ഇനി വരുന്നത് വേനലിൽ ചുട്ടുപൊള്ളുന്ന ദിനങ്ങൾ. താപനില ഏതാണ്ട് 40 ഡിഗ്രി എന്ന നിലയിലാവുകയും വേനൽമഴ കുറയുകയും ചെയ്തിരിക്കുന്നു. അന്തരീക്ഷ താപനിലയേക്കാൾ ഒരു ഡിഗ്രിയിൽ അധികമാണ് മണ്ണിെൻറ താപനില എന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. അതിനാൽ മനുഷ്യരെയും മൃഗങ്ങളെയും പോലെ ചെടികൾക്കും വേണം വേനൽക്കാല പരിചരണം. പരമ്പരാഗതമായി തുടരുന്ന ചില കാർഷികരീതികളും ഒപ്പം വലിയ മുതൽമുടക്കില്ലാത്ത നൂതന ജലസേചന, വളപ്രയോഗരീതികളും കാർഷിക സമ്പ്രദായങ്ങളും അനുവർത്തിച്ചാൽ വേനൽക്കാലത്തും വിളകൾ ആരോഗ്യത്തോടെ വളരും. ജലദൗർലഭ്യമാണ് വേനൽക്കാല കൃഷിയിൽനിന്ന് കൂടുതൽ പേരെയും പിന്തിരിപ്പിക്കുന്നത്. എന്തുമാത്രം ജലം എന്നതിനേക്കാൾ എങ്ങനെ ജലവിനിയോഗം എന്നറിഞ്ഞ് കൃഷിചെയ്യുന്നതാണ് പ്രധാനം. കൃഷി ശാസ്ത്രീയമാണെങ്കിൽ ഉൽപാദനം പതിന്മടങ്ങാകും എന്നതും വേനൽക്കാല കൃഷിയുടെ പ്രത്യേകതയാണ്. ജൈവ കീടനാശിനി പ്രയോഗം, ആവശ്യമെങ്കിൽ രാസവള കുമിൾനാശിനി പ്രയോഗം എന്നിവയും ശിപാ൪ശപ്രകാരം പിന്തുടരാം.
കൃഷിയിടത്തിൽ ഒഴിച്ചുകൂടാനാവാത്ത പരമ്പരാഗത രീതിയാണിത്. ഉണങ്ങിയ തെങ്ങോലകളും വിളകളുടെ അവശിഷ്ടവും ചപ്പുചവറുകളും പുതയിടാൻ അനുയോജ്യമാണ്. രണ്ട് ഇഞ്ച് കനത്തിൽ പുതയിടാം. കളകൾ വളരാതിരിക്കാനും മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ഇത്രയും നല്ല മറ്റൊരു വേനൽക്കാലപരിചരണ മുറയില്ല. സ്ലറി രൂപത്തിലുള്ള വളവും പുതയിടലിനൊപ്പം നൽകാം.
വേനൽമഴയിൽനിന്ന് ലഭിക്കുന്ന വെള്ളം മണ്ണിൽതന്നെ സംഭരിച്ചുനിർത്താൻ ഏറ്റവും നല്ല മാർഗമാണിത്. തെങ്ങിൻതോപ്പുകളും മറ്റും വേനൽക്കാലത്ത് ഉഴുത് വേനൽമഴ ലഭിച്ചശേഷം പയർവിത്ത് വിതയ്ക്കുന്ന പഴയ സമ്പ്രദായം തിരിച്ചുകൊണ്ടുവരേണ്ടതാണ്.
കൂടുതൽ ജൈവാംശമുണ്ടെങ്കിൽ മണ്ണിന് ജലാഗീകരണ സംഭരണശേഷി കൂടുതലായിരിക്കും. കേമ്പാസ്റ്റ്, ചാണകപ്പൊടി, പച്ചിലവസ്തുക്കൾ എല്ലാം ചേർത്ത് ജൈവാംശം വർധിപ്പിച്ചാൽതന്നെ വരൾച്ചയെ പ്രതിരോധിക്കാനുള്ള കരുത്ത് ചെടിക്ക് കിട്ടും.
