കണ്ണിന് കുളിർമയേകുന്ന നെൽപാടങ്ങൾ. പലതരം നെല്ലിനങ്ങൾ. തുള്ളിച്ചാടി നടക്കുന്ന ആട്ടിൻ കുട്ടികൾ. കുളം നിറയെ മീനുകൾ. ജൈവ കൃഷിയുടെ മനോഹര കേന്ദ്രമായ ആലുവ തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിലെ പ്രധാന കാഴ്ചകളാണിത്. ആലുവ നഗരത്തോട് ചേർന്ന് പെരിയാറിന് നടുവിൽ സ്ഥിതിചെയ്യുന്ന ഈ പ്രകൃതി സൗന്ദര്യം ഏവരേയും ആകർഷിക്കും.
സുന്ദരമായ കാഴ്ചകൾക്കപ്പുറം എല്ലാ വിഭാഗത്തിലുംപെട്ട ജൈവകൃഷിയെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരമുണ്ട്. 101 വയസ്സുള്ള സർക്കാർ വിത്തുൽപാദന കേന്ദ്രം നിലവിൽ വ്യത്യസ്ത കൃഷി രീതികളാലും പ്രകൃതി ഭംഗിയാലും വേറിട്ടുനിൽക്കുന്നു. ഇവിടെയുണ്ടായിരുന്ന കൃഷി വസ്തുക്കളെല്ലാം മഹാപ്രളയത്തിൽ തുടച്ചുനീക്കപ്പെട്ടതാണ്. എന്നാൽ, നിലവിൽ അതിന്‍റെ അടയാളംപോലും ഇല്ലാത്ത വിധത്തിൽ സമൃദ്ധമാണ്. വിനോദ സഞ്ചാര കേന്ദ്രത്തിലേതു പോലെ സന്ദർശകർക്ക് ഉല്ലസിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്. ഏറുമാടത്തിൽ കയറിയാൽ സമീപ പ്രദേശങ്ങളിലെ നിരവധി കാഴ്ചകൾ കാണാം.
കുളങ്ങൾ നിറയെ ഗിഫ്‌റ്റ് തിലാപ്പിയ മീനുകളുമുണ്ട്. തേനീച്ച മുതല്‍ കാസർകോട് കുള്ളന്‍ എന്ന നാടന്‍ പശു വരെ ഇവിടെ വളര്‍ത്തുന്നുണ്ട്. മലബാറി ആട്, കോഴി, ഗിനി തുടങ്ങിയവയെ ഇവിടെ കാണാനാകും.
നാടന്‍ പശുക്കളുടെ ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ജൈവ കീടനാശിനികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. നെൽകൃഷിയിൽ കളനശീകരണം, കീടനിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് താറാവുകളാണ്. നൂറോളം താറാവുകളാണ് ഇവിടെയുള്ളത്. എറണാകുളം ജില്ല പഞ്ചായത്തിന് കീഴിലുള്ള വിത്തുൽപാദന കേന്ദ്രം രാജ്യത്തെ ഏക ജൈവ വിത്തുൽപാദന കേന്ദ്രമാണ്. 2012 ലാണ് ഈ അംഗീകാരം കേന്ദ്രത്തിന് ലഭിച്ചത്.
തിരുവിതാംകൂര്‍ രാജാവിന്‍റെ കാലത്താണ് തുരുത്തിൽ കൃഷിപാഠശാല നിർമിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം സംസ്‌ഥാന സര്‍ക്കാർ വിത്തുല്‍പാദന കേന്ദ്രമായി മാറ്റി. പിന്നീട്, ജില്ല പഞ്ചായത്തിന്‍റെ കീഴിലായി. 13 ഏക്കര്‍ സ്‌ഥലത്താണ് പാടം. നാല് ബ്ലോക്കുകളായി തിരിച്ചാണ് നെല്‍കൃഷി. എ ബ്ലോക്കില്‍ 1.72 ഏക്കറും ബി ബ്ലോക്കില്‍ 2.47 ഏക്കറും സിയില്‍ 1.63 ഏക്കറും ഡിയില്‍ 1.95 ഏക്കറും നെല്‍കൃഷി ചെയ്യുന്നു. 3.21 ഏക്കര്‍ സ്‌ഥലത്ത് പച്ചക്കറിയും വാഴയുമാണ് കൃഷി.
എല്ലാത്തരം നെല്ലുകളും വിത്തുകളും ഇവിടെ കാണാം. രക്തശാലി, ഞവര, ജപ്പാൻ വയലറ്റ്, വെള്ളത്തൊണ്ടി, കൈമ തുടങ്ങിയവയാണ് പ്രധാന നെല്ലിനങ്ങൾ. അതിന് പുറമെ ചേകാടി, പൊക്കം കുറഞ്ഞ പൊക്കാളി ഇനമായ വൈറ്റില പത്ത്, മനുരത്ന തുടങ്ങിയ ഇനങ്ങളുമുണ്ട്. കിയ, റാഗി തുടങ്ങിയ വിളകളും ഇവിടെയുണ്ട്.
101ാം വയസ്സിൽ ഇരട്ട അംഗീകാരത്തിന്‍റെ തിളക്കത്തിലാണ് വിത്തുൽപാദന കേന്ദ്രം. ഈ വർഷം രണ്ട് സംസ്‌ഥാന കർഷക അവാർഡുകളാണ് ലഭിച്ചത്. കൃഷി വകുപ്പിന്‍റെ മികച്ച ഫാമിനും മികച്ച ഫാം ഓഫിസർക്കുമുള്ള ഹരിത കീർത്തി അവാർഡുകളാണ് ലഭിച്ചത്. ഫാം ഓഫിസറായ ലിസി മോൾ ജെ.വട്ടക്കൂട്ടിനാണ് ഫാം ഓഫിസർക്കുള്ള അവാർഡ് ലഭിച്ചത്.
പെരിയാർ തീരത്ത് വിശ്രമിക്കാൻ ചെറു കൂടാരങ്ങള്‍, ഏറുമാടം എന്നിവയും സമീപ കാലത്തായി തീര്‍ത്തിട്ടുണ്ട്. ഫാമിലേക്ക് പുതിയ യാത്ര ബോട്ട്, പെരിയാറിനും തൂമ്പാതോടിനും ഇടയില്‍ ഫ്ലോട്ടിങ് ജെട്ടികള്‍, പുഴയോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി, ദേശം ഭാഗത്ത് നിന്ന് പുതിയ പാലം എന്നിവയും ഒരുക്കാൻ പദ്ധതിയുണ്ട്. ജൈവ കീടനാശിനികൾ, തൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയവും ഇവിടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.