മാന്നാർ: എൻജിൻ നേർമ (പമ്പിങ് കൂലി) നൽകിയില്ലെന്ന് ആരോപിച്ച് കർഷകന്റെ 100 ക്വിന്റൽ നെല്ലെടുക്കുന്നില്ലെന്ന് പരാതി. പാടശേഖര സമിതി സെക്രട്ടറിയും സി.പി.എം നേതാവുമായ ടൈറ്റസ് കുര്യൻ, നെല്ലെടുക്കരുതെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾക്ക് കത്ത് നൽകിയെന്നാണ് ആരോപണം.
മാന്നാർ ഇടപുഞ്ച പടിഞ്ഞാറ് പാടശേഖരത്തിൽ രണ്ടേക്കർ പാട്ടകൃഷി ചെയ്ത മാന്നാർ മുൻ പഞ്ചായത്ത് അംഗം അജീഷ് കോടാകേരിയുടെ നെല്ലാണ് കൊയ്ത്തുകഴിഞ്ഞ് ഒരാഴ്ചയായിട്ടും എടുക്കാത്തത്. വർഷങ്ങളായി തരിശുകിടന്ന നിലം, ഉടമയിൽനിന്ന് പാട്ടത്തിനെടുത്ത് സ്വന്തമായി നിലമൊരുക്കിയാണ് കൃഷിയിറക്കിയത്.
അതേസമയം, ഇടപുഞ്ച പടിഞ്ഞാറ് പാടശേഖര സമിതിയുടെ സഹായവുമുണ്ടാകാത്തതിനാലാണ് എൻജിൻ നേർമ ഏക്കറിന് 3000 വീതം നൽകാതിരുന്നതെന്ന് അജീഷ് പറയുന്നു. ഇതോടൊപ്പം പാടശേഖര സമിതി വഴിയുള്ള ഇൻഷുറൻസും എടുത്തില്ലെന്നും പറഞ്ഞാണ് സമിതി സെക്രട്ടറി കത്ത് നൽകിയത്.
വേനൽമഴ തുടങ്ങിയതോടെ നെല്ല് വീടിനോടു ചേർന്നു നനയാതെ ചാക്കിലായി സൂക്ഷിച്ചിരിക്കുകയാണ്. പാടശേഖര സമിതി സെക്രട്ടറിയുടെ നിലപാട് കൃഷി വകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല.രണ്ടു ദിവസത്തിനകം നെല്ലെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.