പോളിഹൗസ് കൃഷി, വിളവ് അഞ്ചിരട്ടി; റോസും വെള്ളരിയും മുളകും വളർത്തി എം.ബി.എക്കാരൻ സമ്പാദിക്കുന്നത് ഏക്കറിൽ നിന്ന് 11 ലക്ഷം

രു ക്രിക്കറ്റ് കളിക്കാരനാകണമെന്നായിരുന്നു ചെറുപ്പത്തിൽ കർണാടക സ്വദേശിയായ കൊല്ലി മധുവിന്‍റെ ആഗ്രഹം. എന്നാൽ, കാലം മധുവിന് സമ്മാനിച്ചത് കർഷകന്‍റെ വേഷമാണ്. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഏക്കറിൽ നിന്ന് 11 ലക്ഷം സമ്പാദിക്കുന്ന കർഷകനായാണ് മധു വളർന്നിരിക്കുന്നത്.

മധുവിന്‍റെ മുത്തച്ഛൻ കർഷകനായിരുന്നു. പഠിക്കുമ്പോൾ ക്രിക്കറ്റ് കളിയിൽ താൽപര്യം പ്രകടിപ്പിച്ച് നടന്നിരുന്ന മധുവിനെ വീട്ടുകാർ നിരുത്സാഹപ്പെടുത്തി. കൃഷിയിലേക്ക് തിരിയാൻ വീട്ടുകാരാണ് പ്രേരിപ്പിച്ചത്. ബി.എസ്.സി അഗ്രികൾച്ചർ പഠിച്ച ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും സ്വന്തമാക്കി. ഇവിടെനിന്നാണ് കൃഷി വെറും ഉപജീവനമാർഗമാക്കിയാൽ പോരാ, ഒരു ബിസിനസായി തന്നെ ചെയ്യണമെന്ന ചിന്ത വന്നത്. 

 

നിശ്ചിത സ്ഥലത്തുനിന്ന് എങ്ങനെ കൂടുതൽ ഉൽപ്പാദനമുണ്ടാക്കാം എന്നതായിരുന്നു ചിന്ത. ഒരേക്കറിൽ നിന്ന് നിലവിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി അധികം ഉൽപ്പാദിപ്പിക്കാൻ സാധിച്ചാൽ കൃഷി നല്ലൊരു ബിസിനസായി തന്നെ ചെയ്യാൻ സാധിക്കുമെന്ന് മധു മനസ്സിലാക്കി.

അങ്ങനെയാണ് മധു 'എം-ലാൻഡ്' എന്ന കാർഷിക സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. ആന്ധ്രപ്രദേശിൽ മൂന്നിടത്തായി ഒമ്പതേക്കറിൽ എം-ലാൻഡിന് കൃഷിയിടമുണ്ട്. നിലവിൽ ഡച്ച് റോസ് പൂവുകളും, ഇന്ത്യൻ വെള്ളരിയും ചുവന്ന മുളകുമാണ് ഇവർ കൃഷി ചെയ്യുന്നത്. ചുവന്ന മുളകിന്‍റെ തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.

പോളിഹൗസുകൾ ഉപയോഗിച്ചുള്ള 'ഇൻ-സിറ്റു' കൃഷിരീതിയാണ് എം-ലാൻഡ് നടപ്പാക്കുന്നത്. കൂറ്റൻ പോളിഹൗസുകൾക്കുള്ളിലാണ് കൃഷി നടത്തുക. അതുകൊണ്ടുതന്നെ താപനില, ഈർപ്പം തുടങ്ങിയ മറ്റനേകം ഘടനകങ്ങൾ കൃഷിയുടെ ആവശ്യമനുസരിച്ച് നിയന്ത്രിച്ചുകൊണ്ടുപോകാൻ സാധിക്കും. ഈയൊരു രീതിക്ക് മറ്റ് നിരവധി ഗുണങ്ങളുണ്ടെന്ന് മധു പറയുന്നു. തുറന്ന കൃഷിയേക്കാൾ അഞ്ചിരട്ടി വിളവാണ് പോളിഹൗസ് കൃഷിയിലൂടെ ഇവർക്ക് ലഭിക്കുന്നത്. പോളിഹൗസിലെ കൃഷിക്ക് കീടനാശിനി ഉപയോഗം വളരെ കുറവാണ്. സീസണുകൾ നോക്കാതെ ഏതുസമയവും കൃഷി സാധ്യമാണെന്നതും ഇതിന്‍റെ പ്രത്യേകതയായി മധു ചൂണ്ടിക്കാട്ടുന്നു. പോളിഹൗസിന് പുറമേ ഷേഡ് നെറ്റുകളും ഇവർ ഉപയോഗിക്കുന്നുണ്ട്. 

 

'ഇൻ-സിറ്റു' രീതിയിൽ കൃഷി ചെയ്യുമ്പോൾ വരുമാനം ഇരട്ടിയിലേറെ വർധിച്ചുവെന്ന് മധു പറയുന്നു. 2023-24 വർഷത്തിൽ 56 ലക്ഷം രൂപയാണ് വരുമാനമുണ്ടായത്. ഒരേക്കറിൽ നിന്ന് ഏകദേശം 11 ലക്ഷം വരുമാനം. 2024-25 വർഷത്തിൽ വരുമാനം 90 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോളിത്തീൻ ഷീറ്റുകൾ കൊണ്ട് നിർമിക്കുന്ന പോളിഹൗസുകൾക്കുള്ളിലാണ് ഇൻ-സിറ്റു രീതിയിൽ കൃഷി ചെയ്യുന്നത്. പച്ചക്കറി, പുഷ്പങ്ങൾ, തൈകൾ മുതലായവ ഉൽപ്പാദിപ്പിക്കാൻ ഏറെ അനുയോജ്യമാണ് ഈ രീതി. കാറ്റോ മഴയോ പൊടിയോ പുറത്തെ ഈർപ്പമോ കൃഷിയെ ബാധിക്കില്ലെന്നതാണ് പ്രധാന ഗുണം. അതുകൊണ്ടുതന്നെ ഉൽപ്പാദനത്തിൽ വലിയ വർധനവുണ്ടാക്കാൻ സാധിക്കും.

