ഡോ. കാമിനി സിങ് 

'മുരിങ്ങ നമ്മൾ കാണുന്നത് മാത്രല്ല, അടിമുടി ലാഭം തരുന്ന കൃഷി'; കാമിനി സിങ് ഉൽപ്പാദിപ്പിക്കുന്നത് 22 മുരിങ്ങ ഉൽപ്പന്നങ്ങൾ, വരുമാനം 1.75 കോടി

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സബ് ട്രോപ്പിക്കൽ ഹോർട്ടികൾച്ചറിലെ സയന്‍റിസ്റ്റ് ജോലി രാജിവെച്ച് കൃഷിയിലേക്കിറങ്ങാനുള്ള ഡോ. കാമിനി സിങ്ങിന്‍റെ തീരുമാനം കേട്ടവർ മൂക്കത്ത് വിരലുവെച്ചു. മുരിങ്ങാ കൃഷിയിലാണ് കാമിനിയുടെ താൽപര്യമെന്ന് കേട്ടതോടെ ആശ്ചര്യം ഇരട്ടിയായി. എന്നാൽ, കാമിനിക്ക് നിശ്ചയദാർഢ്യവും പ്രവർത്തിക്കാനുള്ള ധൈര്യവും കൃഷിയിലുള്ള ആത്മവിശ്വാസവും അറിവുമായിരുന്നു കൈമുതൽ. ഇന്ന് 'ഡോക്ടർ മുരിങ്ങ' എന്ന സ്ഥാപനത്തിലൂടെ കാമിനിയുടെ പ്രതിവർഷ വരുമാനം 1.75 കോടി രൂപയാണ്. വിപണിയിലെത്തിക്കുന്നതോ 22 മുരിങ്ങ ഉൽപ്പന്നങ്ങളും. കൂടാതെ നൂറുകണക്കിന് കർഷകരെ ലാഭകരമായ കൃഷിയിലേക്ക് നയിക്കാനും സാധിക്കുന്നു. 

യു.പിയിലെ ലഖ്നോ സ്വദേശിയാണ് കാമിനി സിങ്. ഹോർട്ടിക്കൾചറിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സബ് ട്രോപ്പിക്കൽ ഹോർട്ടികൾച്ചറിലെ സയന്‍റിസ്റ്റായി ജോലി ലഭിച്ചത്. എന്നാൽ, തന്‍റെ ജോലിയുടെ ഗുണഫലങ്ങൾ കർഷകരിലേക്ക് എത്തുന്നത് വളരെ കുറവാണെന്ന് കാമിനിക്ക് ബോധ്യമായി. ഇതോടെ, ജോലി രാജിവെച്ച് കൃഷിയിലേക്ക് നേരിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.




 

ഏഴ് വർഷത്തെ ജോലിക്ക് ശേഷം 2015ൽ കാമിനി രാജിവെച്ചു. തുടർന്ന് പ്രാദേശിക കർഷകരുമായി ഇടപെട്ട് അവർക്ക് ഗുണപരമാകുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. 2017ലാണ് കാമിനിയുടെ മുരിങ്ങാകൃഷി തുടങ്ങുന്നത്. ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മുരിങ്ങ. ഇലയും തടിയും വേരും ഫലവുമെല്ലാം ഏറെ പോഷകസമ്പന്നം. എന്നാൽ, വ്യാവസായികാടിസ്ഥാനത്തിൽ കൃഷി വളരെ കുറവാണ്.

2017ൽ പ്രാദേശിക കർഷകരിലൂടെയാണ് കാമിനിയുടെ മുരിങ്ങാകൃഷി തുടക്കം. കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിന്‍റെ അതിർത്തികളിൽ നടാൻ മുരിങ്ങാച്ചെടികൾ നൽകിയായിരുന്നു തുടക്കം. മുരിങ്ങയില കിലോക്ക് 55 രൂപക്ക് ഇവർ തിരികെ വാങ്ങുകയും ചെയ്തു. ഇതോടെ കർഷകർക്ക് അധികവരുമാനം ലഭിച്ചുതുടങ്ങി. ഇന്ന് മുരിങ്ങയില കിലോക്ക് 80 മുതൽ 90 രൂപ വരെ വിലയിലാണ് എടുക്കുന്നതെന്ന് കാമിനി പറയുന്നു.




