ചേനകൃഷിയില്‍ ഒരുകൈ നോക്കി കോട്ടാറ്റ് പച്ചക്കറിഗ്രാമം


ചാലക്കുടിക്കടുത്ത്  കോട്ടാറ്റ് പച്ചക്കറിഗ്രാമത്തിലെ കര്‍ഷകര്‍ ഇത്തവണ ചേനകൃഷിയില്‍ ഒരു കൈ പയറ്റുകയാണ്.കഴിഞ്ഞ വര്‍ഷം ചേനകൃഷിയില്‍ ഉണ്ടായ നേട്ടവും നേന്ത്രവാഴകൃഷിയില്‍ ഉണ്ടായ തിരിച്ചടിയുമാണ് ഈ വര്‍ഷം ഇവര്‍ ചേനയിലേക്ക് ശ്രദ്ധ തിരിയാന്‍ കാരണം. 13 ഏക്കറോളം ഭൂമിയിലാണ് ഇവര്‍ ചേനകൃഷി നടത്തുന്നത്. വിവിധ കര്‍ഷകരുടെ നേതൃത്വത്തില്‍  ഏകദേശം 30,000 ചേന കടകളാണ് ഇവിടത്തെ കൃഷിയിടത്തില്‍ തയ്യാറാവുന്നത്. മികച്ച തൂക്കം ലഭിക്കുന്ന വയനാടന്‍ ഇനത്തിലുള്ള ചേനയാണ് കൂടുതലും കൃഷിയിറക്കിയിട്ടുള്ളത്. 6നും 15 കിലോയ്ക്കും ഇടയിലായിരിക്കും ഓരോ ചേനയുടെയും തൂക്കം. ഓണത്തിന് ഇത് വിളവെടുപ്പ് നടത്തുമ്പോള്‍ കുറഞ്ഞത് 2500 ടണ്‍ ചേനയാണ് ഉല്‍പ്പാദനം പ്രതീക്ഷിക്കപ്പെടുന്നത്. എറണാകുളം ജില്ലയിലും തൃശൂരുമാണ് ഇത് വിറ്റഴിക്കുന്നത്. പ്രത്യേകിച്ച് തെക്കന്‍ദിക്കുകളില്‍ വയനാടന്‍ ചേനയ്ക്ക് വിപണിയില്‍ നല്ല പ്രിയമാണ്. ഓണക്കാലത്തെ വിലനിലവാരം അനുസരിച്ചായിരിക്കും കൃഷിയിലെ ലാഭം.

കോട്ടാറ്റിലെ കര്‍ഷകര്‍ സ്വന്തമായ കൃഷിയിടത്തിലും പാട്ടത്തിനെടുത്ത കൃഷിയിടത്തിലുമാണ് ചേനകൃഷി നടത്തുന്നത്.  നെല്‍കൃഷി കഴിഞ്ഞ് വെറുതേ കിടക്കുന്ന പാടത്താണ് ചേന കൃഷി. കോട്ടാറ്റ് ഗ്രാമത്തില്‍ മിക്കവരും മുണ്ടകന്‍ കൃഷി മാത്രമേ നടത്തുന്നുള്ളുവെന്നത് ചേനയും മറ്റ് പച്ചക്കറിയും കൃഷിയിറക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരു വട്ടം ചേനകൃഷി നടത്തുമ്പോള്‍ പിന്നീട് നെല്‍കൃഷി നടത്തുമ്പോള്‍ ഗുണകരമായ വിധം നല്ലപോലെ മണ്ണിളകാനും മറ്റും ഉപകരിക്കും. കൂടാതെ തെങ്ങിന്‍തോപ്പിലും അടയ്ക്കാമരത്തോപ്പിലും ചേന നടാം. ഇത്തവണ കാലാവസ്ഥയും ചേനകൃഷിക്ക് വളരെ അനുകൂലമാണെന്ന് ചാലക്കുടിയിലെ കര്‍ഷകര്‍ പറയുന്നു. കനത്ത മഴയില്ലാത്തതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടിട്ടില്ല. ഇതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല. വെള്ളം കെട്ടി നില്‍ക്കുന്നതുകൊണ്ട് അത്ര ഭീഷണിയൊന്നും ഉണ്ടായിട്ടല്ല. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കാവുന്ന ഞണ്ടുകളുടെ ശല്യം ഇതുകൊണ്ട് ഉണ്ടായില്ല.

ചേനകൃഷിക്കുള്ള ഒരുക്കങ്ങള്‍ കര്‍ഷകര്‍ നവംബറിലേ ആരംഭിക്കുന്നുണ്ട്. അപ്പോള്‍ മേന്മയേറിയ ചേനകള്‍ പാവാനായി മുറിച്ച് ഉണക്കുന്നു. 45 ദിവസം കഴിഞ്ഞാല്‍ അവ വെറുതേ മണ്ണിട്ട് മൂടി വയ്ക്കും. നല്ല മുള വരുന്നവയെ നോക്കി മാറ്റിവച്ച് ചാണകം, എല്ലുപൊടി തുടങ്ങിയവ വളമായി ചേര്‍ക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം നല്‍കണം. പാവിക്കഴിഞ്ഞ് മുളയെടുക്കുമ്പോള്‍ ന്യൂഡോ മോണോക്സ്, വേപ്പെണ്ണ എന്നിവ ചേര്‍ത്ത് തളിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യണം. ആവശ്യത്തിന് വെള്ളവും. പിന്നെ ഈ കൃഷിക്ക് വേറെ കാര്യമായ ശുശ്രൂഷകള്‍ ആവശ്യമില്ല. രാസവളം ഇല്ലാതെ ജൈവരീതിയില്‍ വിജയകരമായി കൃഷി നടത്താവുന്ന മേഖലയാണ് ചേനയുടേത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.