ഷേഡ് നെറ്റുകൾ ഉപയോഗിക്കുന്നത് കടുത്ത സൂര്യപ്രകാശത്തിൽ നിന്ന് വിളകളെ സംരക്ഷിക്കാനാണ്. പ്രകാശത്തിന് അഭിമുഖമായി നെറ്റുകൾ നിരത്തി മറ സൃഷ്ടിച്ചാണ് കൃഷി ചെയ്യുക. പോളിഹൗസുകളേക്കാൾ വളരെ കുറഞ്ഞ ചിലവേ ഷേഡ് നെറ്റുകൾ ഉപയോഗിക്കാൻ ആവശ്യമുള്ളൂ.

'തുറന്ന സ്ഥലത്ത് നടത്തുന്ന കൃഷിയിൽ വെള്ളരി വിളവെടുക്കാൻ 45 ദിവസമെങ്കിലും കഴിയണം. എന്നാൽ, ഷേഡ് നെറ്റിനുള്ളിൽ 30 ദിവസം കൊണ്ട് വിളവെടുക്കാൻ റെഡിയാകും. തുറന്ന കൃഷിയിൽ 2500 വെള്ളരിവള്ളികൾ കൃഷിചെയ്യുന്ന സ്ഥലത്ത്, ഇൻ-സിറ്റു രീതിയിൽ 10,000 വെള്ളരിച്ചെടികൾ വരെ കൃഷി ചെയ്യാം. 5000 റോസാച്ചെടികൾ കൃഷിചെയ്യുന്ന സ്ഥാനത്താണ് പോളിഹൗസിൽ 30,000 ചെടികൾ കൃഷിചെയ്യുന്നത്' -മധു പറയുന്നു. 

 

കോവിഡ് കാലത്തിന് തൊട്ടുമുമ്പ് 2020ലാണ് എം-ലാൻഡ് സ്ഥാപിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പോളിഹൗസുകൾ നിർമാണം പാതിവഴിയിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ചെടികൾക്ക് ഓർഡർ നൽകിയിരുന്നു. പ്രവർത്തനം നിലച്ചതിനാൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം തുടക്കത്തിലേയുണ്ടായി. പിന്നീട് മധുവും കാർഷിക കോളജിലെ സുഹൃത്തുക്കളും ചേർന്ന് 20 ലക്ഷം രൂപ സമാഹരിച്ചു. ലക്ഷ്മി നാരായണ, അശോക്, നരേന്ദ്ര റെഡ്ഡി, ദിലീപ് കുമാർ എന്നിവരാണ് സുഹൃത്തുക്കൾ. മധുവിന്‍റെയും നാല് സുഹൃത്തുക്കളുടെയും ആദ്യാക്ഷരത്തിൽ നിന്നാണ് 'എം-ലാൻഡ്' എന്ന പേര് രൂപപ്പെട്ടത്. നിലവിൽ സംരംഭത്തിന്‍റെ നടത്തിപ്പിൽ ഇവരെല്ലാം സജീവമാണ്.

ഡച്ച് റോസാപ്പൂക്കളുടെ കൃഷിയാണ് പോളിഹൗസിൽ ആദ്യം തുടങ്ങിയത്. നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡ് 18 ലക്ഷം രൂപ വായ്പ നൽകി. 22 ലക്ഷം രൂപ ബാങ്ക് ലോൺ നേടി. അങ്ങനെയാണ് എം-ലാൻഡ് ഇന്നത്തെ നിലയിലേക്ക് ഉയർന്നത്.

എം-ലാൻഡ് കർഷകർക്ക് രോഗവിമുക്തവും ഗുണമേന്മയുള്ളതുമായ തൈകൾ സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്. 35 ശതമാനം സബ്‌സിഡി നിരക്കിൽ കർഷകർക്ക് തൈകൾ വിൽക്കാൻ ഏതാനും കമ്പനികളുമായി കമ്പനിക്ക് കരാറുണ്ട്. കമ്പനികൾക്ക് കർഷകരുമായി ബൈബാക്ക് ഗ്യാരണ്ടി ക്രമീകരണമുണ്ട്. പൂക്കൾക്കും പച്ചക്കറികൾക്കും വിജയവാഡ, ഗുണ്ടൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ വലിയ വിപണികളുണ്ട്. വിജയവാഡയിലെ മൊത്തക്കച്ചവടത്തിൽ പൂക്കളും വെള്ളരിയും വിൽക്കും. വിശാഖപട്ടണത്തെ പൂവിപണിയിലും പൂക്കൾ വിൽക്കുന്നുണ്ട്. പോളിഹൗസ് രീതിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കർഷകർക്ക് എല്ലാ സഹായവും നൽകാൻ എം-ലാൻഡ് തയാറാണെന്ന് മധു പറയുന്നു. 

Tags:    
News Summary - MBA farmer earns Rs 11 lakh per acre by polyhouse farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.