ഇൗയിടെ ‘സമ്യദ്ധി’യിൽ വാം കൾച്ചർ 50 ഗ്രാം കുഴികളിൽ ഇട്ട ശേഷം വാഴക്കന്നുകൾ നടുക എന്നു കണ്ടു.എന്താണ് വാം കൾച്ചർ?
● കുമിൾ വേരുകൾ എന്നാണ് ‘വാം’ അറിയപ്പെടുന്നത്. ഒരുതരം കുമിളുകളും ചെടികളുടെ വേരും തമ്മിലുള്ള സഹവർത്തിത്വത്തെയാണ് വാം (വെസിക്കുലാർ ആർബസ്കുലാർ മൈകോറൈസ)എന്ന് വിളിക്കുന്നത്. ഈ കുമിളുകള്‍ക്ക് ചെടികളുടെ വേരിന്റെ ഭാഗമായി മാത്രമേ നിലനില്ക്കാന് കഴിയൂ.
ചെടികള്‍ക്ക് ഉപകാരപ്രദമായ ഈ കുമിളുകള്‍ സസ്യങ്ങളുടെ വേരിനുള്ളിലും പുറമെയുമായി കഴിയുന്നു. മണ്ണിലുള്ള ഫോസ്ഫറസിനെ ചെടികൾക്കു വലിച്ചെടുക്കാന്‍ സഹായിക്കുന്നതാണ് ഇവയുടെ ഒരു ധർമം. കൂടാെത നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗിരണം ചെയ്യാൻ ഇവ ചെടികളെ സഹായിക്കുന്നു.
പ്രകൃത്യാതന്നെ മണ്ണുകളില്‍ ഇവയുണ്ട്. ചെടിക്കുവേണ്ട മൂലകങ്ങള്‍ കൂടുതലായി ആഗിരണം ചെയ്ത് അവ ചെടികള്‍ക്ക് ലഭ്യമാക്കുമ്പോള്‍, തിരികെ കാര്‍ബണിക പദാര്‍ഥങ്ങളും മറ്റ് മൂലകങ്ങളും ചെടിയില്‍നിന്ന് ഇവ സ്വീകരിക്കുന്നു. രോമ വേരുകളേക്കാള്‍ കൂടുതല്‍ ഈ കുമിള്‍ വളരുന്നതിനാല്‍ കൂടുതല്‍ സ്ഥലത്തുനിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇവ സസ്യങ്ങളെ സഹായിക്കുന്നു.
● ഫോസ്ഫറസിനുപുറമെ നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ആഗിരണം ചെയ്ത് ചെടികള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നു. ചെടി വളരുന്ന സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളുകളുടെ തന്തുക്കള്‍ വളര്‍ന്ന് ലഭ്യത കൂടുതലുള്ള സ്ഥലത്തുനിന്ന് ഇവയെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു.
● വാം നിരവധി ഹോര്‍മോണുകള്‍ ഉൽപാദിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകള്‍ സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
● ചെടികള്‍ക്ക് ഉപകാരപ്രദമായ മറ്റു പല ജീവാണുക്കളുടെയും (അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ) വളര്‍ച്ചക്കും വര്‍ധനവിനും ഉപകരിക്കുന്നു.
● മണ്ണില്‍ കാണുന്ന ഉപദ്രവകാരികളായ പിത്തിയം, റൈസക്റ്റോണിയ, ഫൈറ്റോഫ്ത്തോറ തുടങ്ങിയ കുമിളുകളില്‍നിന്നും നിമാവിരകളില്നിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നു.
● വാം കുമിളിന്റെ തന്തുക്കള്‍ വേരുപടലത്തിനു ചുറ്റുമുള്ള പരിസരത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അങ്ങനെ ചെടികള്‍ക്ക് വരള്‍ച്ചാ സഹനശേഷി നല്കുന്നു.
● ഉയര്‍ന്ന ഊഷ്മാവ്, അമ്ലത്വം, പറിച്ചുനടുമ്പോള്‍ ഉണ്ടാകുന്ന വാട്ടം എന്നിവയെ പ്രതിരോധിക്കാന്‍ ചെടിക്ക് കഴിവുനല്കുന്നു.
വളരെ വേഗം കൃഷിയിടത്തിൽ വാം ഉൽപാദനത്തിനായി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ നിലവിലുണ്ട്. വെർമികുലൈറ്റ്, പെർലൈറ്റ്, മണ്ണ് ചാണകം എന്നിവ ഇതിനായി ആവശ്യമാണ്. അണുവിമുക്തമാക്കിയ വെർമികുലൈറ്റ് 65 കിലോഗ്രാം, പെർലൈറ്റ് 20 കിലോഗ്രാം, ചാണകം അഞ്ചു കിലോഗ്രാം, മണ്ണ് 10 കിലോഗ്രാം എന്നിവ ടാങ്കുകളിൽ നിറച്ച ശേഷം ചാലെടുത്ത് ചാലുകളിൽ മൈക്കോറൈസ കൾചർ ഇട്ടതിനുശേഷം ചോളം വിത്ത് അല്ലെങ്കിൽ ഗിനി പുല്ല് നടുക.
