മുസ്​ലിം വിരോധം: സി.കെ. പത്മനാഭന്‍റേത് ബി.ജെ.പിക്കുള്ള ഉപദേശമെന്ന് എം.വി. ഗോവിന്ദൻ

ഇടുക്കി: മുസ്​ലിം വിരോധം സംബന്ധിച്ച ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.കെ. പത്മനാഭന്‍റെ പ്രസ്താവന ബി.ജെ.പിക്കുള്ള ഉപദേശമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

കാലങ്ങളായി സി.പി.എം പറയുന്ന കാര്യമാണ് മുതിർന്ന നേതാവായ സി.കെ. പത്മനാഭന്‍ പരസ്യമായി പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

സി.കെ. പത്മനാഭൻ ഇന്നലെ പറഞ്ഞത്

''ഓണവും പെരുന്നാളും ക്രിസ്മസും വരുമ്പോൾ പരസ്പരം ഭക്ഷണം കൈമാറുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളത്തിലേതെന്നും ഈ സുന്ദര വ്യവസ്ഥക്ക് പോറലേൽപിക്കുന്ന ഏത് സിദ്ധാന്തം ആര് കൊണ്ടുവന്നാലും പരാജയപ്പെടുകയേ ഉള്ളൂ. ഉത്തരേന്ത്യയല്ല ഇതെന്നും മുസ്‍ലിം വിരുദ്ധത കൊണ്ട് നാട്ടിലെ സൗഹാർദത്തിന് തകരാർ ഉണ്ടാക്കുന്നുവെന്നല്ലാതെ പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഞാൻ. മുസ്‍ലിംകൾക്കുവേണ്ടി ജില്ല എന്ന ഭയമായിരുന്നു അന്ന്. അതിന് സഹായകമാവുന്ന ചില സംഭവവും അന്നുണ്ടായി. നോമ്പ് കാലത്ത് തിയറ്ററുകൾ കത്തിച്ച പോലുള്ള സംഭവം. ആ കാലം കഴിഞ്ഞു. പക്ഷേ, ജീവിത യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്.

സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കാൻ കഴിയുന്ന ആളുകളുള്ളത് മലപ്പുറത്താണ്. അതെന്റെ അനുഭവമാണ്. അത് കെട്ടിച്ചമച്ച് പറയുന്നതല്ല. നൂറുകണക്കിന് മുസ്‍ലിം ചെറുപ്പക്കാർ എനിക്കവിടെ സുഹൃത്തുക്കളായുണ്ട്. നമുക്കവരെ വിശ്വസിക്കാം. ആശ്രയിക്കാം. ഇത്തരത്തിലുള്ള ആളുകളെ നമ്മൾ എന്തിനാണ് സംശയത്തോടെ കാണുന്നത്.

ഒരു സമുദായത്തെയും ഒഴിച്ചുനിർത്തി നമുക്ക് മുന്നോട്ടുപോവാൻ കഴിയില്ല. ഒരുതരം മുസ്‍ലിം വിരുദ്ധത ഇപ്പോൾ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ കഴിയും എന്നതിൽ കവിഞ്ഞ് നാടിന്റെ പുരോഗതിക്കും സൗഹാർദത്തിനും അതുകൊണ്ട് പ്രയോജനമില്ല. വേണ്ടാത്തതിനും വേണ്ടുന്നതിനുമെല്ലാം ഒരു മുസ്‍ലിം വിരുദ്ധത കാണുന്നു. മുസ്‍ലിം സമുദായം ദേശീയതയുടെ അവിഭാജ്യഘടകമാണ്. സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ് എന്റേത്. രാഷ്ട്രത്തിന്റെ സൗന്ദര്യം ബഹുസ്വരതയാണ്.''

Tags:    
News Summary - Anti-Muslim: MV Govindan says that C.K. Padmanabhan is an advice to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.