പള്ളുരുത്തി: കുടുംബശ്രീ വായ്പ തട്ടിപ്പ് കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പിടിയിലായ രണ്ടു സ്ത്രീകൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. തട്ടിപ്പുകേസിലെ പ്രധാന ഏജന്റ് ഒളിവിലാണെന്നാണ് സൂചന. പടിഞ്ഞാറൻ കൊച്ചിയിൽ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയും തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുണ്ടെന്ന് പിടിയിലായവർ പൊലീസിന് വിവരം നൽകിയതായി സൂചനയുണ്ട്.
നിർജീവമായ ഏഴ് അയൽക്കൂട്ട ഗ്രൂപ്പുകളിൽനിന്ന് ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഒാരോ ഗ്രൂപ്പിനും 10 മുതൽ 20 ലക്ഷം രൂപ വരെയാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. പിടിയിലായവർ സാധാരണ വീട്ടമ്മമാരാണെന്നും ഇവർക്ക് മാത്രമായി ഇത്രയും വലിയ തട്ടിപ്പ് നടത്താൻ സാധിക്കില്ല എന്നുമാണ് പൊലീസ് കരുതുന്നത്. ബാങ്ക് അധികൃതരുടെ ഒത്താശയുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കൗൺസിലർ, സി.ഡി.എസ് ചെയർപേഴ്സൻ, എ.ഡി.എസ് അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ചാണ് വായ്പതട്ടിപ്പ് നടന്നിരിക്കുന്നത്.
ചൊവ്വാഴ്ച സന്ധ്യയോടെ മട്ടാഞ്ചേരിയിലെ ഒരു വീട്ടിൽ പൊലീസ് പരിശോധന നടത്തി. തട്ടിപ്പ് കുടുംബശ്രീയുടെ വിശ്വസ്തയെ ബാധിക്കുന്നതിനാൽ പൊലീസ് കൂടുതൽ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മൂന്നിലേറെ സ്ത്രീകൾ പൊലീസ് നിരീക്ഷണത്തിലുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.