ജലലഭ്യത കുറയുന്ന ഇക്കാലത്ത് അശാസ്ത്രീയ ജലസേചനരീതി കാരണം വെള്ളം പാഴാവുന്നു. സാധാരണ കൃഷിയിടത്തിലോ തടത്തിലോ വെള്ളം കെട്ടിനിർത്തി നനയ്ക്കുേമ്പാൾ ബാഷ്പീകരണവും താഴേക്കുള്ള ഊർന്നിറങ്ങലും വഴി ധാരാളം വെള്ളം നഷ്ടമാവുന്നു. വെള്ളം കൂടിയാലും വിളകൾക്ക് ദോഷമാണ്. അമിത ജലസേചനത്തിെൻറ പ്രശ്നങ്ങളാണ് വെള്ളക്കെട്ട്, ലവണങ്ങളുടെ കേന്ദ്രീകരണം എന്നിവ. മണ്ണിെൻറ ഉൽപാദനക്ഷമത നഷ്ടപ്പെടുന്നത് വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാവുന്നു. അതുകൊണ്ട് മണ്ണിെൻറയും വിളകളുടെയും സവിശേഷതകൾ കണക്കിലെടുത്ത് കാര്യക്ഷമമായി ജലസേചനം നടത്തുകയാണ് വേനൽക്കാലത്ത് ഉചിതം. ജലസേചനത്തിനായി പരമാവധി വെള്ളം ഉപയോഗിക്കുന്ന രീതി മാറണം. ജലദൗർലഭ്യ സമ്മ൪ദംപോലെ ജലത്തിെൻറ ആധിക്യവും വിളകൾക്ക് ഹാനികരമാണ്. മൺതരികൾക്കിടയിലെ ഈർപ്പരൂപത്തിലുള്ള വെള്ളംമാത്രമേ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയൂ. ഒരു പിടി നനഞ്ഞമണ്ണ് കൈയിലെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റുവീഴണം. ഈർപ്പം വേരിനുചുറ്റും എപ്പോഴുമുണ്ടെങ്കിൽ ചെടി വളരാൻ അതുമതി.
ചെടികൾ ജലം വേരുകളിലൂടെ ആഗിരണം ചെയ്യുന്നത് അന്തരീക്ഷം ചൂടാവുന്നതിന് മുമ്പാണ്. അതുകൊണ്ടുതന്നെ അതിരാവിലെ ജലസേചനം നടത്തുന്നതാണ് ഉചിതം.
ഓരോ വിളകൾക്കും ശിപാർശ ചെയ്ത അളവിൽ മാത്രമേ ജലസേചനം നടത്തേണ്ടതുള്ളൂ. വിളകളുടെ തടങ്ങളിൽ നനവുണ്ടാവുക എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് കുപ്പിയും ഉപയോഗശൂന്യമായ പാത്രവും ഉപയോഗിച്ച് അടുക്കളത്തോട്ടത്തിൽ ജലസേചനം നടത്താം. പ്ലാസ്റ്റിക് കുപ്പിയുടെ ചുവടുഭാഗം മുറിച്ചശേഷം അടപ്പുമാറ്റി തലതിരിച്ച് ചെടിയുടെ ചുവട്ടിൽ കുഴിച്ചിട്ടശേഷം വെള്ളം ഒഴിച്ചുകൊടുക്കാം.
നൂതന ജലസേചനരീതികളായ തുള്ളിനന (Drip irrigation), ഉപരിതല നന (Surface irrigation), കണികാ ജലസേചനം (Sprinkler irrigation) എന്നിവക്ക് പ്രാധാന്യം നൽകാം. സൂക്ഷ്മ ജലസേചനരീതികൾ പിന്തുടർന്ന് ലഭ്യമായ വെള്ളം കൂടുതൽ സ്ഥലത്ത് കൂടുതൽ ദിവസം നനയ്ക്കാനുപയോഗിക്കാം. മൺകുടങ്ങളുടെ അടിഭാഗത്ത് സുഷിരമുണ്ടാക്കി പരുത്തിനൂൽ കടത്തിവെച്ചശേഷം വെള്ളംനിറച്ച് വൃക്ഷ-വിളകൾ, തൈകൾ എന്നിവയുടെ തടങ്ങളിൽ വെച്ചാൽ മതി.
മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരിനന (Wick irrigation) തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക സമയം മാറ്റിവെക്കേണ്ട. ഇതിലൂടെ നൽകുന്ന വളങ്ങൾ ഒരു തരത്തിലും നഷ്ടപ്പെടാതെ പൂർണമായും ചെടിക്കുതന്നെ ലഭിക്കുന്നു. ഒരാഴ്ച നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.