മൂന്നുമാസത്തിനുശേഷം ഗുണനിലവാര ഘടകങ്ങളായ സ്പോറുകളുടെ എണ്ണവും വേരിനുള്ളിലെ മൈക്കോറൈസയുടെ വളർച്ചയും ഉറപ്പാക്കിയ ശേഷം ചെടിയുടെ മുകൾഭാഗം മുറിച്ചുമാറ്റി വേരുകൾ ചെറുതായി മുറിച്ചു ടാങ്കിലെ മിശ്രിതവുമായി ചേർത്ത് മൈക്കോറൈസ കൾചർ കവറുകളിൽ നിറക്കാം.
നേരിട്ട് വിത്തുപാകുന്ന വിളകളിൽ വിത്തുകുഴിയിൽ രണ്ടുഗ്രാം മൈക്കോറൈസ ഇടാം. പോളിബാഗിലും ചട്ടികളിലും തൈ നടുമ്പോഴും രണ്ട്-അഞ്ച് ഗ്രാം വരെ മൈക്കോറൈസ ചേർക്കാം. ഇഞ്ചി, മഞ്ഞൾ വിത്തുകൾ പശയുള്ള ലായനിയിൽ മുക്കി മൈക്കോറൈസ മിശ്രിതത്തിൽ പൊതിഞ്ഞെടുക്കുക. ദീർഘകാല വിളകൾ നടാനെടുക്കുന്ന കുഴിയിൽ 25-50 ഗ്രാം മൈക്കോറൈസ ചേർക്കാം. തോട്ടവിളകളിൽ ഇടവിള കൃഷിക്കും മൈക്കോറൈസ നന്ന്.
തവാരണകളില്‍ വിത്തുപാകുമ്പോള്‍ വാം മണ്ണിനു മുകളില്‍ നേര്‍ത്ത ഒരു പാളിയായി വിതറിയശേഷം വിത്ത് വിതക്കുക. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടുക.
തൈകൾ കൃഷിയിടത്തില്‍ നടുംമുമ്പും വാം ചേർക്കാം. വിളകളുടെ വേരുകള്‍ വാം കള്‍ചറിലൂടെ കടന്നുപോകുമ്പോഴാണ് അതിന്റെ ഫലം ലഭിക്കുക. നല്ല വേരോടെ തഴച്ചുവളരുന്നതാണ് ഇതിന്റെ ലക്ഷണം. ടിഷ്യൂകള്‍ചര്‍ ചെടികള്‍, പോളിബാഗില്‍ നടുന്ന തൈകള്‍ എന്നിവക്കെല്ലാം വാം അത്യുത്തമമാണ്.
● വരണ്ട മണ്ണില്‍ മൈക്കോറൈസ നശിക്കും. അതിനാല്‍ നനച്ചശേഷം ഉപയോഗിക്കുക.
● വാം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പും പ്രയോഗിച്ച് ഒരാഴ്ച കഴിഞ്ഞും രാസവള, കീടകുമിള്‍നാശിനികള്‍ ഉപയോഗിക്കരുത്.
● നേരിട്ട് ചൂടേല്‍ക്കുന്ന സ്ഥലങ്ങളില്‍ വാം സൂക്ഷിക്കരുത്.
● ജൈവവളങ്ങള്‍ കുമിൾ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. അതിനാൽ മികച്ച ജൈവവളങ്ങൾ തന്നെ ഉപയോഗിക്കണം.
● വിള പരിക്രമം, തുടര്‍വിള സമ്പ്രദായം തുടങ്ങിയ കൃഷിരീതികള്‍ അനുവര്‍ത്തിക്കുമ്പോള്‍ വാം വളരെവേഗം വളരുകയും വംശവര്‍ധന നടത്തുകയും ചെയ്യുന്നു.
● ചൂടുകാലത്ത് പുതയിടുന്നത് കുമിളുകളുടെ നാശം ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.
● മണ്ണ് നന്നായി ഉഴുതുമറിക്കൽ, കൃഷിയിടത്തിൽ തീയിടല്‍, മണ്ണൊലിപ്പ്, പുകയിടൽ, സൗരതാപീകരണം, കൂടുതല്‍ കാലം വെള്ളം കെട്ടിക്കിടക്കൽ തുടങ്ങിയവ മൈക്കോറൈസക്ക് ഹിതകരമല്ല.
● കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ് അംഗീകൃത ഏജൻസികൾ എന്നിവിടങ്ങളിൽനിന്നുമാത്രം വാം കൾച്ചർ വാങ്ങി ഉപയോഗിക്കുക.
വിവരങ്ങൾ നൽകിയത്: വിഷ്ണു എസ്.പി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ)
സംശയങ്ങൾക്ക് മറുപടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.