വേണമെങ്കിൽ ആപ്പിൾ അങ്ങ് രാജസ്ഥാനിലും കായ്ക്കും…!

വേണമെങ്കിൽ ആപ്പിൾ അങ്ങ് രാജസ്ഥാനിലും കായ്ക്കും…!

പരമ്പരാഗത ആപ്പിൾ കൃഷിക്ക് പേരുകേട്ട സംസ്ഥാനങ്ങളാണ് ജമ്മു കശ്മീരും ഹിമാചൽ പ്രദേശും. അതുകൊണ്ട് തന്നെ ആപ്പിൾ കൃഷിയിൽ ജമ്മു കശ്മീരും ഹിമാചലും തുടരുന്ന ആധിപത്യത്തിന് തിരിച്ചടി നൽകുകയാണ് രാജസ്ഥാൻ. വരണ്ടതും മണൽ പ്രദേശങ്ങളുമായ രാജസ്ഥാനിൽ ആപ്പിൾ വിളവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് കർഷകർ.

വരണ്ടതും മണൽ നിറഞ്ഞതുമായ ഭൂപ്രകൃതിക്ക് പേരുകേട്ട സിക്കാർ, ജുൻജുനു എന്നീ വടക്കുപടിഞ്ഞാറൻ ജില്ലകൾ ആപ്പിൾ ഉൾപ്പെടെയുള്ള പഴങ്ങളുടെ കാലവറയാണിപ്പോൾ. 2015ൽ ഗുജറാത്തിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനിൽ നിന്നും ലഭിച്ച ആപ്പിൾതൈ, കർഷകനായ സന്തോഷ് ഖേദാറിന്റെ ബെറി ഗ്രാമത്തിലുള്ള കൃഷിയിടത്തെ മാറ്റിമറിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, ഇന്നവരുടെ തോട്ടത്തിൽ നിന്നും സീസണിൽ 6,000 കിലോയിലധികം ആപ്പിൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതവരുടെ കൃഷിയിലെ വളർച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്.

1.25 ഏക്കർ സ്ഥലത്ത് പരമ്പരാഗതമായി നാരങ്ങ, പേരക്ക, മധുരനാരങ്ങ തുടങ്ങിയ കൃഷികൾ മാത്രം ചെയ്തിരുന്ന കുടുംബം, മരുഭൂമിയിലെ ചൂടിൽ ആപ്പിൾ കൃഷി നടത്തുന്നതിനെ കുറിച്ചായി പിന്നീടുള്ള ചിന്തകൾ. എന്നാൽ, ഇത്രയും കഠിന സാഹചര്യങ്ങളിൽ ആപ്പിൾ വളരാൻ സാധ്യതയില്ലെന്ന് പറഞ്ഞു നാട്ടുകാർ സന്തോഷ് ഖേദാറിന്‍റെ ആഗ്രഹത്തെ തള്ളിക്കളയുകയായിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ പോലെ ഈ രണ്ട് ജില്ലയിലും ചുട്ടുപൊള്ളുന്ന വേനൽക്കാലമാണ് അനുഭവപ്പെടുന്നത്. ഏകദേശം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരെ ചൂട് അനുഭവപ്പെടാറുണ്ട്.

പക്ഷെ ചൂടിനെ തരണം ചെയ്തും നാട്ടുകാരുടെ അഭിപ്രായങ്ങളെല്ലാം തള്ളിക്കളഞ്ഞും സന്തോഷ് തന്റെ പദ്ധതിയുമായി മുന്നോട്ട് പോയി. കൃഷിക്കാവശ്യമായ ജലസേചനവും കൃത്യമായിട്ടുള്ള ജൈവവള ഉപയോഗവും ഉറപ്പുവരുത്തിയതോടെ ഒരു വർഷത്തിന് ശേഷം സന്തോഷത്തോടെ വിളവെടുപ്പ് നടത്തിയതായി സന്തോഷ് പറഞ്ഞു.

ഈയൊരു പ്രദേശത്ത് ആപ്പിൾ വളരുന്നത് കണ്ട് ഞങ്ങളും നാട്ടുകാരും ഒരു പോലെ അത്ഭുതപ്പെട്ടു. രണ്ടാം വർഷമായപ്പോഴേക്കും ഏകദേശം 40 കിലോഗ്രാം ആപ്പിൾ വിളവെടുത്തു. കൂടാതെ ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തോട്ടത്തിൽ 100 മരങ്ങൾ കൂടി വികസിപ്പിച്ചു. രാജസ്ഥാൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസിയിൽ നിന്നുള്ള ജൈവകൃഷി സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കിലോക്ക് 150 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് സന്തോഷിന്റെ മകൻ രാഹുൽ പറഞ്ഞു. ഉയർന്ന താപനിലയെ നേരിടാൻ പ്രത്യേകം വികസിപ്പിച്ചെടുത്ത എച്ച്.ആർ.എം.എൻ-99 ഇനത്തിൽപെട്ട ആപ്പിളാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജലസേചനത്തിനായി അധികം വെള്ളത്തിന്റെ ആവശ്യമില്ല.

ആപ്പിൾ മരങ്ങൾ വളർച്ച പ്രാപിച്ചാൽ അവക്ക് കുറഞ്ഞ അളവിൽ ജലസേചനം മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഒരു മരത്തിന് അഞ്ച് വയസ് പ്രായമാകുമ്പോഴേക്കും രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ നനക്കേണ്ട ആവശ്യമുള്ളുവെന്ന് ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ മദൻ ലാൽ ജാട്ട് വിശദീകരിച്ചു. ഫെബ്രുവരിയിൽ പൂവിടാൻ തുടങ്ങുന്ന ആപ്പിൾ ജൂൺ മാസത്തോടെ വിളവെടുപ്പിന് തയാറാകും.

സന്തോഷിന്റെ പദ്ധതിയെ സംശയിച്ച നാട്ടുകാരെല്ലാം ഇപ്പോൾ സന്തോഷിന്റെ മാതൃക പിന്തുടരുകയാണ്. 'എന്നെ കളിയാക്കിയവരെല്ലാം ഇപ്പോൾ എന്റെ തൈകൾ ചോദിക്കുന്നു' അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു - സന്തോഷ് പറഞ്ഞു. ആപ്പിൾ കൃഷിലെ ഈ മാറ്റം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

ഒരു ദശാബ്ദം മുമ്പ് രാജസ്ഥാനിലെ ബാർമറിലെ കർഷകർ ഈത്തപ്പഴവും മാതളനാരങ്ങയും കൃഷി തുടങ്ങിയിരുന്നു. ഇപ്പോൾ ചിറ്റോർഗഡിലും ഭിൽവാരയിലും സ്ട്രോബെറി കൃഷി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആപ്പിൾ കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും സന്തോഷും കുടുംബവും പറയുന്നു.

Tags:    
News Summary - If you want, you can grow apples in Rajasthan too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.