശീയ വൃക്ഷം 'ഗാഫ്' വളർത്തുന്നതിനും ഇവിടെ ഗവേഷണം നടത്തുന്നുണ്ട്. വരൾച്ചയെ പ്രതിരോധിക്കുന്ന ഒരു സസ്യമെന്ന നിലയിൽ പ്രാദേശികമായി ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇലക്ട്രിസിറ്റി ഉപയോഗം കുറച്ച് ഗ്ലാസ് ഹൗസുകളിൽ കക്കിരി ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യ രൂപപ്പെടുത്തിയതും കേന്ദ്രത്തിന്‍റെ മികവാണ്. ബർഗറിൽ ഉപയോഗിക്കുന്ന 'സാലികോർണിയ'യും ഇവിടെ നന്നായി ഉൽപാദിപ്പിക്കുന്നുണ്ട്. മരുഭൂമിയെയും ചൂടുള്ള കാലാവസ്ഥയെയും പരിഗണിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന മുന്നേറ്റങ്ങൾക്കാണ് ഫാം നേതൃത്വം നൽകുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ഈ വർഷം ഫാം സന്ദർശിച്ചിരുന്നു.

Tags:    
News Summary - Sweet sights growing in the salt water of the desert...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 08:04 GMT