പാല്‍ക്കുടം വറ്റിക്കും ഈ പെരുംചൂട്

 അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളില്‍ പാല്‍ ഉല്‍പാദനശേഷി കുറഞ്ഞു. ഉല്‍പാദനത്തിലെ ഇടിവ് ക്ഷീരകര്‍ഷകരെ ബാധിച്ചു തുടങ്ങി. അതേസമയം സംസ്ഥാനത്തെ പാല്‍ ഉല്‍പാദനം കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ ക്ഷീരമേഖലയിലേക്ക് കടന്നതാണ് പാല്‍ ഉല്‍പാദനം ഉയര്‍ത്തിയത്.
എന്നാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവ്  (ടെംപറേച്ചര്‍ ഹുമിഡിറ്റി ഇന്‍ഡക്സ്) 117 വരെ ഉയര്‍ന്നത് പാല്‍ ഉല്‍പാദന ശേഷിക്ക് ഭീഷണിയായി.  മാര്‍ച്ചില്‍ 90 വരെയേ പൊതുവെ അനുഭവപ്പെടാറുള്ളൂ. ഇപ്പോഴത്തെ ഉയര്‍ന്ന ചൂട് കന്നുകാലികളില്‍ പല അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്നുണ്ട്. മഴ പെയ്ത് താപനില കുറഞ്ഞില്ളെങ്കില്‍  ഏപ്രിലിലെ പാല്‍ ഉല്‍പാദനത്തെ ബാധിക്കും.
 ചൂട് കൂടിയതോടെ പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള  തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രം മേധാവി ഡോ. പി.ടി. സുരാജ് പറഞ്ഞു.
പ്രതിദിനം 75 ലിറ്ററോളം പാലാണ് കുറഞ്ഞത്. 220 ഓളം പശുക്കളാണ് ഇവിടെയുള്ളത്.  പ്രതിദിനം 950 ലിറ്റര്‍ ലഭിച്ച സ്ഥാനത്ത് മാര്‍ച്ചില്‍ 875 ലിറ്ററായി.
കന്നുകാലികളുടെ ശരീര താപനില താഴ്ത്താന്‍ കൃത്രിമമായി തണുപ്പിക്കുന്ന സംവിധാനം തൊഴുത്തുകളില്‍ ഏര്‍പ്പെടുത്തലാണ് പരിഹാരം.
തുമ്പൂര്‍മുഴിയില്‍ കൃത്രിമ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പശുക്കളുടെ ആന്തരിക ഊഷ്മാവ് രേഖപ്പെടുത്താന്‍ യന്ത്രമുണ്ട്. ഫാന്‍, ഷവര്‍, ഡ്രിങ്കിങ് സിസ്റ്റം എന്നിങ്ങനെ പല സംവിധാനങ്ങളും തൊഴുത്തിലുണ്ട്.
ഡോ. എ. പ്രസാദ് ആവിഷ്കരിച്ച ഓട്ടോമാറ്റിക് കൂളിങ് സംവിധാനമാണിവിടെ ഉള്ളത്. ചൂട് ഏല്‍ക്കാതിരിക്കാന്‍ തൊഴുത്തില്‍ സീലിങ്ങുണ്ട്.
ചൂട് കൂടിയാല്‍ താനേ ഷവറിലൂടെ പശുക്കളുടെ ശരീരത്തില്‍   വെള്ളം വീഴും. ഫാനുകള്‍ പ്രവര്‍ത്തിക്കും. വെള്ളത്തൊട്ടിയില്‍ കുടിവെള്ളം നിറയും. പശുക്കള്‍ക്ക് ചൂടിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റമുണ്ട്. സങ്കരയിനം പശുക്കള്‍ക്ക് പരമാവധി തുറന്ന തൊഴുത്താണുള്ളത്. കിഴക്കുപടിഞ്ഞാറ് അടച്ച് തെക്ക് വടക്ക് നോക്കി നില്‍ക്കാന്‍ കഴിയുന്നതാണ് തൊഴുത്ത്. വേനലില്‍ പശുക്കള്‍ക്ക് ചൂടിനെ നേരിടാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇവ പരീക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.