ന്യൂഡൽഹി: ഫലസ്തീനിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്കും അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജി.എൻ. സായിബാബക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ചലച്ചിത്രോത്സവം ആർ.എസ്.എസ് സംഘം തടഞ്ഞു. നവംബർ 15 മുതൽ 17 വരെ ഉദയ്പൂർ രവീന്ദ്രനാഥ ടാഗോർ മെഡിക്കൽ കോളജിൽ നടന്ന ഒമ്പതാമത് ഉദയ്പൂർ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമാണ് ആർ.എസ്.എസുകാർ പരിപാടി തടസ്സപ്പെടുത്തിയത്. സിനിമാ ഓഫ് റെസിസ്റ്റൻസും ഉദയ്പൂർ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റിവലിനിടെ ശനിയാഴ്ചയാണ് സഭവം.
കോളജ് അധികൃതരിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സിനിമാ ഓഫ് റെസിസ്റ്റൻസ് ദേശീയ കൺവീനർ സഞ്ജയ് ജോഷി ‘ദി വയറി’നോട് പറഞ്ഞു. ആദ്യ ദിനം നല്ല രീതിയിൽ നടന്ന പരിപാടി, രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം 2.30നും മൂന്നുമണിക്കും ഇടയിലാണ് ആർഎസ്എസുകാർ പരിപാടി അലങ്കോലപ്പെടുത്തിയത്. തുടർന്ന് കോളജ് പ്രിൻസിപ്പൽ സംഘാടകരെയും ആർഎസ്എസുകാരെയും ചർച്ചക്ക് വിളിച്ചു. സായിബാബക്കും ഫലസ്തീൻ കുരുന്നുകൾക്കും ആദരാഞ്ജലി അർപ്പിക്കുന്ന ബാനറുകളും പോസ്റ്ററുകളും നീക്കംചെയ്യാൻ ആർഎസ്എസ് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു. ചർച്ചക്കിടെ സായിബാബയെ ആർ.എസ്.എസുകാർ തീവ്രവാദിയെന്ന് മുദ്രകുത്തിയതായും സിനിമാ ഓഫ് റെസിസ്റ്റൻസ് അറിയിച്ചു.
ഫലസ്തീന് പുറമേ ലോകത്ത് മറ്റുസ്ഥലങ്ങളിലും ആളുകൾ കൊല്ലപ്പെടുന്നില്ലേ എന്ന് ആർ.എസ്.എസുകാർ ചോദിച്ചപ്പോൾ എല്ലാ വംശഹത്യകൾക്കും ഇരയായവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ തങ്ങൾ തയാറാണെന്ന് സംഘാടകർ പ്രതികരിച്ചു. എന്നാൽ, ഫലസ്തീൻ കുട്ടികൾക്കായി ചലച്ചിത്രോത്സവം സമർപ്പിച്ചതിന് മാപ്പ് പറയണമെന്ന് ആർ.എസ്.എസുകാർ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ വിസമ്മതിച്ചതായും സിനിമാ ഓഫ് റെസിസ്റ്റൻസ് പ്രവർത്തകർ അറിയിച്ചു. വംശഹത്യ മനുഷ്യദുരന്തമായാണ് തങ്ങൾ കണക്കാക്കുന്നതെന്നും അത്തരം പ്രവൃത്തികൾക്ക് ഇരയായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ തയ്യാറാണെന്നും ഉദയ്പൂർ ഫിലിം സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.
തുടക്കത്തിൽ അഞ്ചോളം ആർ.എസ്.എസുകാരാണ് വേദിയിലെത്തിയത്. പിന്നാലെ കൂടുതൽ പേർ രംഗത്തെത്തി. ഇവർ മോശമായി പെരുമാറുകയും പരിപാടി നിർത്തിവെക്കാൻ സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കോളജ് അധികൃതർ ഇടപെട്ട് പ്രദർശനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫേസ്ബുക്ക് തടഞ്ഞുവെന്നും സംഘാടകർ അറിയിച്ചു.
അതേസമയം, പ്രശ്നം സൃഷ്ടിച്ചവർക്കെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് സഞ്ജയ് ജോഷി പറഞ്ഞു. ഉദയ്പൂർ ജില്ലാ കലക്‌ടർ അരവിന്ദ് പോസ്‌വാളിനെ നേരിൽകണ്ട് വിഷയം ധരിപ്പിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും ഇവർ പറഞ്ഞു. തുടർന്ന് സന്ദേശ്വർ മഹാദേവ് ക്ഷേത്രത്തിന് സമീപത്തേക്ക് വേദിമാറ്റിയാണ് ചലച്ചിത്രോത്സവം തുടർന്നത്.
ഇതാദ്യമായല്ല ഉദയ്പൂർ ഫിലിം ഫെസ്റ്റിവൽ ആർ.എസ്.എസുകാർ തടസ്സപ്പെടുത്തുന്നത്. 2016ലെ ഫെസ്റ്റിവൽ രോഹിത് വെമുലയ്ക്കും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിക്കും ആദരാഞ്ജലി അർപ്പിച്ചതിനെ ആർഎസ്എസ് വിദ്യാർഥി വിഭാഗമായ എ.ബി.വി.പി രംഗത്തെത്തിയിരുന്നു. ആർഎസ്എസിന്റെ ഗുണ്ടായിസത്തെ അപലപിച്ച്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷനും (സി.പി.ഐ.എം.എൽ) രംഗത്തെത്തി. ഫാഷിസ്റ്റ് ഭരണകൂടം ചൂഷണത്തിനും അനീതിക്കുമെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ജനാധിപത്യ ഇടങ്ങൾക്കും പുരോഗമന കലകൾക്കുമെതിരായ നഗ്നമായ ഈ ആക്രമണമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.