ഐ.ടിയിലും ടൂറിസത്തിലും വളർച്ച ഉണ്ടായാലും ആര് എത്ര എതിർത്താലും അടുത്ത പതിറ്റാണ്ട് കൃഷിയുടേതായിരിക്കുമെന്നാണ് മുൻ സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭിപ്രായം. മന്ത്രിസ്ഥാനം വിട്ടാലും കൃഷി ഉപേക്ഷിക്കാൻ അദ്ദേഹം തയാറല്ല. തൃശൂർ അന്തിക്കാടുള്ള വീടിന് ചുറ്റും കൃഷിയാണ്. 12 സെൻറ്, സ്ഥലമേ ഉള്ളൂവെങ്കിലും അവിടം നൂറുമേനി വിളയുന്ന കൃഷിഭൂമിയാക്കി മാറ്റി.
മണ്ണിന്റെ ഘടനയിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ഗ്രോബാഗിലാണ് കൂടുതലും കൃഷി. തക്കാളി, വെണ്ട, പയർ, പച്ചമുളക്, അമര, മഞ്ഞൾ, ചേമ്പ്, ചെറുകിഴങ്ങ്,
കാവത്ത് തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ വിളയുന്നു. പൂർണമായും ജൈവരീതിയാണ്. ചെടികളുടെ ഇലകളിലെ നീര് കുടിക്കുന്ന ചാഴി പോലെയുള്ള പ്രാണിയും പുഴുശല്യവുമുണ്ടങ്കിലും ഇടക്ക് കൃഷിയിടം സന്ദർശിക്കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അതിനെ പ്രതിരോധിക്കാൻ ഉപദേശം നൽകുന്നുണ്ട്.
ഓണത്തിന് പൂക്കൾ പ്രതീക്ഷിച്ച് 100 ചുവട് ചെണ്ടുമല്ലി കൃഷി ചെയ്തെങ്കിലും കാലാവസ്ഥ പ്രശ്നം കാരണം ഓണം കഴിഞ്ഞാണ് കൂടുതൽ പൂക്കളുണ്ടായത്. വകുപ്പ് ഒഴിഞ്ഞാലും മാനസികമായി കൃഷിയിൽനിന്ന് മാറിനിൽക്കാൻ സാധിക്കില്ല. മാനസിക സന്തോഷം നന്നായി ലഭിക്കാൻ കൃഷിയല്ലാതെ മറ്റു മാർഗങ്ങളില്ല. പാർട്ടി സ്ഥാനമല്ലാതെ ഔദ്യോഗിക സ്ഥാനങ്ങളില്ലാത്തതിനാൽ കൃഷിക്ക് കൂടുതൽ സമയം കിട്ടി. ഇടക്ക് കോവിഡ് ബാധിച്ചതിനാൽ ഇപ്പോൾ ജില്ല വിട്ട് പുറത്തുപോകാറില്ല. അതും കൃഷിക്ക് സഹായകമായി. നമ്മൾ നട്ട ചെടിയിൽ ഇലയും പൂവും കായും വരുന്നത് കാണുമ്പോൾ ആരാണ് സന്തോഷിക്കാത്തത്? കോവിഡ് കാലത്തെ എന്റെയും സന്തോഷം കൃഷിയായിരുന്നു -സുനിൽ കുമാർ പറയുന്നു.
കുെറ പണമുണ്ടായാൽ വിശപ്പ് മാറില്ല. ഭക്ഷണം കഴിക്കുന്ന എല്ലാവരും കൃഷി ചെയ്യണം. എല്ലായിടത്തും കൃഷിചെയ്യണം. അഞ്ചുവർഷം താനടക്കമുള്ളവർ പറഞ്ഞുനടന്നത് ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഇപ്പോൾ കൂടുതൽ പേർ കൃഷിചെയ്യാൻ തയാറായി മുന്നോട്ടുവരുന്നുണ്ട്. കേരളം ഏറ്റവും നല്ല മണ്ണും വെള്ളവും കാലാവസ്ഥയുമുള്ള സ്വർഗതുല്യമായ നാടാണ്. കൃഷിയല്ലാതെ നമുക്ക് മുന്നിൽ വേറെ വഴികളില്ല.
അഞ്ചുവർഷത്തെ ശ്രമഫലമായി പച്ചക്കറിയിൽ 50 ശതമാനമെങ്കിലും സ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ധാരാളം പേർ കൃഷിയിലേക്ക് വന്നു. നാട്ടിലെ ചന്തയിൽ നമ്മുടെ പച്ചക്കറിയെത്തി, പുതിയ കൃഷിമന്ത്രി മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.
അത് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കൃഷിചെയ്യാൻ ഒരു മനസ്സുണ്ടാവുകയാണ് പ്രധാനം. കൂടെ സന്തോഷവും ജീവിതത്തിൽ വന്നുചേരുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.