കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) ഹാജരാകില്ല. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തുടർച്ചയായ അവധി ദിനങ്ങൾ കാരണം 10 വർഷത്തെ ആദായ നികുതി റിട്ടേൺ രേഖകൾ എടുക്കാനായിട്ടില്ലെന്നും ഇത് ലഭിച്ചശേഷം മറ്റൊരു ദിവസം ഹാജരാകാമെന്നും ഇ-മെയിൽ വഴി അദ്ദേഹം ഇ.ഡിയെ അറിയിച്ചതായാണ് വിവരം. ഇതുപ്രകാരം ഇ.ഡി വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ 22നാണ് അദ്ദേഹത്തിന്റെ വീട്ടിൽ 22 മണിക്കൂറോളം നീണ്ട റെയ്ഡ് നടന്നത്.
അതേസമയം, കേസിൽ മുന്‍ ബാങ്ക് മാനേജര്‍ ബിജു കരീം, ഇടനിലക്കാരനെന്ന് ഇ.ഡി സംശയിക്കുന്ന പി.പി. കിരൺ, മൊയ്തീന്റെ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന അനിൽ സേട്ട് എന്നിവർ ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഇവരുടെ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. നോട്ടീസ് നൽകി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും മൊയ്തീനെ ചോദ്യം ചെയ്യുക. 150 കോടിയുടെ ക്രമക്കേട് ബാങ്കിൽ നടന്നുവെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മൊയ്തീനാണെന്ന നിലപാടിലാണ് ഇ.ഡി. ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി വായ്പകൾക്ക് പിന്നിലും അദ്ദേഹമാണെന്നാണ് സംശയിക്കുന്നത്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ഇത്തരത്തിൽ വായ്പ അനുവദിച്ചതെന്നും പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
തൃശൂർ: രാഷ്ട്രീയ വേട്ടയാടലെന്ന പതിവ് പ്രതിരോധം കാര്യമായി ഫലിക്കാതെവന്നതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ കൂടുതൽ കരുതലെടുത്ത് സി.പി.എം. മുതിർന്ന നേതാവായ മുൻമന്ത്രി എ.സി. മൊയ്തീൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജറാകുന്നത് വൈകിപ്പിക്കുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമല്ലെന്നാണ് സൂചന. കേസിൽ കടുത്ത നടപടി ഉണ്ടാകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. വ്യാഴാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജറാകാനാണ് മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് ഹാജറാകാനാവില്ലെന്നും മറ്റൊരു ദിവസം ഹാജറാകാമെന്നുമാണ് മൊയ്തീൻ അന്വേഷണ ഏജൻസിയെ അറിയിച്ചിട്ടുള്ളത്.
സമീപകാലത്ത് ഇ.ഡി കാര്യമായ തയാറെടുപ്പുകൾ നടത്തിയ കേസാണിതെന്നാണ് പുറത്തുവരുന്ന വിവരം. മുമ്പ് കേന്ദ്ര ഏജൻസികളുടെ നടപടികൾക്കെതിരെ ഗൂഢാലോചന ആരോപിച്ച് ജുഡീഷ്യൽ അന്വേഷണത്തിനുവരെ സംസ്ഥാന സർക്കാർ മുതിർന്ന സാഹചര്യത്തിലാണ് ഇ.ഡി സൂക്ഷ്മത പുലർത്തി മുന്നോട്ടുപോകുന്നത്. പരമാവധി സാക്ഷിമൊഴികൾ, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവയെല്ലാം ശേഖരിക്കുന്നതിൽ ബഹുദൂരം മുന്നേറിയതായാണ് സൂചന. മുമ്പ് ഇ.ഡി ഇടപെട്ട സ്വർണക്കടത്ത് അടക്കം കേസുകളിൽ രാഷ്ട്രീയവേട്ടയാടൽ മറയാക്കാൻ അനായാസം കഴിഞ്ഞിരുന്നു.
എന്നാൽ, കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ചുമാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. തട്ടിപ്പ് നടത്തിയത് പാർട്ടിബന്ധമുള്ളവരാണെന്ന ആക്ഷേപവും പ്രതിരോധിക്കാനാവുന്നില്ല. സഹകരണ ബാങ്കിൽനിന്ന് വായ്പ എടുക്കാനുള്ള കടുത്ത നടപടിക്രമങ്ങളും മറ്റും അറിയാവുന്ന സഹകാരികൾക്ക് മുന്നിൽ പതിവ് വിശദീകരണങ്ങൾ മതിയാവാതെ വരുകയാണ്. ബാങ്കിന്റെ പരിധിയിൽ ഉൾപ്പെടാത്തവരും മറ്റും കോടികളുടെ വായ്പ നേടിയെന്നത് വെറുതെ വിശദീകരിച്ച് തടിയൂരാവുന്ന കാര്യവുമല്ല.
പ്രാദേശികനേതാക്കളുടെ സ്വാധീനത്തിൽ ഇത്ര വലിയ തുക വായ്പ നൽകില്ലെന്ന് സംശയിക്കുന്നതിനെ കുറ്റപ്പെടുത്താനുമാവുന്നില്ല. ആരോപണങ്ങളിൽ ചിലതെങ്കിലും പാർട്ടി അന്വേഷണങ്ങളും ശരിവെച്ചതാണ്. ഇതോടൊപ്പം തട്ടിപ്പിൽ പ്രധാന ആരോപണങ്ങൾ നേരിടുന്നവർ പ്രതികൂല മൊഴികൾ നൽകിയതായി പുറത്തുവരുന്ന വാർത്തകളും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.