 

2019ൽ ജൈവിക് വികാസ് കൃഷി സൻസ്ത എന്നൊരു കൂട്ടായ്മയുണ്ടാക്കി കാമിനി പ്രവർത്തനം തുടങ്ങി. സ്വന്തമായി മുരിങ്ങകൃഷിയും ആരംഭിച്ചു. മുരിങ്ങ പൗഡർ, സോപ്പ് തുടങ്ങിയ മൂല്യവർധിത വസ്തുക്കളുടെ ഉൽപ്പാദനവും തുടങ്ങി. കൂടുതൽ കർഷകർ മുരിങ്ങാകൃഷിയിലേക്ക് കടന്നുവന്നു. ഇവരുടെ വിളവുകൾ കാമിനിയുടെ കൂട്ടായ്മ വാങ്ങി വിപണിയിലെത്തിച്ചു.

മുരിങ്ങയിലകൾ ഉണക്കാനും സംഭരിക്കാനുമുള്ള ആധുനിക ഉപകരണങ്ങൾ ഇവർ വാങ്ങി. കർഷകരുടെ കൂട്ടായ്മയുണ്ടാക്കി മുന്നോട്ടുപോകാനുള്ള മാർഗനിർദേശങ്ങളും ഇവർ നൽകി. 'എല്ലാ കാലാവസ്ഥയിലും എല്ലാ സീസണിലും വിളവ് ലഭിക്കുമെന്നതിനാൽ മുരിങ്ങാകൃഷി ഏറെ അനുയോജ്യമാണ്. 25 സെന്‍റ് സ്ഥലത്തുപോലും വിജയകരമായി മുരിങ്ങ കൃഷി ചെയ്യാം. 45 മുതൽ 60 ദിവസം വരെ കൂടുമ്പോൾ മുരിങ്ങയിലകൾ വിളവെടുക്കാനുമാകും' -കാമിനി പറയുന്നു.




 

ലീസിനെടുത്ത ഏഴേക്കറിലാണ് കാമിനി മുരിങ്ങ കൃഷി നടത്തിയത്. ഇതിന്‍റെ ഇടവിളയായി തീറ്റപ്പുൽ കൃഷിയും നടത്തി വരുമാനം വർധിപ്പിച്ചു. തുടക്കത്തിൽ മുരിങ്ങ പൗഡറായിരുന്നു കാമിനി വിറ്റത്. റോഡരികിലെ കിയോസ്കുകളിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു വിൽപ്പന. ഇത് വൻ വിജയമായി. ആവശ്യക്കാർ കൂടിവന്നു. 2020ൽ 25 ലക്ഷത്തിന്‍റെ ഗ്രാന്‍റ് ലഭിച്ചത് കൃഷി വിപുലമാക്കാൻ ഉപയോഗിച്ചു. ഓയിൽ എക്സ്ട്രാക്ഷൻ യന്ത്രവും കാപ്സ്യൂൾ മേക്കിങ് യന്ത്രവുമാണ് ഈ തുക ഉപയോഗിച്ച് വാങ്ങിയത്. ഇതോടെ ബിസിനസ് വേറെ ലെവലായി.

'ഡോക്ടർ മുരിങ്ങ' എന്ന ബ്രാൻഡിൽ തങ്ങളുടെ മുരിങ്ങ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. വൻ സ്വീകാര്യതയാണ് വിപണിയിൽ ലഭിച്ചത്. ഇപ്പോൾ മുരിങ്ങ കുക്കീസ്, ചോക്കലറ്റ്സ്, സെറം, ഹെയർ ഓയിൽ, പെയിൻ റിലീവർ, കാപ്സ്യൂൾ, ഓയിൽ തുടങ്ങി 22 ഉൽപ്പന്നങ്ങളാണ് മുരിങ്ങയിൽ നിന്നുണ്ടാക്കുന്നത്. എല്ലാ പ്രമുഖ ഓൺലൈൻ വിൽപ്പന സൈറ്റുകളിലും ഇത് ലഭ്യമാണ്.

ഇന്ന് 1050 കർഷകർ യു.പിയിൽ തങ്ങളുടെ ഭാഗമായിട്ടുണ്ടെന്ന് ഡോ. കാമിനി സിങ് പറയുന്നു. ഇതിൽ ചെറുകിട കർഷകരും വൻ കൃഷിക്കാരും ഉൾപ്പെടും. കർഷകരെ സഹായിക്കാനും സൗജന്യമായി മുരിങ്ങാവിത്തുകളും ചെടികളും നൽകാനും ഇവർ തയാറാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ വരുമാനം 2.5 കോടിയായി ഉയർത്താനും കൂടുതൽ കർഷകരെ മുരിങ്ങാകൃഷിയിലേക്ക് കൊണ്ടുവരാനുമാണ് ലക്ഷ്യമെന്ന് കാമിനി സിങ് പറയുന്നു.

Tags:    
News Summary - Scientist quits job to make organic moringa products; annual turnover at Rs 1.75 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.